1

വിഴിഞ്ഞം: തിരിഞ്ഞു നോക്കാനാളില്ലാതെ ഫിഷറീസ് വകുപ്പിന്റെ ലക്ഷങ്ങളുടെ ബോട്ട് നശിക്കുന്നു. വകുപ്പ് 6 വർഷം മുൻപ് വാങ്ങിയ ബോട്ടാണ് വിഴിഞ്ഞം പുതിയ വാർഫിൽ നശിക്കുന്നത്. ഇത് വാങ്ങുമ്പോൾ ശീതികരണ സംവിധാനവും അത്യാധുനിക സംവിധാനങ്ങളും ഉണ്ടായിരുന്നു. 65 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ ബോട്ട് പരീക്ഷണ ഓട്ടം ഉൾപ്പെടെ ഒന്നോ രണ്ടോ തവണ മാത്രമേ കടൽയാത്ര നടത്തിയിട്ടുള്ളൂ. രക്ഷാപ്രവർത്തനം കടൽ സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന വാടക ബോട്ടിനെ ഒഴിവാക്കാനായാണ് അന്ന് പുത്തൻബോട്ട് വാങ്ങിയത്. പരീക്ഷണ ഓട്ടം നടത്തിയപ്പോൾ തന്നെ ഇത് കടലിൽ ഓടിക്കാൻ പറ്റിയ രൂപകൽപ്പനയല്ലെന്ന് മനസ്സിലായി. ചെറിയ കടൽ തിരയിൽപ്പോലും ഇത് മറിയും. ശാന്തമായ ജലാശയങ്ങളിൽ മാത്രമേ ഇത്തരം ബോട്ട് ഉപയോഗിക്കാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു. അതിനാൽ അന്ന് ഈ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ വിസമ്മതിച്ചു. അന്നു മുതൽ ഓടിക്കാനാകാതെ ബോട്ടിനെ പുതിയ വിഴിഞ്ഞം വാർഫനു സമീപത്ത് കെട്ടിയിട്ടു. കേസിൽപ്പെട്ട് വിഴിഞ്ഞത്ത് കഴിഞ്ഞിരുന്ന ബ്രഹ്മേക്ഷര ടഗ്ഗിന്റെ സമീപത്ത് കെട്ടിയിട്ടിരുന്ന ബോട്ട് ടഗ്ഗ് മറിഞ്ഞപ്പോൾ അതിനടിയിൽപ്പെട്ടു. ബോട്ടിന്റെ ഏതാനും ഭാഗങ്ങളും നശിച്ചു. ടഗ്ഗിന്റെ അടിയിൽ നിന്നും ബോട്ടിനെ വീണ്ടെടുത്ത് കരയിൽ കയറ്റി വച്ചിരിക്കുകയാണിപ്പോൾ. സീസൺ അടുക്കുമ്പോൾ എപ്പോഴും കടൽനിരീക്ഷണത്തിലായിരിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് ഇപ്പോഴും വാടക ബോട്ടിനെയാണ് ആശ്രയിക്കുന്നത്. ഈയിനത്തിലും സർക്കാരിന് വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. നാശത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ബോട്ട് അഗ്നി ശമന സേനയ്ക്ക് കൈമാറിയാൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.