പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രവചനം കൂടി കഴിഞ്ഞതോടെ യഥാർത്ഥ ഫലമറിയാനുള്ള ഉദ്വേഗത്തിലാണ് വിവിധ കക്ഷികളും ജനങ്ങളും. എക്സിറ്റ്പോൾ ഫലം ഒന്നടങ്കം ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ അവരെല്ലാം അത്യാഹ്ളാദത്തിലുമാണ്. തിരഞ്ഞെടുപ്പുകാലം പൊതുവേ സമാധാനാന്തരീക്ഷം നിലനിന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച കർക്കശമായ മുൻകരുതലുകൾ കാരണമാണ്. എന്നിട്ടും വൻതോതിൽ അക്രമങ്ങൾ നടന്ന പല പ്രദേശങ്ങളുമുണ്ട്. ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പലവട്ടം ഏറ്റുമുട്ടലുകളുണ്ടായി. കൊൽക്കത്തയിലും മറ്റും വോട്ടെടുപ്പിന്റെ അവസാനദിവസവും വ്യാപകമായ അക്രമങ്ങളുണ്ടായി. ബൂത്ത് പിടിത്തവും എതിരാളികൾക്കുനേരെയുള്ള കൈയേറ്റവും ഉൾപ്പെടെ സമാധാനാന്തരീക്ഷം തകർക്കുന്ന പലതും നടന്നു. പഞ്ചാബിലും ഇതുതന്നെയായിരുന്നു സ്ഥിതി. വ്യാഴാഴ്ച ഫലപ്രഖ്യാപനത്തെത്തുടർന്ന് കൂടുതൽ ഏറ്റുമുട്ടലുകളുണ്ടാകുമോ എന്ന ആശങ്കയുളവാക്കുംവിധമാണ് ബംഗാളിലെ പൊതുവായ അന്തരീക്ഷം. ഫലം അനുകൂലമല്ലെങ്കിൽ തെരുവിലിറങ്ങി കണക്ക് തീർക്കാൻ തൃണമൂൽ കോൺഗ്രസിന്റെ ആൾക്കാർ തുനിഞ്ഞിറങ്ങുമെന്ന സംശയമാണ് പൊതുവേ നിലനിൽക്കുന്നത്.
വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നെങ്കിലും കേരളത്തിൽ ക്രമസമാധാനം നിലനിറുത്താൻ എല്ലാ കക്ഷികളും പരമാവധി ശ്രമിച്ചിരുന്നു. അതിന് അപവാദം ചില മണ്ഡലങ്ങളിൽ ഉണ്ടായില്ലെന്നല്ല. എങ്കിലും പ്രാദേശികതലത്തിനപ്പുറം സംഘർഷവും ഏറ്റുമുട്ടലും വളർന്നില്ലെന്നത് സംസ്ഥാനത്തിന്റെ ഭാഗ്യമായി കരുതാം. കള്ളവോട്ടിനെത്തുടർന്ന് കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽപ്പെട്ട ഏഴ് ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നു. ഇതോടനുബന്ധിച്ച് അപ്രതീക്ഷിതമായ ചില ഏറ്റുമുട്ടലുകളും സംഘർഷവും നടന്നത് കല്ലുകടിയായി. റീപോളിംഗിൽ വോട്ട് ശതമാനം ഇടിയാൻ ഇതും കാരണമായിട്ടുണ്ടാകാം.
ഇതിനിടെ വടകര ലോക്സഭാ സീറ്റിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനുനേരെ നടന്ന വധശ്രമം ഒരിക്കൽക്കൂടി കാപാലിക രാഷ്ട്രീയത്തിന്റെ കരാളമുഖം പുറത്തെടുത്തിരിക്കുകയാണ്. മുൻപ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന നസീറിനുനേരെ നടന്ന ആക്രമണം സ്വാഭാവികമായും രാഷ്ട്രീയ വൈരാഗ്യം മൂലമാകാമെന്നു സംശയിക്കുന്നവരാകും ഏറെ. തങ്ങൾക്ക് ഇൗ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് സി.പി.എം നേതൃത്വം പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും സത്യസന്ധമായ അന്വേഷണത്തിലൂടെ അത് തെളിയിക്കേണ്ട ബാദ്ധ്യത പൊലീസിനുണ്ട്. രാത്രിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് മുഖംമറച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ തലങ്ങും വിലങ്ങും വെട്ടിയത്. തലയ്ക്കും വയറിനും കൈകാലുകൾക്കും പരിക്കേറ്റ നസീർ ഇപ്പോൾ ചികിത്സയിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും നസീറിന് നേരെ ആക്രമണം നടന്നിരുന്നു. പാർട്ടി വിട്ടുപോകുന്നവർക്ക് നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളുടെ ഇരകളാകേണ്ടി വരുന്നവർക്ക് മലബാർ മേഖലയിൽ കുറവൊന്നുമില്ലെന്ന് ഏവർക്കും അറിയാവുന്നതാണ്.
ഫലപ്രഖ്യാപനത്തിനുശേഷം അന്തരീക്ഷം വഷളാകാതെ നോക്കാനുള്ള മുൻകരുതൽ എടുക്കുന്നത് നന്നായിരിക്കും. സ്പോർട്സ്മാൻ സ്പിരിറ്റോടെ കാര്യങ്ങൾ കാണാനുള്ള സമചിത്തത രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ കാണിക്കുകതന്നെ വേണം. അണികളെ അടക്കി നിറുത്താനുള്ള ഉത്തരവാദിത്വം പാർട്ടിനേതൃത്വങ്ങൾ നിറവേറ്റണം. തിരഞ്ഞെടുപ്പ് ഫലം സംഘർഷത്തിലേക്കും കലാപത്തിലേക്കും വഴിമാറാൻ ഇടവരുത്തരുത്. പൊലീസിലെ ഇന്റലിജൻസ് വിഭാഗം കണ്ണും കാതും കൂർപ്പിച്ചുവയ്ക്കേണ്ട സന്ദർഭം കൂടിയാണിത്. രാഷ്ട്രീയ പ്രബുദ്ധതയുടെ പേരിൽ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം നിലനിറുത്താൻ സഹായകമായ സമീപനമാണ് ഇൗ തിരഞ്ഞെടുപ്പിൽ ഉടനീളം ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നുണ്ടായത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷവും അനുകരണീയവും ആരോഗ്യകരവുമായ ആ സമീപനം നിലനിറുത്തുകതന്നെ വേണം.