തിരുവനന്തപുരം : ജനീവയിലെയും ബേണിലെയും മാലിന്യസംസ്കരണ സംവിധാനത്തിന്റെ സാദ്ധ്യത സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളെയടക്കം സമന്വയിപ്പിച്ച് ബ്ലോക്ക്, മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ മാലിന്യസംസ്കരണം യാഥാർത്ഥ്യമാക്കും. സോന്റ ഗ്ലോബൽ എന്ന അടിസ്ഥാനസൗകര്യ വികസന കമ്പനിയുമായും പാക് എന്ന മലിനജല സംസ്കരണ കമ്പനിയുമായും ചർച്ച നടത്തി. കേരളത്തിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സജ്ജമാക്കുന്നതിനും വേസ്റ്റ് ടു എനർജി എന്ന ആശയം പ്രാവർത്തികമാക്കുന്നതിനും ഇവയുടെ സഹായം തേടുന്നതിനെക്കുറിച്ച് ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും.
സ്വിറ്റ്സർലൻഡിൽ നിന്നുള്ള നിക്ഷേപം ആകർഷിക്കാൻ സ്വിസ് ഫെഡറൽ കൗൺസിലറായ ഗൈ പാർമെലിനുമായി ചർച്ച നടത്തി. സ്വിറ്റ്സർലൻഡിൽ നിന്ന് കേരളത്തിലേക്ക് ബിസിനസ് പ്രതിനിധിസംഘം വരും. കേരളത്തിന്റെ സംഘം സ്വിറ്റ്സർലൻഡിലേക്കും പോകും. സ്വിറ്റ്സർലൻഡിലെ സി.ഇ.ഒമാരും മുതിർന്ന സർക്കാരുദ്യോഗസ്ഥരും കേരളത്തിലെ വ്യവസായപാർക്കുകളിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ചു.
പാരീസിലെ സ്കൂൾ ഒഫ് എക്കണോമിക്സിൽ പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. തോമസ് പിക്കറ്റിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സാമ്പത്തികശാസ്ത്രജ്ഞരുമായും സർവകലാശാലകളുമായും ആശയവിനിമയം നടത്താൻ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിക്ഷേപങ്ങൾ നടത്താൻ താത്പര്യമുള്ളവർക്ക് ഇന്ത്യൻ എംബസിയിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
മലയാളിയായ പാർലമെന്റംഗത്തെ ക്ഷണിച്ചു
സ്വിറ്റ്സർലൻഡിലെ മലയാളിയായ പാർലമെന്റംഗം നിക്കളോസ് സാമുവൽ ഗുഗറിനെ കേരളത്തിലേക്ക് ക്ഷണിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുഗറിനെ നാലാം വയസിൽ കേരളത്തിൽ നിന്ന് ദത്തെടുത്ത് കൊണ്ടുപോയതാണ്.