ganja

തിരുവനന്തപുരം: നാലുകോടിയുടെ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം എത്തിനിൽക്കുന്നത് രാജ്യാന്തര ലഹരിമരുന്ന് മാഫിയത്തലവനായ അർജുൻ റാവുവിൽ. വിശാഖ പട്ടണം കേഡിപ്പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കുപ്രസിദ്ധനായ ലഹരി കടത്തുകാരനാണ് ഗഞ്ചാരാജ എന്നറിയപ്പെടുന്ന അർജുൻറാവു. കേരളത്തിനകത്തും പുറത്തും ഒട്ടനവധി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാളെ പിടികൂടാൻ നാളിതുവരെ പൊലീസിനോ എക്സൈസിനോ കഴിഞ്ഞിട്ടില്ല.

വിശാഖപട്ടണത്ത് നിന്ന് 150 കിലോമീറ്ററോളം അകലെ നക്സൽ മേഖലയായ കേഡിപ്പേട്ടയാണ് അർജുൻ റാവുവിന്റെ തട്ടകം. ഹെക്ടറുകണക്കിന് കഞ്ചാവ് തോട്ടങ്ങളും കുന്നും മലകളും നിറഞ്ഞ ഇവിടേക്ക് ഈച്ച പോലും കടക്കില്ല. കഞ്ചാവ് തോട്ടത്തിനുള്ളിലെ മലയിൽ കൊട്ടാര സമാനമായ സൗകര്യങ്ങളോടെയാണ് അർജുൻ റാവുവിന്റെ വാസം. മലവിട്ട് ഒന്നിനും പുറത്തേക്ക് പോകേണ്ട ആവശ്യമില്ല. വർഷം തോറും കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് കൃഷി ചെയ്യുന്ന റാവുവിന് ഇത് വിറ്റഴിക്കാൻ വൻ ശൃംഖലയാണുള്ളത്. ഇതിലെ ഒരു കണ്ണിമാത്രമാണ് തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് സംഘം ആന്ധ്രയിലെ ദാക്ഷായണിൽ നിന്ന് 350 കിലോ കഞ്ചാവുമായി പിടികൂടിയ ശ്രീനുവെന്ന ശ്രീനിവാസൻ.

ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഗഞ്ചാരാജയെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. കഞ്ചാവ് വാങ്ങാനെത്തിയവരെന്ന വ്യാജേന നക്സൽ താവളത്തിലെത്തി തോക്കിൻ മുനയിൽ, ജീവൻ പണയം വച്ച് ശ്രീനുവിനെ പിടികൂടി കഞ്ചാവ് സഹിതം നാട്ടിലെത്തിച്ചതുപോലെയുള്ള ഒരു സാഹസികത അർജുൻ റാവുവിനെ പിടികൂടാൻ പ്രായോഗികമല്ലെന്ന് പൊലീസ് കരുതുന്നു. ശ്രീനു പിടിക്കപ്പെട്ടതോടെ അർജുൻ റാവുവിന്റെ സംഘം തികഞ്ഞ ജാഗ്രതയിലാണ്. ഇടുക്കിപോലുള്ള മലയോര ജില്ലകളിൽ നിന്ന് ആന്ധ്രയിലേക്ക് വ‌ർഷങ്ങൾക്ക് മുമ്പേ മാറി താമസിക്കുന്ന മലയാളികളാണ് കഞ്ചാവ് കച്ചവടത്തിന്റെ ഇടനിലക്കാർ. അർജുൻ റാവുവിന്റെ സംഘത്തിൽപ്പെട്ടവരാണ് ഇവർ.

ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്തും അല്ലാതെയും കഞ്ചാവ് കൃഷി ചെയ്യുന്ന സംഘം നവംബർ മുതൽ മാർച്ച് വരെയാണ് ഇതിന്റെ വിളവെടുപ്പ് നടത്തുന്നത്. വിളവെടുത്ത ടൺകണക്കിന് കഞ്ചാവാണ് റാവുവിന്റെ സങ്കേതത്തിൽ തുറസായ സ്ഥലത്ത് ടാർപോളിൻ മൂടിയിട്ടിരിക്കുന്നതെന്ന് ശ്രീനിവാസ് പൊലീസിനോട് പറഞ്ഞു. കിലോയ്ക്ക് 1000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് കടത്തികൊണ്ടുവന്ന് പത്തിരട്ടി വിലയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്. നക്സൽ മേഖലയായതിനാൽ സദാ തോക്കുമായാണ് കേഡിപ്പേട്ട പൊലീസിന്റെ സഞ്ചാരമെങ്കിലും അർജുന്റെ താവളത്തിലേക്ക് അവർ തിരി‌ഞ്ഞുനോക്കാറില്ല. പണമുൾപ്പെടെ ആവശ്യപ്പെടുന്നതെന്തും നൽകാൻ തയ്യാറായ അർജുൻ എതിർക്കാനെത്തുന്നവരോട് കനിവ് കാട്ടാറില്ലത്രേ. തോക്കുൾപ്പെടെയുള്ള ആയുധങ്ങളാകും അവരോട് സംസാരിക്കുക. ഇതാണ് അർജുൻ റാവുവിന്റെ ലാവണത്തിലേക്ക് കടക്കാൻ പൊലീസോ എക്സൈസോ ഭയക്കുന്നത്.

കഴിഞ്ഞ വർഷം 135 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷിച്ചിരുന്ന പ്രതിയാണ് അർജുൻ റാവു. ആന്ധ്രയിൽ നിന്ന് മൂന്ന് കാറുകളിലായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടിയെങ്കിലും കഞ്ചാവിന്റെ ഉറവിടത്തിലേക്ക് അന്വേഷണം നീണ്ടില്ല.

മാത്രമല്ല കഞ്ചാവ് പിടികൂടിയ ഉദ്യോഗസ്ഥർ തന്നെ തുടരന്വേഷണം നടത്താൻ പാടില്ലെന്ന ചട്ടം മറികടന്ന് കേസിൽ മെഡിക്കൽ കോളേജ് സി.ഐ തന്നെ കുറ്റപത്രം സമർപ്പിച്ചതോടെ വിചാരണവേളയിൽ കോടതി പ്രതികളെ വെറുതെവിട്ടു. അർജുൻ റാവുവിനെതിരെ തുടരന്വേഷണം നടന്നതുമില്ല.