കിളിമാനൂർ: ഓടകൾ വൃത്തിയാക്കി, സ്ലാബുകൾ സ്ഥാപിച്ചതോടെ കാൽ നടയാത്രക്കാർക്കും, കച്ചവടക്കാർക്കും ഇനി ആശ്വസിക്കാം. സംസ്ഥാന പാതകൾക്കും ജില്ലാ പാതകൾക്കും അരികെ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകൾ നോക്കുകുത്തിയായതോടെ മലിജലം റോഡിലൂടെ ഒഴുകുകയായിരുന്നു. മഴപെയ്താൽ മലിജലം കച്ചവടസ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തുമായിരുന്നു.
കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡുകളിൽ മിലനജലം നിറഞ്ഞു കിടക്കുന്നതിനാൽ റോഡ് തകരുകയായിരുന്നു. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ കോടികണക്കിന് രൂപ ചെലവിട്ടാണ് സംസ്ഥാന പാതയായ എം.സി റോഡ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി റോഡരികിൽ ഓടകളുടെ നിർമ്മാണവും നടന്നിരുന്നു. രണ്ടടി പോലും വീതിയില്ലാത്ത ഓടകൾ സ്ലാബിട്ട് മൂടാതെയാണ് പലയിടത്തും നിർമ്മിച്ചത്. പല ഭാഗങ്ങളിലും കുന്നുകളോട് ചേർന്ന് നിർമ്മിച്ച ഓടകളിൽ മണ്ണിടിഞ്ഞ് ഓട മൂടി. സ്വകാര്യ വ്യക്തികൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഓടകൾ മൂടി വഴി ഉണ്ടാക്കിയത് ഓടകളിലെ ജലം ഒഴുക്ക് നിലയ്ക്കുന്നതിന് കാരണമായി. ചിലയിടങ്ങളിൽ സാമൂഹ്യ വിരുദ്ധർ ഓടകൾ മൂടി വളർന്ന പുല്ലിനിടയിലേക്ക് കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയതോടെ ആ ഭാഗങ്ങളില ഓടകളും അടഞ്ഞിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടി കാട്ടി കേരള കൗമുദി ഏപ്രിൽ 17 ന് " മലിന ജലം ഒഴുകും റോഡുകൾ " എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു.ഇതേ തുടർന്ന് സംസ്ഥാന പാതയിലെ ഓടകളിലെ മാലിന്യം നീക്കം ചെയ്യുകയും ഓടകളിൽ സ്ലാബുകൾ സ്ഥാപിക്കുകയുമായിരുന്നു. പൊട്ടിപൊളിഞ്ഞ സ്ലാബുകൾ മാറ്റുകയും, സംസ്ഥാന പാതയിൽ സ്ലാബുകൾ ഇല്ലാത്തിടത്ത് സ്ലാബുകൾ സ്ഥാപിക്കുകയും ചെയ്തതോടെ കാൽനടക്കാരും, കച്ചവടക്കാരും ആശ്വാസത്തിലാണ്.