നേമം: മണ്ണ് ശേഖരിക്കാൻ പോകുന്ന ടിപ്പറുകളുടെ സഞ്ചാരം മൂലം അടുത്തിടെ ടാർ ചെയ്ത മൊട്ടമൂട്-കൊയ്തൂർക്കോണം - പഴിഞ്ഞിനട റോഡ് തകർന്നതായി പരാതി. മാസങ്ങൾക്ക് മുൻമ്പ് ഇരുവാർഡുകളിലായി കടന്നു പോകുന്ന റോഡിന്റെ 700 മീറ്ററോളം വരുന്ന ഭാഗം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടായ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ടാറിംഗ് പൂർത്തീകരിച്ചത്. ടിപ്പറുകൾ മണ്ണെടുക്കുന്നതിനായി നിരന്തരം സഞ്ചരിക്കാൻ തുടങ്ങിയതോടെ സ്വാതിനഗറിനു സമീപത്തുളള ഒരു പാലവും തകർച്ചയിലാണ്.
ടിപ്പറുകളുടെ മരണപാച്ചിൽ ഏറിയതോടെ അടുത്തിടെ നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു റോഡുവഴിയായി ടിപ്പറുകളുടെ സഞ്ചാരം.മണ്ണുമായി പോകുന്ന ടിപ്പറുകളിൽ ചിലതിന് അംഗീകൃത പാസില്ലെന്ന പരാതിയെ തുടർന്ന് രണ്ട് ടിപ്പറുകൾ അടുത്തിടെ പിടികൂടി 50,000 രൂപ പിഴയീടാക്കിയിരുന്നുയെന്നും നരുവാമൂട് എസ്.എെ പറഞ്ഞു. ടിപ്പറുകളുടെ നിരന്തര സഞ്ചാരം മൂലം തകർന്ന റോഡും പാലവും അറ്റകുറ്റപ്പണി ചെയ്യുന്നതിന് തീരുമാനമെടുത്തിട്ടുളളതായും ഉടൻതന്നെ പണി പൂർത്തീകരിക്കുമെന്നും പെരിങ്ങോട് വാർഡ് മെമ്പർ വത്സല പറഞ്ഞു.