election-2019

കഴിഞ്ഞ തവണ എൻ.ഡി.എയുടെ ഭാഗമായിരിക്കുകയും, പിന്നീട് കൂട്ടു വെട്ടി ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്‌ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ഒരാഴ്‌ചയായി ബി.ജെ.പി ബദൽ സർക്കാരിനു വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു.

രാഹുൽ ഗാന്ധിയെക്കണ്ട് ഷാൾ പുതപ്പിക്കുന്നു, മായാവതിയുമായും മമതാ ബാനർജിയുമായും കൂടിക്കാഴ്‌ച നടത്തുന്നു... നിയമസഭാ തിരഞ്ഞെടുപ്പുകൂടി നടക്കുന്ന ആന്ധ്രയിൽ സംസ്ഥാന ഭരണം നഷ്‌ടപ്പെട്ടാലും കേന്ദ്രത്തിൽ ഒരു പിടി- അതിനാണ് നായിഡു ഓടിനടക്കുന്നതെന്ന് വ്യക്തം.

നായിഡു ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇടയ്‌ക്കിടെ കുതിക്കുമ്പോൾ അമരാവതിയിലെ ത‌ഡേപ്പള്ളി ഗ്രാമത്തിലെ രാജശേഖര നിലയത്തിലായിരുന്നു വൈ.എസ്.ആർ കോൺഗ്രസ് അദ്ധ്യക്ഷനും നിലവിലെ പ്രതിപക്ഷ നേതാവുമായ ജഗൻ മോഹൻ റെഡ്ഡി. ജഗന്റെ പുതിയ വസതിയാണ് രാജശേര നിലയം. ഭരണം പിടിക്കുമെന്ന് കണക്കുകൂട്ടിത്തന്നെയാണ് തലസ്ഥാനമായ അമരാവതിക്കടുത്ത് രണ്ടേക്കറിൽ പുതിയ വസതി നിർമ്മിച്ചത്. ഓഫീസിന് ഉൾപ്പെടെ ചെലവ് നൂറു കോടി.

പാർട്ടിയുടെ പ്രധാന നേതാക്കളുമായി ഭാവി കാര്യങ്ങൾ ചർച്ച ചെയ്‌തതിനപ്പുറം കേന്ദ്ര ഭരണത്തിൽ പങ്കാളിയാകാനുള്ള കളിക്കൊന്നും ജഗൻ നേരിട്ടിറങ്ങിയില്ല. എക്‌സിറ്റ് പോൾ ഫലം വന്നപ്പോഴും അതു തന്നെയാണ് സംഭവിച്ചത്. അവസരം നോക്കി കളത്തിലിറങ്ങാനാണ് ഏപ്രിൽ 11 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ ജഗൻ തീരുമാനിച്ചിരുന്നത്.

എക്‌സിറ്റ് പോളിൽ ആന്ധ്രാ ഭരണം ജഗൻ മോഹൻ റെഡ്ഡി ഈസിയായി നേടിയെടുക്കുമെന്നും ലോക്‌സഭാ സീറ്റുകളിൽ മിന്നുന്ന വിജയം നേടുമെന്നുമാണ് കണ്ടത്. പ്രദേശികമായ സർവേ ഫലത്തിൽ മാത്രമാണ് നായിഡുവിന് സാദ്ധ്യത കൽപ്പിച്ചിട്ടുള്ളത്. ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിലെ കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ജഗനു നൽകാഞ്ഞതതിനെ തുടർന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ജഗൻ വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചത്.

ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ തെലുങ്കു ദേശത്തിനൊപ്പം കോൺഗ്രസും ജഗന് ശത്രുക്കളായിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ ജഗൻ സ്വാഗതം ചെയ്‌തിരുന്നു. പഴയതൊക്കെ ക്ഷമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനുപ്പുറത്തേക്ക് ഒരു ചുവടു പോലും മുന്നോട്ടു വച്ചിട്ടില്ല. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻചാണ്ടി ജഗനെ കോൺഗ്രസിനോട് അടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടതുമില്ല. ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോൺഗ്രസ് നാമാവശേഷമാകുന്ന സൂചനകളാണ് എക്‌സിറ്റ് പോൾ ഫലങ്ങളും കാണിക്കുന്നത്. ജഗനെ അന്നു പിണക്കിയതിന്റെ ഫലം ഇന്ന് അനുഭവിക്കുന്നത് കോൺഗ്രസ് ആണെന്നു ചുരുക്കം.

എതിരാളിയായ നായിഡു കോൺഗ്രസ് പക്ഷത്തേക്കും മഹാസഖ്യത്തിലേക്കുമൊക്കെ പോയ സാഹചര്യത്തിൽ ജഗനെ ഒപ്പം നിറുത്താൻ ബി.ജെ.പി ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അതിനൊന്നും സ്ഥീരികരണമില്ല. എല്ലാം ഇനി 23 കഴിഞ്ഞ്. അതുവരെ സസ്‌പെൻസ്! ചിലപ്പോൾ ശരിക്കും കിംഗ് മേക്കർ ജഗൻ ആയാലോ?

കേസുകളിൽ പ്രതി

കോടീശ്വരൻ

ഇങ്ങനെയാക്കെയാണെങ്കിലും ജഗൻ മോഹൻ റെഡ്ഡി മിസ്റ്റർ ക്ളീൻ അല്ലേയല്ല.

നിരവധി കേസുകളിൽ പ്രതി. സി.ബി.ഐ അന്വേഷണം വരെ നടക്കുന്നു. അഴിമതി കേസിൽ ജയിലിലായിട്ടുണ്ട്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് 368 കോടിയുടെ കള്ളപ്പണം. പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്ക് ഇങ്ങനെ. ആസ്തി 375 കോടി രൂപ. ക്രിമിനൽ കേസ് 31. ഭാര്യയുടെയും (124 കോടി) രണ്ട് പെൺമക്കളുടേയും കണക്കു കൂടിയാകുമ്പോൾ 416 കോടിയാകും ആസ്‌തി. ഭാര്യയുടെ ആസ്‌തിയിൽ 3.5 കോടിയിലേറെ വില വരുന്ന 5.86 കിലോ സ്വർണ്ണവും വജ്രവും ഉൾപ്പെടുന്നു.

സർവേ ഫലങ്ങൾ

നിയമസഭ (ആകെ സീറ്ര് 175)

ഏജൻസി വൈ.എസ്.ആർ.സി. ടി.ഡി.പി ജനസേന

ഇന്ത്യാടുഡേ 130-135 37-40 1

ഐ.എൻ.എസ്.എസ് 52 118 5

പീപ്പിൾസ് പൾസ് 112 59 4

സി.പി.എസ് 133-135 37-40 0

ടി.വി 5 68 105 2

ലോക്‌സഭ (25 സീറ്റുകൾ)

ടൈംസ് നൗ വി..എൻ.ആർ 18 7 0

ഇന്ത്യാടുഡേ 18-20 2-6 1

സി.എൻ.എൻ ന്യൂസ്18 13-14 10-12 1

റിപ്പബ്ലിക് ജൻകി ബാത്ത് 8-12 13-16 1

റിപ്പബ്ലിക് സി വോട്ടർ 11 14 0