ന്യൂഡൽഹി: വീണ്ടും അധികാരത്തിൽ വരുമെന്നുറപ്പായതോടെ കേന്ദ്രമന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന് ആലോചനയും ബി.ജെ.പി തുടങ്ങിയതായി സൂചന. പാർട്ടി അദ്ധ്യക്ഷനും 2019ലെ വിജയശില്പികളിൽ പ്രധാനിയുമാവുന്ന അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്ക് വരുമെന്നുറപ്പായി. പകരം കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ പാർട്ടി അദ്ധ്യക്ഷ പദത്തിലെത്താനാണ് സാദ്ധ്യത. സംഘടനാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ അമിത് ഷാ മന്ത്രിസഭയിലേക്കുള്ളൂ എന്നാണ് സൂചന. നിലവിലെ മന്ത്രിസഭയിലുള്ള പല പ്രമുഖരും പാർട്ടിയിലേക്ക് വരും. പല കേന്ദ്രമന്ത്രിമാരോടും പാർട്ടി ചുമതലയിലേക്ക് വരണമെന്ന് സൂചന നേതൃത്വം നൽകിക്കഴിഞ്ഞു.
പാർട്ടി പ്രവർത്തനത്തിന് പ്രാധാന്യം നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിസഭയിലുള്ള പ്രമുഖരെ പാർട്ടിയിൽ കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമാണ്. ഏറെയും പുതുമുഖങ്ങൾക്കാവും ഇക്കുറി മന്ത്രിസഭയിൽ സ്ഥാനമുണ്ടാവുക. പാർട്ടിയും മന്ത്രിസഭയും ഒരേ സ്വരത്തിൽ പോകാൻ പ്രത്യേകം ശ്രമം നടത്തും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടി കൂടുതൽ നടപടികളെടുക്കും.
അതേസമയം, പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോൾ തന്നെ അമിത് ഷാ മന്ത്രിയാകാനിടയില്ലെന്നാണ് സൂചന. താഴെത്തലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്. കുറച്ചു നാളായി ദേശീയ അദ്ധ്യക്ഷനെ നാമനിർദ്ദേശം ചെയ്യുകയും പിന്നീട് ദേശീയ കൗൺസിൽ അത് അംഗീകരിക്കുകയുമാണ് പതിവ്. ഇത് മാറ്രി അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ബൂത്ത് തലം മുതൽ തിരഞ്ഞെടുപ്പ് നടത്തിയാവും പുതിയ പ്രസിഡന്റിനെ അവരോധിക്കുക. അതിനുശേഷം അമിത് ഷാ മന്ത്രിസഭയിലേക്കെത്തും. നേരത്തെ രാജ്യസഭാംഗം ആയിരുന്ന അമിത് ഷാ ഇത്തവണ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് മത്സരിച്ചു.
നരേന്ദ്രമോദി 2014ൽ പ്രധാനമന്ത്രിയായപ്പോൾ അന്ന് പാർട്ടി അദ്ധ്യക്ഷനായിരുന്ന രാജ് നാഥ് സിംഗ് കേന്ദ്ര മന്ത്രിസഭയിലേക്ക് വന്നിരുന്നു . ആ ഒഴിവിലാണ് 2014 ജൂലായിൽ അമിത് ഷാ ബി.ജെ.പി അദ്ധ്യക്ഷനായത്. ബി.ജെ.പി ഭരണ ഘടന പ്രകാരം പാർട്ടി അദ്ധ്യക്ഷന് രണ്ട് പൂർണ ടേം ആണ് അനുവദിച്ചിരിക്കുന്നത്. തുടർന്ന് 2016 ജനുവരിയിൽ അമിത് ഷാ വീണ്ടും പാർട്ടി അദ്ധ്യക്ഷനായി . ഈ വർഷം ജനുവരിയിൽ ഷായുടെ കാലാവധി അവസാനിച്ചെങ്കിലും പൊതു തിരഞ്ഞെടുപ്പ് കാരണം പദവിയിൽ തുടരുകയായിരുന്നു. സാങ്കേതികമായ ആദ്യ ടേമിൽ മൂന്നു വർഷത്തെ കാലവധി പൂർത്തിയാക്കാത്തതിനാൽ വീണ്ടും വേണമെങ്കിൽ അമിത് ഷായ്ക്ക് പ്രസിഡന്റാവാം എന്ന ഒരു വാദവുമുണ്ട്. എന്നാൽ നിർമ്മലാ സീതാരാമനെ പ്രസിഡന്റാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വനിതയും തെക്കേ ഇന്ത്യക്കാരിയെന്നതും നിർമ്മലയുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പ്രതിരോധ മന്ത്രിയെന്ന നിലയിലുള്ള മികച്ച പ്രകടനവും അവരുടെ സാദ്ധ്യത വർദ്ധപ്പിച്ചു. ബി.ജെ.പി അദ്ധ്യക്ഷയാകുകയാണെങ്കിൽ
ആ പദവിയിലെത്തുന്ന ആദ്യ വനിതയാവും അവർ.