വിതുര: അവധിക്കാലം തുടങ്ങിയ ശേഷം പൊൻമുടി -കല്ലാറിലേക്ക് ദിനവും നൂറുകണക്കിന് സഞ്ചരികളാണ് എത്തുന്നത്. എന്നാൽ ഈ പാതമുഴുവൻ ദിവസം കഴിയുംതോറും മാലിന്യനിക്ഷേപം രൂക്ഷമായി വരികയാണ്. ആനപ്പാറ മുതൽ റോഡിന് ഇരുവശത്തും മാലിന്യങ്ങളും മദ്യക്കുപ്പികളും സ്ഥാനം പിടിച്ചിരിക്കുകയാണ്. വന പ്രദേശമായതിനാൽ മദ്യപ സംഘങ്ങൾ ഒത്തുകൂടുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടെ. റോഡിലേക്ക് വരെ മദ്യക്കുപ്പികൾ വിലിച്ചെറിയുന്നതും എറിഞ്ഞുപൊട്ടിക്കുന്നതും പതിവാണ്. പൊൻമുടിയിൽ മദ്യം നിരോധിച്ചിരിക്കുന്നതിനാൽ കല്ലാർ വനമേഖലയാണ് ഇവരുടെ താവളം. ഇവിടെ കുപ്പിച്ചില്ലുകൾ നിറഞ്ഞിരിക്കുകയാണ്. വെള്ളക്കുപ്പികളുടെ എണ്ണവും കുറവല്ല. എണ്ണമയമുള്ള പ്ലാസ്റ്റിക് കവറുകളാണ് മറ്റൊരു പ്രശ്നം.
ടൂറിസ്റ്റുകൾ കല്ലാർ, ഗോൾഡൻവാലി മേഖലകളിൽ വിശ്രമിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് പൊൻമുടിയിൽ എത്തുന്നത്. ഇവർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക്കും കുപ്പികളും പാതയോരത്ത് ഉപേക്ഷിക്കുകയാണ് പതിവ്. മാത്രമല്ല കല്ലാർ നദിയിൽ ഉൾപ്പെടെ മാലിന്യം വൻ തോതിൽ നിക്ഷേപിക്കുന്നതായും പരാതിയുണ്ട്. സഞ്ചാരികൾ വലിച്ചെറിയുന്ന ഇത്തരം മാലിന്യങ്ങൾ ആഴ്ചകളായി കല്ലാർ പൊൻമുടി പാതയോരത്ത് ചിതറികിടക്കുകയാണ്.
പൊൻമുടിയിലും കല്ലാറിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനായി ആനപ്പാറ മുതൽ കല്ലാർ വരെ വനം വകുപ്പ് വിവിധ കേന്ദ്രങ്ങളിൽ വേസ്റ്റ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ബോക്സുകൾ മുഴുവൻ മാലിന്യം നിറഞ്ഞിരിക്കുകയാണ്. മാത്രമല്ല മാലിന്യം അഴുകി ദുർഗന്ധവും പരത്തുന്നുണ്ട്. ടൂറിസ്റ്റുകൾ മൂക്കു പൊത്തേണ്ട അവസ്ഥയാണ് നിലവിൽ. വനംവകുപ്പും വിനോദസഞ്ചാരവകുപ്പും ഇവിടെ കാര്യക്ഷമമല്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
റോഡരികിൽ വലിച്ചെറിയുന്ന മാലിന്യം തിന്നാൻ നായ്ക്കൾ തമ്പടിക്കുന്നത് ടൂറിസ്റ്റുകൾക്കു തലവേദന സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് ടൂറിസ്റ്റുകൾ കല്ലാറിന് സമീപം വച്ച് തെരുവ്നായ്ക്കളുടെ ആക്രമണത്തിന് വിധേയരായി. കല്ലാർ, ആനപ്പാറ മേഖലകളിൽ തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചെന്നും അനവധി പേരെ നായ്ക്കൾ കടിച്ചതായും നാട്ടുകാർ പരാതിപ്പെട്ടു.
ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ വെള്ളം ലഭിക്കുന്നത് വാമനപുരം നദിയിൽ നിന്നാണ്. മലനിരയിലെ ചെമ്മുഞ്ചി മൊട്ടയിൽ നിന്നും മൂന്ന് നീരുറവകളിലായി ഉദ്ഭവിച്ച് കല്ലാറിൽ ഒരുമിച്ച് ചേർന്നൊഴുകുന്ന വാമനപുരം നദി മാലിന്യക്കൂമ്പാരമായാണ് പിന്നീട് ഒഴുകുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലും പ്രധാന ജലവാഹിയായ ഈ ആറ്റിലേക്കുള്ള മാലിന്യ നിക്ഷേപത്തിന് യാതൊരു കുറവുമില്ല. വേനലെത്തിയതോടെ വാമനപുരം നദിയിലെ നീരൊഴുക്ക് കുറഞ്ഞു ഇതോടെ ആറിന്റെ അടിത്തട്ട് മുഴുവൻ മാലിന്യക്കൂമ്പാരമായി. ഒപ്പം പെട്ടെന്ന് പടർന്നുപിടിക്കുന്ന പ്രത്യേകതരം പാലയും കൂടിയായതോടെ ആറിൽ കുളിക്കാൻ പോലും പറ്റാതായി. സഞ്ചാരികളുടെ മാലിന്യ നിക്ഷേപത്തിന് പുറമേ വീടുകളിലെയും കടകളിലെയും മാലിന്യ നിക്ഷേപവുമുണ്ട്. ഒപ്പം അറവുമാലിന്യവും. ഇതിന്റെ ദുരന്തം അനുഭവിക്കുന്നതാകട്ടെ വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസികളും. ദുർഗന്ധം സഹിച്ചാണ് ഇവർ ഇവിടെ കഴിയുന്നത്.