kerala-flood

തിരുവനന്തപുരം: വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള ഡച്ച് മാതൃകയായ റൂം ഫോർ റിവർ പദ്ധതി കുട്ടനാട് പോലെ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്ന പ്രദേശങ്ങളിൽ

പ്രയോജനപ്പെടുമെന്നും പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയാനന്തര ആവശ്യകത വിലയിരുത്തൽ സംബന്ധിച്ച റിപ്പോർട്ടിന്മേലുള്ള (പി.ഡി.എൻ.എ) തുടർനടപടി ഉടൻ സ്വീകരിക്കും. റിപ്പോർട്ടിലെ ശുപാർശകളും സംയോജിത ജലവിഭവ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം അഡിഷണൽ ചീഫ്സെക്രട്ടറി വിളിച്ചുചേർക്കുമെന്നും യൂറോപ്യൻ പര്യടനത്തിന് ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നെതർലൻഡ്സിലെ ജലപരിപാലന മാർഗങ്ങൾ പ്രയോജനപ്പെടുത്തും. യൂറോപ്യൻ പര്യടനത്തിൽ മനസിലാക്കിയ കാര്യങ്ങൾ കേരളത്തിന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നടപ്പാക്കാനുള്ള തുടർനടപടിക്ക് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. യു.എൻ.ഡി.പിയുടെ ക്രൈസിസ് റെസ്പോൺസ് യൂണിറ്റ് ഡയറക്ടറായ അസാക്കോ ഒക്കായിയുമായി നടത്തിയ ചർച്ചയിൽ കേരളത്തിന്റെ പുനർനിർമ്മാണത്തിന് യു.എൻ.ഡി.പിയുടെ സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന്റെ സാദ്ധ്യതകളാരാഞ്ഞു. തുടർസഹായത്തിന്റെ കാര്യത്തിൽ സംസ്ഥാനസർക്കാരുമായി കോ-ഓർഡിനേറ്റ് ചെയ്യാൻ യു.എൻ.ഡി.പിയുടെ പ്രതിനിധിയായി ഒരംഗത്തെ നിയോഗിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെതർലൻഡ്സിലെ കൃഷി സെക്രട്ടറി ജനറലുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അവരുടെ സഹകരണത്തോടെ കേരളത്തിൽ പുഷ്പ, ഫല മേഖലയിൽ സെന്റർ ഒഫ് എക്സലൻസ് ആരംഭിക്കും. കേരളത്തിലെ കയർമേഖലയുടെ വളർച്ചയ്ക്കുതകുന്ന വിധം ഡച്ച് പ്ലാന്റിന്റെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്കും വ്യാപിപ്പിക്കാൻ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും.