നെയ്യാറ്റിൻകര: കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ബാങ്കിൽ നിക്ഷേപിച്ചിരുന്ന 9 ലക്ഷത്തോളം രൂപയിൽ നിന്ന് എ.ടി.എം തട്ടിപ്പിലൂടെ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിച്ചു. മര്യാപുരം കോടങ്കര അലൻ നിവാസിൽ അസ്റ്റർ സാമിന്റെ മകൻ എ.എൽ. അലിന് (19) കിഡ്നി ഓപ്പറേഷനായി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് ഉദിയിൻകുളങ്ങര സൗത്ത് ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന 9,17,215 ലക്ഷം രൂപയിൽ നിന്ന് 1,76,383.15 രൂപയാണ് അപഹരിച്ചതായി കണ്ടെത്തിയത്. 2019 ജനുവരി 22 മുതൽ മാർച്ച് 29 വരെ തീയതികളിലാണ് തുക അപഹരിക്കപ്പെട്ടിരിക്കുന്നത്. നോയ്ഡയിൽ സബീർ അഹമ്മദ് എന്ന പേരിലുള്ള അക്കൗണ്ട് നമ്പരിലേക്കാണ് തുക മാറ്റം ചെയ്യപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. 1000, 3500, 800, 500 രൂപ എന്നിങ്ങനെ വിവിധ തീയതികളിലായാണ് തുക പിൻവലിച്ചിരിക്കുന്നത്. ഇത്രയും തുകയ്ക്ക് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് എ.ടി.എം കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയാണ് തുക കൈമാറ്റം ചെയ്തിട്ടുള്ളതായി കണ്ടെത്തിയത്. പ്ലസ് ടു കഴിഞ്ഞ അലിൻ പത്ത് മാസമായി കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒന്നര വർഷം മുൻപ് വരെ ആരോഗ്യവാനായിരുന്ന അലിൻ സ്കൂളിലെ പഠനത്തോടൊപ്പം കൂലിപ്പണിക്കാരനായ അച്ഛനെ കെട്ടിടം പണിക്ക് സഹായിക്കാനായി 'കൈയാളായി' പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നിറുത്താതെ ഉണ്ടായ ഛർദ്ദിയെ തുടർന്ന് പാറശാല ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനുബന്ധമായി നടന്ന രക്തപരിശോധനയിലാണ് ലിവറിൽ നിന്ന് എൻസൈം പുറത്തേക്കൊഴുകുന്ന പ്രൈമറി ഹൈപ്പറോക്സാലൂറിയ എന്ന അപൂർവ രോഗമാണെന്ന് കണ്ടെത്തിയത്. ഉടനേ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കി. ഒരു വർഷത്തോളം ഡയാലിസിസ് ചെയ്തു. പിന്നീട് അമ്മ ലിസിയുടെ കിഡ്നി മകന് നൽകിയതിനെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പത്ത് ലക്ഷത്തോളം രൂപ ചെലവിട്ട് കിഡ്നി മാറ്റി വയ്ക്കൽ ഓപ്പറേഷനും നടത്തി. അങ്ങനെയിരിക്കെ വീണ്ടും അസുഖം മൂർച്ഛിച്ചു. വീണ്ടും കിഡ്നിയും ലിവറും മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് ചികിത്സ തേടി പോയത്. രണ്ട് ഓപ്പറേഷനുമായി മൊത്തം 30 ലക്ഷം രൂപ വേണം. നാട്ടുകാരുടെ സഹായത്തോടെ സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിച്ച കാശിൽ നിന്നാണ് ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപ മോഷണം പോയത്. അലിന്റെ അനുജൻ വ്ലാത്താങ്കര വൃന്ദാവൻ സ്കൂളിൽ പഠിക്കുന്ന അബിനും ഇതേ അസുഖമാണെന്ന് കണ്ടെത്തിയ ഞെട്ടലിൽ നിന്ന് മുക്തരാകാതിരിക്കുമ്പോഴാണ് ബാങ്കിലെ പണം ചോർന്നത്. അലിന്റെ അച്ഛൻ അസ്റ്റർസാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.