തിരുവനന്തപുരം: വിവിധ വാർഡുകളിലെ കെ.എസ്.ഇ.ബിയുടെ അറ്റകുറ്റപ്പണിയും പുതിയ കണക്‌ഷൻ നൽകുന്ന നടപടികളും അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് പവർഹൗസ് റോഡിലെ ഓഫീസിൽ കൗൺസിലർമാർ പ്രതിഷേധവുമായെത്തിയത്. നഗരസഭ 10 കോടിയോളം രൂപ നൽകിയിട്ടും കെ.എസ്.ഇ.ബി പണിപൂർത്തിയാക്കാൻ തയ്യാറാകാതെ ജനങ്ങളെ വലയ്ക്കുകയാണെന്ന് കൗൺസിലർമാർ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന ജോലികൾ ജൂൺ 30ന് മുമ്പ് പൂർത്തീകരിക്കാമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ. രാധാകൃഷ്ണകുമാർ ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി. അനിൽകുമാർ, വിവിധ കക്ഷിനേതാക്കാളായ ബീമാപള്ളി റഷീദ്, ജോൺസൺ ജോസഫ്, പീറ്റർ സോളമൻ, ആർ.എസ്. മായ, വി.ആർ. സിനി എന്നിവർ നേതൃത്വം നൽകി.