pinarayi-vijayan
Pinarayi Vijayan

തിരുവനന്തപുരം: എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യുവിന് കിഫ്ബി മസാലബോണ്ട് നൽകിയതിൽ ദുരൂഹത ആരോപിച്ച പ്രതിപക്ഷ നേതാവിന്റേത് ചില പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായുണ്ടാവുന്ന സംശയം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നീരവ് മോദിയെപ്പോലുള്ളവർക്ക് പണം കൊടുത്തുവെന്ന് കരുതി എസ്.ബി.ഐയിൽ നിന്ന് പണം കടമെടുത്താൽ നീരവ് മോദിയുടെ സ്ഥാപനവുമായാണ് നമ്മൾ ഇടപാട് നടത്തിയതെന്ന് പറയാനാവുമോ?

മറ്റ് സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ പലിശനിരക്കിലാണ് മസാലബോണ്ട് നമ്മൾ ഇറക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളും ഇത്തരം ഇടപാട് നടത്തിവരുന്നുണ്ട്. ചില സംസ്ഥാനങ്ങൾക്ക് ഇതിനെക്കാൾ കൂടുതലാണ് പലിശ. സംസ്ഥാനങ്ങളുടെ പേരൊന്നും പറയുന്നില്ല. പണം കടമെടുത്താൽ തിരിച്ചുനൽകാൻ നാം ബാദ്ധ്യസ്ഥരാണ്.

മസാലബോണ്ട് ഇടപാട് ഉയർന്ന പലിശബാദ്ധ്യത വരുത്തുമെന്ന ആക്ഷേപത്തെ വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്ന ചീഫ് സെക്രട്ടറി ടോം ജോസും തള്ളി. 9.723 ശതമാനമാണ് നാം നൽകുന്ന പലിശ. ഈ ബോണ്ടുകൾ ആഭ്യന്തരവിപണിയിൽ ഇഷ്യു ചെയ്യാൻ ആലോചിച്ചപ്പോൾ റിസർവ് ബാങ്ക് അംഗീകരിച്ച ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളും സാമ്പത്തികോപദേഷ്ടാക്കളും 10.25 ശതമാനത്തിന്റെ ക്വട്ടേഷനാണ് തന്നത്. അപ്പോൾ രാജ്യത്തിന് പുറത്ത് 9.723 ശതമാനമെന്നത് അതിനെക്കാൾ താഴ്ന്ന നിരക്കാണെന്നും ടോം ജോസ് പറഞ്ഞു.