തിരുവനന്തപുരം : വിദ്യാർത്ഥികൾ നൽകാനുള്ള നിയമാനുസൃതമായ ഫീസോ മറ്റ് തുകയോ അടച്ചില്ലെന്ന കാരണത്താൽ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ മറ്റ് രേഖയോ തടയാൻ പ്രധാനാദ്ധ്യാപകന് അധികാരമില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ വ്യക്തമാക്കി. ഇത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും. ഇക്കാര്യത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ഹയർ സെക്കൻഡറി ഡയറക്ടർ, സി.ബി.എസ്.ഇ റീജിയണൽ ഓഫീസർ എന്നിവർ ഉത്തരവിറക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. കണ്ണൂർ മട്ടന്നൂർ മലബാർ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടിയുടെ ടി.സി തടഞ്ഞ പരാതി തീർപ്പാക്കിയാണ് കമ്മിഷൻ ചെയർമാൻ പി. സുരേഷ്, അംഗം കെ. നസീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദ്ദേശിച്ചത്.