gold

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരെ ഡി.ആർ.ഐ ചോദ്യം ചെയ്‌തു. സ്വർണം സുരക്ഷിതമായി പുറത്തെത്തിക്കാനും സ്വർണക്കടത്ത് സംഘത്തിന് വിവരം കൈമാറാനും ജീവനക്കാർ പ്രവർത്തിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണിത്.

അതിനിടെ പ്രധാന പ്രതിയായ അഭിഭാഷകൻ ബിജു അടക്കം ഇരുപതോളം പ്രതികളുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ബിജുവിനെ പിടികൂടാൻ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഇയാൾ തലസ്ഥാനത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ബിജു ഒളിവിൽ കഴിഞ്ഞ ഗോഡൗണിന് സമീപം വരെ ഡി.ആർ.ഐ എത്തിയെങ്കിലും വിവരം മണത്തറിഞ്ഞ് അവസാന നിമിഷം ഇയാളും ഒപ്പമുള്ളവരും രക്ഷപ്പെട്ടു. സ്വർണക്കടത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം സ്വദേശികളായ പ്രകാശൻ, വിഷ്ണു, തിരുവനന്തപുരത്തെ ഒരു ജുവലറി മാനേജർ ഹക്കിം തുടങ്ങിയവരും ഒളിവിലാണ്.

ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കോടതി 24ന് പരിഗണിക്കുന്നുണ്ട്. സ്വർണം കടത്തിക്കൊണ്ടുവന്ന സെറീന, സുനിൽകുമാർ എന്നിവരെയും ബിജുവിന്റെ ഭാര്യ വിനീതയെയും മാത്രമാണ് ഇതുവരെ പിടികൂടാനായത്. സ്വർണം വാങ്ങുന്നവർ ചില വൻകിടക്കാരുടെ ബിനാമികളാണെന്നും സംശയമുണ്ട്.

അതേസമയം സി.സി ടിവി കാമറകളുടെ പരിധിയിൽപ്പെടാത്ത വിമാനത്താവളത്തിലെ സ്ഥലങ്ങളിലാണ് കാരിയർമാർ സ്വർണം കൈമാറുന്നതെന്നും ഡി.ആർ.ഐ കണ്ടെത്തി. കസ്റ്റംസ്, എമിഗ്രേഷൻ, വിമാനത്താവള അതോറിട്ടി ജീവനക്കാർ എന്നിവരുടെ സഹായമില്ലാതെ ഹാൻഡ് ബാഗിൽ 25 കിലോ സ്വർണം കടത്താനാവില്ല. ടോയ്‌ലറ്റുകൾ, വേസ്റ്റ് ബിന്നുകൾ എന്നിവിടങ്ങളിൽ സുരക്ഷിതമായി ഒളിപ്പിക്കുന്ന സ്വർണം കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെടാതെ പുറത്തെത്തിച്ചിരുന്നതും ജീവനക്കാരാണ്.

വിദേശത്ത് നിന്നെത്തിക്കുന്ന സ്വർണം പല വഴികളിലൂടെയാണ് പുറത്തെത്തിക്കുന്നത്. ഒരാൾ കുറഞ്ഞത് പത്ത് കിലോ സ്വർണം കടത്തിക്കൊണ്ടുവരും. ഇതിന് കസ്റ്റംസിന്റെ സഹായമുണ്ടാകുമെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് സ്വർണം സംഘടിപ്പിക്കുന്നവർക്കും വാങ്ങുന്നവർക്കും കടത്ത് സംഘത്തിനും സഹായികളായ ഉദ്യോഗസ്ഥർക്കും പണം ലഭിക്കും. മുമ്പ് നിരവധി തവണ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തുന്നത് പിടിച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ പേരിൽ അന്വേഷണം ഒതുക്കുകയാണ് പതിവ്. പ്രതികളെ സംരക്ഷിക്കുന്നതും ഒളിത്താവളമൊരുക്കുന്നതും വമ്പന്മാരാണ്.