കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി ഒന്നേകാൽ ലക്ഷം വോട്ടുകൾ സമാഹരിക്കുമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി വിലയിരുത്തൽ. ഒന്നേമുക്കാൽ ലക്ഷത്തിന്റെ കണക്കാണ് വിവിധ ബൂത്തുകളിൽ നിന്ന് ലഭിച്ചതെങ്കിലും വസ്‌തുതാപരമായ വിലയിരുത്തൽ നടത്തിയാണ് ഒന്നേകാൽ ലക്ഷമെന്ന കണക്കിലെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി.എം.വേലായുധൻ നേടിയത് 57,000 വോട്ടായിരുന്നു. ഇതിന് ശേഷം 2015ൽ നടന്ന പഞ്ചായത്ത്- മുനിസിപ്പൽ - കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം വോട്ടാണ് കൊല്ലം ലോക്‌സഭാ പരിധിയിൽ ബി.ജെ.പി സമാഹരിച്ചത്. പിറ്റേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ലോക്‌സഭാ പരിധിയിൽ ഒന്നര ലക്ഷം വോട്ട് ബി.ജെ.പി നേടിയതിന്റെയും അനുഭവത്തിൽ നിന്നാണ് ഈ കണക്ക്.
എന്നാൽ ബി.ജെ.പി കൊല്ലത്ത് ഏകദേശം 75,000 വോട്ട് നേടുമെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഏകദേശം 20,000 വോട്ടിന്റെ വ്യത്യാസത്തിൽ എൽ.ഡി.എഫിലെ കെ.എൻ.ബാലഗോപാൽ വിജയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ സ്‌റ്റേറ്റ് ഇന്റലിജൻസ് വിഭാഗം കൊല്ലത്ത് പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
അര് ജയിച്ചാലും വിജയാഹ്ലാദ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ വ്യാപക അക്രമങ്ങൾ അരങ്ങേറാൻ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഴിയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികളും കൊടിമരങ്ങളും ലക്ഷ്യമിടാനിടയുണ്ടെന്നാണ് വിവരം.
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശ ദിവസം ബി.ജെ.പി - സി.പി.എം സംഘർഷമുണ്ടായതും സി.പി.എംജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.വസന്തൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്രതും കഴിഞ്ഞ ദിവസം പള്ളിത്തോട്ടത്ത് സി.പി.എം - കോൺഗ്രസ് സംഘർഷമുണ്ടായതും തുടർ സംഘർഷത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് വിവരം.