തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഏകീകരണം ചർച്ച ചെയ്യാൻ ചേർന്ന അദ്ധ്യാപക സംഘടനകളുടെ യോഗം അലസിപ്പിരിഞ്ഞു. ഖാദർ കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിക്കാനാവില്ലെന്ന് ഹയർസെക്കൻഡറി അദ്ധ്യാപക സംഘടനകൾ നിലപാടെടുത്തതോടെയാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗം തെറ്റിപ്പിരിഞ്ഞത്. അതേസമയം ഖാദർ കമ്മിറ്റി നിർദ്ദേശങ്ങൾ ഓരോ ഘട്ടത്തിലും കൂടിയാലോചനകൾ നടത്തി സമവായമുണ്ടാക്കി ഈ വർഷം തന്നെ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. 28ന് വിദ്യാഭ്യാസ മന്ത്രി സംഘടനാ നേതാക്കളുമായി നടത്താനിരിക്കുന്ന ചർച്ചയുടെ മുന്നോടിയായിട്ടാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചർച്ച നടത്തിയത്. ഖാദർ കമ്മിഷൻ റിപ്പോർട്ട് തത്ത്വത്തിൽ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതേപടി നടപ്പാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. റിപ്പോർട്ടിലെ പൊതുജന നന്മയെ ആസ്പദമാക്കിയുള്ള കാര്യങ്ങൾ നടപ്പിലാക്കും. സർക്കാർ വെബ്‌സൈറ്റിൽ ഇത് ലഭ്യമായതിനാൽ പൊതുജനങ്ങൾക്കും പ്രതികരിക്കാം. പൊതുവിദ്യാഭ്യാസവകുപ്പും ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുകളും ലയിപ്പിച്ച് ഈ അദ്ധ്യയന വർഷം തന്നെ ഒരു ഡയറക്ടറുടെ കീഴിലാക്കും. പരീക്ഷാ ബോർഡുകളും ഏകീകരിക്കും. നിലവിലുള്ള എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഘടന നിലനിറുത്തും. നിലവിലുള്ള ആരുടേയും സേവന വേതന ഘടനയിൽ ഒരു മാറ്റവും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. ഹയർസെക്കൻഡറി അദ്ധ്യാപക സംഘടനകൾ ഒറ്റക്കെട്ടായി ഏകീകരണത്തെ എതിർക്കുകയും ചർച്ച ബഹിഷ്‌കരിക്കുകയും ചെയ്തു. ഇവർക്കൊപ്പം ഹൈസ്‌കൂൾ അദ്ധ്യാപകരുടെ പ്രതിപക്ഷ സംഘടനയും ഏകീകരണത്തെ എതിർത്തു. ഏകീകരണവുമായി നീങ്ങിയാൽ ജൂൺ മൂന്ന് മുതൽ സമരം ആരംഭിക്കുമെന്ന് അദ്ധ്യാപകസംഘടനാ പ്രതിനിധികൾ അറിയിച്ചു. വിഷയത്തിൽ വിദ്യാഭ്യാസമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഖാദർ കമ്മിറ്റി ശുപാർശ നടപ്പാക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ ശക്തമായി നേരിടുമെന്നും സംയുക്ത അദ്ധ്യാപക സമിതി നേതാക്കൾ പറഞ്ഞു.