trial-allotment

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് www.hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

തെറ്റുകൾ തിരുത്താനും ഓപ്ഷനുകൾ പുനക്രമീകരിക്കാനും ചൊവ്വാഴ്ച വരെ സമയമുണ്ട്. ആകെയുള്ള 2,42,570ൽ 2,000,99 സീറ്റുകളിലേക്കാണ് ട്രയൽ അലോട്ട്‌മെന്റ് നടത്തിയത്. 42471 സീറ്റുകൾ അവശേഷിക്കുന്നു. പ്ലസ് വൺ പ്രവേശനത്തിനായി ആകെ 4,79,730 അപേക്ഷകളാണ് ലഭിച്ചത്.
വിദ്യാർത്ഥികൾക്ക് അപേക്ഷാ നമ്പരും ജനനത്തീയതിയും നൽകി സാദ്ധ്യതാ അലോട്ട്‌മെന്റ് പരിശോധിക്കാം. സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റുകൾ വെബ്‌സൈറ്റിൽ അഡ്മിൻ യൂസറായി ലോഗ് ഇൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം.
തിരുത്തലിനും ഓപ്ഷൻ പുനഃക്രമീകരണത്തിനുമുള്ള അപേക്ഷ ചൊവ്വാഴ്ച വൈകിട്ട് നാലിന് മുമ്പായി ആദ്യം അപേക്ഷ സമർപ്പിച്ച സ്‌കൂളുകളിൽ സമർപ്പിക്കണം. അപേക്ഷകൾ വെരിഫൈ ചെയ്യാത്തവരും ചൊവ്വാഴ്ച വൈകിട്ട് നാലിന് മുമ്പായി ഏതെങ്കിലും സർക്കാർ, എയ്ഡഡ് സ്‌കൂളിൽ അനുബന്ധ രേഖകൾ സഹിതം അപേക്ഷിക്കണം. സ്‌കൂളുകളിൽ നിന്ന് വൈകിട്ട് അഞ്ചിന് മുമ്പായി തിരുത്തലുകൾ നടത്തി കൺഫർമേഷൻ നൽകണം.
ഇനിയും കൗൺസലിംഗിന് ഹാജരാകാത്ത ഭിന്നശേഷി വിദ്യാർത്ഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലാ കൗൺസലിംഗ് സമിതിയിൽ ഹാജരാക്കി ചൊവ്വാഴ്ച തന്നെ റഫറൻസ് നമ്പർ വാങ്ങി അപേക്ഷയിൽ ഉൾപ്പെടുത്തണം.

ട്രയൽ അലോട്ട്‌മെന്റ് 24ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാദ്ധ്യതാ ലിസ്റ്റ് മാത്രമാണെന്നും പ്രവേശനം നേടാൻ ആദ്യ അലോട്ട്‌മെന്റ് വരെ കാത്തിരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.