ബീജിംഗ്: സ്വന്തം സുഖവും സന്തോഷവും മാറ്റിവച്ച് മക്കളുടെ സുഖത്തിനായി മുണ്ടുമുറുക്കിയുടുക്കുന്ന രക്ഷിതാക്കൾ ധാരാളമുണ്ട്. എന്നാൽ ചൈനക്കാരനായ ഗുവോചിഫാൻ എന്ന ഒമ്പതുവയസുകാരൻ സ്വന്തം അമ്മയുടെ സന്തോഷത്തിനുവേണ്ടി ചെയ്തതിനു മുന്നിൽ ഇതൊന്നും ഒന്നുമല്ല.
കഴിഞ്ഞയാഴ്ച വീടിനടുത്തുള്ള ഒരു ജുവലറിയിലേക്ക് അവൻ അമ്മയുമായി എത്തി. വിവരം തിരക്കിയ സെയിൽസ്‌മാനോട് അവൻ പറഞ്ഞു. ഇതാണ് എന്റെ അമ്മ. അമ്മയുടെ അളവിന് ഒരു മോതിരം വേണം. മകൻ എന്തിനാണ് തന്നെയും കൂട്ടി ജുവലറിയിൽ എത്തിയതെന്നറിയാതെ നിന്ന അമ്മ ഇതു കൂടി കേട്ടതോടെ ശരിക്കും അന്തംവിട്ടു. ഉടൻതന്നെ ഗുമോയിഫാൻ നാണയങ്ങൾ നിറച്ച് രണ്ട് കുടുക്കകൾ കൗണ്ടറിൽ വച്ചു. ഇതിൽ ഉള്ള പണത്തിനനുസരിച്ചുള്ള മോതിരം തരാൻ ജീവനക്കാരനാേട് അഭ്യർത്ഥിച്ചു . അയാൾ കുടുക്ക പൊട്ടിച്ച് എണ്ണിത്തിട്ടപ്പെടുത്തി. 15270 രൂപയാണ് കുടുക്കകളിൽ ഉണ്ടായിരുന്നത്. അത്രയും വിലയുള്ള ഒരു മോതിരം അമ്മ തിരഞ്ഞെടുത്തു. ഈ സമയം അമ്മയുടെ കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. വീട്ടിലെത്തിയശേഷമാണ് അവൻ എല്ലാം അമ്മയോട് പറഞ്ഞത്.
ഗുവോചിഫാന്റെ രണ്ടു വർഷത്തെ സമ്പാദ്യമായിരുന്നു ഈ പണം. രണ്ടുവർഷം മുമ്പ് മോതിരമില്ലാത്തതിന്റെ വിഷമം അമ്മ പറയുന്നത് ഗുവോയിഫാൻ കേട്ടു. അമ്മയുടെ വിഷമം അവന്റെ മനസിൽ കൊണ്ടു. അന്നുമുതൽ കിട്ടുന്ന നാണയത്തുട്ടുകൾ ശേഖരിക്കാൻ തുടങ്ങി. ഇക്കാര്യം മറ്റാരും അറിഞ്ഞില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു കുടുക്ക നിറഞ്ഞു. ഉടൻ രണ്ടാമത്തെ കുടുക്കയിലും നാണയം ശേഖരിക്കാൻ തുടങ്ങി. രണ്ടാമത്തേതും നിറഞ്ഞപ്പോഴാണ് അമ്മയെയും കൊണ്ട് ജുവലറിയിൽ എത്തിയത്. പല ആഗ്രഹങ്ങളും ആവശ്യങ്ങളും വേണ്ടെന്നുവച്ച് ഗുവോയിഫാൻ പണം സ്വരൂക്കൂട്ടിയത്.
ഗുവോമിഫാന് സോഷ്യൽ മീഡിയയിൽ അഭിനന്ദപ്രവാഹമാണ്.