തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് സേവ് യൂണിവേഴ്സിറ്റി കോളേജ് കാമ്പെയ്ൻ കമ്മിറ്റി മുൻകൈയെടുത്ത് സ്വതന്ത്ര ജനകീയ ജുഡിഷ്യൽ അന്വേഷണ കമ്മിഷന് രൂപം നൽകി. കോളേജിനെ കുറിച്ചുയർന്ന പരാതികൾ അന്വേഷിച്ച് സർക്കാരിനും ഹൈക്കോടതിക്കും കമ്മിഷൻ റിപ്പോർട്ട് നൽകും. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.കെ.ഷംസുദീൻ ചെയർമാനായ സമിതിയിൽ യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പലും മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗവുമായ എസ്.വർഗീസ്, കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം വി.തങ്കമണി, ബാലാവകാശ കമ്മിഷൻ മുൻ അംഗം ജെ.സന്ധ്യ എന്നിവർ അംഗങ്ങളായിരിക്കും. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രൊഫസർ എ.ജോർജ് മെമ്പർ സെക്രട്ടറിയാണ്.
കമ്മിഷന്റെ ടേംസ് ഒഫ് റഫറൻസ് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കും. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് നേരിട്ടോ enquirycommissionunicollege@gmail.com എന്ന ഇ- മെയിൽ വഴിയോ പരാതി നൽകാം. രണ്ട് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കാമ്പെയ്ൻ കമ്മിറ്റി സെക്രട്ടറി എം.ഷാജർഖാൻ, യൂണി. കോളേജ് മുൻ പ്രിൻസിപ്പൽ മോളി മേഴ്സിലിൻ, കമ്മിറ്റി നിർവാഹക സമിതി അംഗം കെ.ജി. വിജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.