തിരുവനന്തപുരം: പല എക്സിറ്റ് പോളുകളും പാളിപ്പോയിട്ടുണ്ടെന്നും കേരളത്തിൽ ഇടതുമുന്നണിക്ക്
മികച്ച വിജയമുണ്ടാകുമെന്നതിൽ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ശബരിമലവിഷയം തിരഞ്ഞെടുപ്പിൽ ഒരു ഘടകമായിട്ടുണ്ടെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണത്തെപ്പറ്റി ചോദിച്ചപ്പോൾ ഒരു ശബരിമലവിഷയവും കേരളത്തിൽ ബാധിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട്. ശബരിമലയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. ശബരിമലയെ സംരക്ഷിക്കാനാണ് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി അവിടെ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ ഉയർന്ന സൗകര്യങ്ങളുള്ള ശബരിമലയാകും അടുത്ത സീസണിൽ അവിടെ കാണാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
തപാൽ ബാലറ്റ് സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാതി കോടതിയിലിരിക്കുന്നതിനാൽ അതിൽ എന്താണെന്ന് കോടതി പറയട്ടെ. സാധാരണനിലയിൽ തപാൽ വോട്ട് നടന്നില്ലെങ്കിലാണല്ലോ ക്രമക്കേട് വരിക. മറ്റൊരാൾ വോട്ട് ചെയ്തതിനാൽ പിലാത്തറയിൽ കഴിഞ്ഞ തവണ വോട്ടവസരം നഷ്ടമാകുകയും
റീപോളിംഗിൽ അത് ലഭിക്കുകയും ചെയ്ത ഷാലറ്റ് എന്ന യുവതിയുടെ വീട് അർദ്ധരാത്രിയിൽ ആക്രമിക്കപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ, അതേക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിംഗ് നടത്തുന്നത് ശരിയായ കീഴ്വഴക്കമാണോ എന്ന് ചോദിച്ചപ്പോൾ, തിരഞ്ഞെടുപ്പ് കമ്മിഷനകത്ത് തന്നെ തെറ്റായ നിലയിലാണല്ലോ കാര്യങ്ങൾ പോകുന്നത് എന്നായിരുന്നു മറുപടി. അതേപ്പറ്റി അവർ തന്നെ നാളെ ചർച്ച ചെയ്യാൻ പോകുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഈ കാലത്തിന്റെ ദുർവിധിയെന്നും അദ്ദേഹം പറഞ്ഞു.