red-40

ദേഷ്യവും സങ്കടവും ഒന്നിച്ചുണ്ടായി സി.ഐ അലിയാർക്ക്.

പ്രമാദമായ ഒരു കേസിന്റെ ക്ളൈമാക്സിൽ എത്തിനിൽക്കുന്ന തന്നെയാണ് ആദിൽസാർ ഇവിടെ വിളിച്ചുവരുത്തി വെയിറ്റ് ചെയ്യിക്കുന്നത്.

അകത്തുകയറി അലിയാർ വിസിറ്റേഴ്സിന് ഇരിക്കാനുള്ള ചെയറുകളിൽ ഒന്നിൽ ഇരുന്നു.

''സാർ... ക്യാബിനിൽ ഇരിക്കാം."

ഒരു കോൺസ്റ്റബിൾ വന്നു ക്ഷണിച്ചു.

''വേണ്ടടോ. സാറ് വരട്ടെ."

അലിയാർ, ഗംഗാധരനെയും വിളിച്ച് തന്റെ അരുകിലിരുത്തി.

ആ സമയം ഡിവൈ.എസ്.പി ആദിൽനാഥ് നിലമ്പൂർ സ്റ്റേഷനിൽ എത്തിയിരുന്നു.

അയാളെ കണ്ട് എസ്.ഐ അടക്കം എല്ലാവരും അലർട്ടായി.

ആദിൽനാഥ് നേരെ വാസുക്കുട്ടിയെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് അടുത്തേക്കു ചെന്നു.

പിന്നെ തിരിഞ്ഞ് എസ്.ഐയോടു പറഞ്ഞു:

''തുറക്ക്."

''സാർ.." എസ്.ഐ ധനപാലൻ പരുങ്ങി.

''എന്താടോ?" ആദിൽനാഥിന്റെ പുരികം ചുളിഞ്ഞു.

''അത് സാർ.... ആരു വന്നാലും സെല്ല് തുറക്കുകയോ അയാളോട് സംസാരിക്കുവാൻ സമ്മതിക്കുകയോ ചെയ്യരുതെന്നാണ് അലിയാർ സാറിന്റെ ഓർഡർ..."

ഡിവൈ.എസ്.പിയുടെ കണ്ണുകൾ കത്തി.

''അത് തീരുമാനിക്കാൻ അവനാരാ? ഈ സ്റ്റേഷൻ അവന്റെ അണ്ടറിലായിരിക്കും. പക്ഷേ അവൻ എന്റെ അണ്ടറിലാ. നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി...."

അപ്പോഴും ധനപാലന് അനുസരിക്കാനായില്ല.

പെട്ടെന്ന് ആദിൽനാഥിന്റെ കണ്ണുകൾ സി.സി.ടിവിയിൽ പതിഞ്ഞു.

അത് അപകടമാണെന്ന് അയാൾക്കു ബോദ്ധ്യമായി.

അതോടെ ഡിവൈ.എസ്.പി അടവുമാറ്റി.

''എടോ...." അല്പം ഉറക്കെയാണ് അയാൾ പറഞ്ഞത്.

''ആ അലിയാർ, പ്രതിയെന്നു പറഞ്ഞു പിടിച്ചുകൊണ്ടുവന്ന ഒരാളെ ഇടിച്ചു ചതച്ച് ലോക്കപ്പിലിട്ടിരിക്കുന്നു എന്ന് എനിക്കൊരു അനോണിമസ് കാൾ കിട്ടി. അതേക്കുറിച്ച് തിരക്കാൻ വന്നതാ ഞാൻ. ധനപാലാ... താൻ സെല്ലു തുറക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ ഓക്കെ. ഇവിടെ എന്തു നടന്നാലും നിങ്ങൾക്കൊക്കെത്തന്നെയാണ് ഉത്തരവാദിത്വം."

ആദിൽനാഥ് തിരിഞ്ഞു:

''ഞാൻ പോകുന്നു..."

ധനപാലന് ആശ്വാസം തോന്നി.

''സാർ..."

എന്നാൽ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്.

സി.സി.ടിവി ക്യാമറയിൽ പെടാത്ത ഒരു ഭാഗത്തേക്കു മാറി, ആദിൽനാഥ്.

പിന്നെ അയാൾ ഭിത്തിയോടു ചേർന്ന് തൊട്ടടുത്ത ഭാഗത്തേക്കെത്തി.

പോലീസുകാർ നോക്കിനിൽക്കെ ആദിൽനാഥ് സ്റ്റേഷനിലെ നാല് ക്യാമറകളുടെയും സിസ്റ്റം ഓഫു ചെയ്തു.

''ഞെട്ടിപ്പോയി ധനപാലൻ.

''സാർ... എന്താ ഇങ്ങനെ?"

''പിന്നെ? നീയൊക്കെ പറഞ്ഞതുകേട്ട് ഞാനങ്ങ് പോകുമെന്നും എന്നെ ക്യാമറയിൽ കുടുക്കാമെന്നും കരുതിയോ നീയൊക്കെ?

ഡിവൈ.എസ്.പി വെട്ടിത്തിരിഞ്ഞു. ധനപാലനും പോലീസുകാർക്കും നേർക്കു കൈചൂണ്ടി.

''എന്നെ ശരിക്ക് അറിയാമല്ലോ നിനക്കൊക്കെ? നിന്റെയൊക്കെ പോസ്റ്റൽ ബാലറ്റുപോലും എന്റെ കയ്യിലാ. പോലീസ് അസോസിയേഷൻ തലപ്പത്ത് ഞാൻ വിചാരിക്കുന്നതേ നടക്കൂ. നിന്നെയൊക്കെ കുറേക്കാലം വീട്ടിലിരുത്തണമെന്ന് ഞാൻ വിചാരിച്ചാൽ അതു തന്നെ നടന്നിരിക്കും."

അയാൾ ചെന്ന് ഭിത്തിയിലെ ആണിയിൽ തൂക്കിയിരുന്ന സെല്ലിന്റെ താക്കോൽ എടുത്തു.

സ്വയം ഇരുമ്പുവാതിൽ തുറന്ന് അകത്തുകയറി. പിന്നെ കാൽ കൊണ്ടു തട്ടി അത് അടച്ചു.

എസ്.ഐയും പോലീസുകാരും ഇതികർത്തവ്യതാമൂഢരായി നിന്നു. താൻ നിസ്സഹായനാണെന്ന് ധനപാലൻ അറിഞ്ഞു.

സെല്ലിനുള്ളിൽ, ഭിത്തിയിൽ ചാരി ഭയന്നു നിൽക്കുകയായിരുന്നു വാച്ചർ വാസുക്കുട്ടി.

ആദിൽനാഥ് അയാളെ അടിമുടി നോക്കി ഒന്നു ചിരിച്ചു.

''വാസുക്കുട്ടി. അല്ലേടാ?"

''അതെ." അയാൾ വിക്കി.

''നീയെന്നല്ല ആരായാലും സമ്മതിച്ചുപോകും, അലിയാരുടെ കയ്യിൽ ഒരു മണിക്കൂർ നിന്നാൽ. സാരമില്ല. നിന്നെ ഞാൻ രക്ഷിക്കും."

''എം.എൽ.എ കിടാവുസാറ് പറഞ്ഞിട്ടാ ഞാൻ വന്നിരിക്കുന്നത്. നീ പേടിക്കണ്ടാ."

വാസുക്കുട്ടിയുടെ മുഖം തെളിഞ്ഞു.

''നമ്മൾ ഇത്തവണ അലിയാരെ കുടുക്കിയിരിക്കും. പക്ഷേ അതിന് എനിക്ക് നിന്റെ സഹായം വേണം."

''ഞാൻ എന്തു ചെയ്യണമെന്ന് സാറ് പറഞ്ഞാമതി."

വാസുക്കുട്ടിക്ക് ആവേശമായി.

ആദിൽനാഥ് പാന്റിന്റെ പോക്കറ്റിൽ നിന്ന് രണ്ട് ഗ്ളൗസുകൾ വലിച്ചെടുത്തു. അത് കൈകളിലിട്ടു.

''ഇതെന്തിനാ സാറേ?" വാസുക്കുട്ടി സംശയിച്ചു.

ഡിവൈ.എസ്.പി ചിരിച്ചു.

''നിന്നെ അലിയാർ മർദ്ദിച്ചെന്നു പറഞ്ഞാൽ ആരും സമ്മതിക്കില്ല. അതുകൊണ്ട്..." പറഞ്ഞതും അയാൾ വാസുക്കുട്ടിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു.

ശേഷം കാൽമുട്ടു മടക്കി ഒറ്റയിടി! വാസുക്കുട്ടിയുടെ അടിവയറ്റിൽ...

''അമ്മേ...." അലറിക്കൊണ്ട് വാസുക്കുട്ടി വില്ലുപോലെ വളഞ്ഞു. ആ ക്ഷണം ആദിൽനാഥ് അയാളുടെ ശിരസ്സുപിടിച്ച് ഭിത്തിയോടു ചേർത്തിടിച്ചു.

(തുടരും)