red-41

വാസുക്കുട്ടിയുടെ നിലവിളി പകുതിക്കു മുറിഞ്ഞു.

ആദിൽനാഥ് പിടിവിട്ടു.

വാച്ചർ ഭിത്തിയിൽ ഉരഞ്ഞ് നിലത്തേക്കിരുന്നു.

ഭിത്തിയിൽ ബ്രഷ് കൊണ്ട് തൂത്തതുപോലെ ചോരയുടെ പാട് തെളിഞ്ഞു.

എസ്.ഐ ധനപാലനും പോലീസുകാരും സെല്ലിന്റെ വാതിൽക്കലേക്ക് ഓടിയെത്തി.

ഒന്നും സംഭവിക്കാത്തതുപോലെ ഡിവൈ.എസ്.പി ആദിൽനാഥ് ഗ്ളൗസുകൾ ഊരി പോക്കറ്റിൽ തിരുകിക്കൊണ്ട് തിരിഞ്ഞു.

അമ്പരന്നു നിൽക്കുന്ന എസ്.ഐയെയും പോലീസുകാരെയും നോക്കി ചിരിച്ചു:

''ഇപ്പഴാ എനിക്ക് കിട്ടിയ ഇൻഫർമേഷൻ സത്യമായത്."

കൂസലില്ലാതെ ആദിൽനാഥ് സെല്ലിനു പുറത്തുവന്നു. അത് പൂട്ടി താക്കോൽ ആണിയിൽ തൂക്കി.

''നോക്ക് ധനപാലാ... ഇനി സി.സി.ടിവി ക്യാമറകൾ ഓൺ ചെയ്തേര്. പിന്നെ.. ഞാൻ സെല്ലിൽ കയറിയിട്ടില്ല. അലിയാർ വരാതെ ഇനി സെല്ല് തുറക്കാനും പാടില്ല. നിങ്ങൾക്ക് കുടുംബത്തോടൊപ്പം മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ..."

അവസാന വാചകം അയാൾ കടുപ്പിച്ചാണു പറഞ്ഞത്.

എസ്.ഐയോ പോലീസുകാരോ മിണ്ടിയില്ല.

ഡിവൈ.എസ്.പി കർച്ചീഫ് എടുത്ത് മുഖം തുടച്ചു:

''ചെയ്തുതന്ന ഉപകാരമല്ല ഇതെങ്കിലും നിങ്ങളെ ഞാൻ മറക്കില്ല. നിങ്ങൾ ആറുപേർക്കും അഞ്ചുലക്ഷം രൂപവീതം ഇന്നു വൈകിട്ടുതന്നെ ക്വാർട്ടേഴ്സിൽ എത്തും. ഓക്കെ."

ആദിൽനാഥ് ഇറങ്ങിപ്പോയി.

പെരിന്തൽമണ്ണ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫീസിൽ അപ്പോൾ അസ്വസ്ഥനാകുകയായിരുന്നു സി.ഐ അലിയാർ.

''ഇങ്ങേരിത് എവിടെപ്പോയി കെടക്കുവാ...."

അലിയാർ, സി.പി.ഒ ഗംഗാധരനോട് മന്ത്രിച്ചു.

ഗംഗാധരൻ എന്തോ മറുപടി പറയാൻ ഭാവിക്കുമ്പോൾ അലിയാരുടെ സെൽഫോൺ ശബ്ദിച്ചു.

അയാൾ അതെടുത്തു നോക്കി.

ഡിവൈ.എസ്.പി ആദിൽനാഥ്."

''സാർ..." അലിയാർ ഫോൺ കാതിൽ വച്ചു.

'' ഒരു കാര്യം ചെയ്യ് അലിയാരേ. ഞാൻ വരാൻ കുറച്ചുകൂടി വൈകും. താൻ എന്നാൽ പൊയ്ക്കോ. വൈകിട്ട് ഞാൻ നിലമ്പൂർ വഴി വരാം."

''സാർ..."

അലിയാർക്ക് കോപം അടക്കാനായില്ലെങ്കിലും സംയമനം പാലിച്ചു.

പിന്നെ ഗംഗാധരനു നേരെ തിരിഞ്ഞു.

''പോകാം."

ഇരുവരും പെട്ടെന്നു മടങ്ങി.

നിലമ്പൂർ പോലീസ് സ്റ്റേഷൻ. അവിടേക്കു കയറിയതേ അലിയാർ ഗംഗാധരനോടു പറഞ്ഞു.

''വേഗം വാസുക്കുട്ടിയുടെ സ്റ്റേറ്റ്മെന്റ് എടുക്ക്. അയാളെ എത്രയും വേഗം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം."

''സാർ...."

എസ്.ഐ ധനപാലനും പോലീസുകാരും പരസ്പരം നോക്കി കണ്ണടച്ചു കാണിച്ചു.

അലിയാർ ഹാഫ്‌ഡോർ തുറന്ന് തന്റെ ക്യാബിനിൽ എത്തി.

ഗംഗാധരൻ സെല്ല് തുറക്കുന്ന ശബ്ദം കേട്ടു.

അലിയാർ കസേരയിലേക്കിരുന്നു...

അടുത്തനിമിഷം ഗംഗാധരന്റെ ഉച്ചത്തിലുള്ള വിളി.

''സാർ..."

ആ ശബ്ദത്തിൽ നിന്നു തന്നെ അലിയാർക്ക് അപകടം മണത്തു.

അയാൾ പുറത്തേക്കു പാഞ്ഞു.

ഒന്നും അറിയാത്തതുപോലെ സെല്ലിനടുത്തേക്ക് ധനപാലനും പോലീസുകാരും ഓടിയെത്തി.

''എന്താ?"

ചോദിച്ചുകൊണ്ട് അലിയാർ സെല്ലിനുള്ളിലേക്ക് ഓടിക്കയറി.

''സാർ..." ഗംഗാധരൻ തറയിലേക്കു കൈചൂണ്ടി.

നടുക്കത്തോടെ അലിയാർ കണ്ടു...

തറയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന വാച്ചർ വാസുക്കുട്ടി!

മുഖത്തിനു ചുറ്റും ഒരു വൃത്തമായി ഒഴുകിപ്പടർന്ന ചോര...!

''വാസുക്കുട്ടീ...." അയാളുടെ തുറിച്ച കണ്ണുകളിലേക്കു നോക്കി അലിയാർ അലറി.

ആ ശബ്ദം സെല്ലിന്റെ ഭിത്തിയിൽ തട്ടി പ്രതിധ്വനിച്ചു...

പകച്ചുപോയ അലിയാർ, വാസുക്കുട്ടിയുടെ അരികിൽ കുത്തിയിരുന്നു. മൂക്കിനു മേൽ കൈവച്ചു നോക്കി.

ശ്വാസമില്ല!

അയാളുടെ നട്ടെല്ലിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.

അലിയാർ കുതിച്ചെഴുന്നേറ്റു.

സെല്ലിന്റെ വാതിൽക്കൽ നിന്നിരുന്ന എസ്.ഐ ധനപാലന്റെ യൂണിഫോമിൽ കുത്തിപ്പിടിച്ചു തന്നിലേക്കു വലിച്ചടുപ്പിച്ചു.

''പറയടാ... ആരാ വാസുക്കുട്ടിയെ കൊന്നത്?"

ധനപാലൻ പതറി.

വാക്കുകൾ മുറിഞ്ഞു.

''ഞങ്ങളാരും... ഇതിനുള്ളിൽ കയറിയില്ല സാർ...."

''പിന്നെ? പിന്നെങ്ങനെ വാസുക്കുട്ടി മരിച്ചു? അയാൾടെ തല പിടിച്ച് ആരാ ഭിത്തിക്കിടിച്ചത്?"

''ഞങ്ങളാരും അല്ല സാർ...."

അലിയാരുടെ കടപ്പല്ലുകൾ ഞെരിഞ്ഞു.

''പിന്നെന്താടാ ഇത് ചാത്തൻ സേവയോ?"

മിന്നൽ വേഗത്തിൽ അലിയാർ തന്റെ തുകൽ ഉറയിൽ നിന്ന് പിസ്റ്റൾ വലിച്ചെടുത്ത് ധനപാലന്റെ നെറ്റിയിൽ കുത്തിയമർത്തി.

''സത്യം പറഞ്ഞോണം. അല്ലെങ്കിൽ വാസുക്കുട്ടിയുടെ തലയോടു പൊട്ടിയതു പോലെ നിന്റെയും പൊട്ടും."

ധനപാലൻ കുടുകുടെ വിയർത്തു. അയാൾ ദയനീയമായി പോലീസുകാരെ നോക്കി.

''ഞാൻ പോയതിനുശേഷം ആരെങ്കിലും ഇവിടെ വന്നോ? വേഗം പറയെടാ..."

''ഞാൻ പറഞ്ഞാൽ മതിയോ?"

പൊടുന്നനെ വാതിൽക്കൽ നിന്നൊരു ചോദ്യം.

അലിയാർ അവിടേക്കു തിരിഞ്ഞു.

(തുടരും)