കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കടവിൽ മൂല കായൽ ബണ്ട് റോഡ് സംരക്ഷിക്കുന്നതിനും കായൽത്തീരം മനോഹരമാക്കുന്നതിനുമുള്ള പദ്ധതികൾ വൈകുന്നതായി പരാതി. കായൽ സംരക്ഷിക്കാനും ടൂറിസ്റ്റുകളെ ആകർഷിക്കാനും കായൽ തീരം മനോഹരമാക്കാനുമുള്ള പദ്ധതികളാണ് അധികാരികളുടെ അനാസ്ഥ കാരണം ഇഴയുന്നത്. മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കായൽമൂല ബണ്ഡ് റോഡ് സംരക്ഷണത്തിനായി 37 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബണ്ട് റോഡിന്റെ വശങ്ങളിൽ മണ്ണ് നിരത്തി ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രക്രിയയും കഴിഞ്ഞു. ഇവിടെ വനം വകുപ്പിന്റെ സഹായത്തോടെ ലഭിച്ച പ്രത്യേകതരം പുല്ലും തണൽമരങ്ങളും ഔഷധസസ്യങ്ങളും സ്ഥാനം പിടിക്കുകയും ചെയ്തു. മനോഹാരിത കൂട്ടാൻ പൂച്ചെടികളും വച്ചുപിടിപ്പിച്ചു. റോഡിൽ നിന്ന് ഒരടി ഉയരത്തിൽ പ്ലാറ്റ്ഫോം രൂപപ്പെടുത്തി അതിനു മുകളിൽ 75 സെ.മീ. ഉയരത്തിൽ ജി.ഐ പൈപ്പ് കൊണ്ട് കൈവരിയും നിർമ്മിച്ചു. ഇതോടെ റോഡിന്റെ പണികൾക്കും നവീകരണത്തിനും 15 ലക്ഷം രൂപയും ടൈൽ പാകിയ കോൺക്രീറ്റ് ബെഞ്ചുകൾ സ്ഥാപിക്കാൻ 1 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്നു അനുവദിച്ചു. എന്നാൽ പദ്ധതി പൂർത്തിയാക്കിയ ശേഷം കായൽ സംരക്ഷണത്തിനും സഞ്ചാരികളെ ആകർഷിക്കുന്നതിനും പഞ്ചായത്തിന്റെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ല.
പദ്ധതികളും പാളി
ഇന്ധനത്തിന്റെ ഉപയോഗം വെള്ളത്തിനെ ദോഷകരമാക്കുമെന്നതിനാൽ ടൂറിസ്റ്റുകൾക്കായി സോളാർ ബോട്ടുകൾ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ ബോട്ട് ക്ലബ് തുടങ്ങി. ഇതോടൊപ്പം കൊട്ടവള്ളവും പ്രയോജനപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ പദ്ധതികളൊന്നും ഫലം കണ്ടില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിൽ രഹിതർക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. അതും നടന്നില്ല. കുടുംബശ്രീയുടെ നേതൃത്വത്തിൽ കായൽ മത്സ്യങ്ങളുടെ സംഭരണവും വില്പനയും നടത്താനും പദ്ധതിയുണ്ടായിരുന്നെങ്കിലും അതും പാളി.