pubg

അഹമ്മദാബാദ്: പബ്ജി ഗെയിം കളിക്കാത്ത ഭർത്താവിനെ എനിക്കു വേണ്ട. എന്റെ കാമുകന്റെകൂടെ ജീവിക്കാൻ അനുവദിക്കണം. കഴിഞ്ഞ ദിവസം വനിതാ ഹെൽപ്പ് ലൈനായ അഭയം - 181ൽ വന്നൊരു ഫോൺ കോളാണ്. അഹമ്മദാബാദിൽ രണ്ട് കുട്ടികളുടെ അമ്മയായ പത്തൊമ്പതുകാരിയാണ് ഫോൺ ചെയ്തത്.

പബ്ജി കളിച്ച് പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാനാണ് യുവതിയുടെ ആഗ്രഹം. യുവതി പബ‌്ജി ഗെയിമിന് അടിമയാണ്. ഏറെ സമയം ഗെയിമിനായി ചെലവിടുന്ന യുവതിക്ക് കുടുംബവുമായി വലിയ ബന്ധങ്ങളൊന്നുമില്ല. മക്കളുടെ കാര്യം പോലും ശ്രദ്ധിക്കില്ല. ഇക്കാര്യം കൗൺസലിംഗ് സംഘത്തിന് ബോദ്ധ്യപ്പെട്ടു.

തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യമെങ്കിൽ പുനരധിവാസ കേന്ദ്രങ്ങളുടെ സഹായം തേടാവുന്നതാണെന്നും കൗൺസലിംഗ് സംഘം യുവതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഏറെക്കുറെ സമ്മതിച്ചെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാനാവില്ലെന്ന് കണ്ടതോടെ യുവതി തീരുമാനത്തിൽ നിന്ന് പിന്മാറി. ഒരുതവണകൂടി യുവതിയെ കൗൺസലിംഗിനു വിധേയയാക്കും.

പബ്‌ജിക്ക് അടിമപ്പെട്ട മക്കളെക്കുറിച്ച് അമ്മമാർ വിളിച്ചുപറയാറുണ്ടെങ്കിലും ഇത്തരത്തിലൊരു കോൾ ആദ്യമായാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. നിത്യവും അഞ്ഞൂറിലധികം കോളുകളാണ് വരുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും കൗൺസലിംഗിലൂടെയാണ് പരിഹരിക്കുന്നത്. യുവതിയുടെ പ്രശ്നവും ഇത്തരത്തിൽ പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്.