icedisc

ഒറ്റരാത്രി കൊണ്ട് രൂപപ്പെട്ട വൃത്താകൃതിയിലുള്ള മഞ്ഞ് ചക്രം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ വെസ്റ്റ് ബ്രൂക്ക് നിവാസികൾ. നദിയിൽ രൂപപ്പെട്ട ഈ ചക്രം കറങ്ങുന്നുമുണ്ട്. ഈ അപൂർവ പ്രതിഭാസം രൂപപ്പെട്ടത് പ്രെസ്യുമസ്കോട്ട് എന്ന നദിയിലാണ്. അന്യഗ്രഹ ജീവികളുടെ പരിപാടിയാണോ ഇത് എന്ന് അത്ഭുതപ്പെട്ടവരുമുണ്ട്. അന്യഗ്രഹജീവികൾ തങ്ങളുടെ പറക്കും തളിക നദിയിൽ ഉപേക്ഷിച്ചു പോയതാണോ എന്ന് സംശയിച്ചവരുമുണ്ട് കൂട്ടത്തിൽ. സംശയങ്ങൾ പറക്കും തളികപോലെ പറന്നപ്പോൾ വിശദീകരണവുമായി ഗവേഷകർ രംഗത്തെത്തി. ഐസ് ഡിസ്ക് എന്നാണിതിന്റെ പേര്. തീരെ കനം കുറഞ്ഞ മഞ്ഞ് പാളിയാണ് നദിയിൽ രൂപപ്പെട്ടത്. സാധാരണായി ധ്രുവപ്രദേശത്തിനോടടുത്ത സൈബീരീയ, അലാസ്ക എന്നിവിടങ്ങളിലെ നദികളിലാണ് ഈ പ്രതിഭാസം രൂപപ്പെടുന്നത്. ശൈത്യകാലത്തിന്റെ അവസാന കാലത്താണ് ഇത് രൂപപ്പെടുക. വെസ്റ്റ് ബ്രൂക്കിൽ ഇത് രൂപപ്പെട്ട തടാകത്തിന് 90 മീറ്റർ വിസ്‌തൃതിയുണ്ട്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ഡിസ്‌കാണിത്. ഐസ് ഡിസ്കിലെ മഞ്ഞുരുകുമ്പോൾ അത് താഴേക്ക് പോകുന്നു. അതിനാലാണ് മുകൾവശം കറങ്ങുന്നത്.