ആറ്റിങ്ങൽ: സ്വയം തൊഴിലിലൂടെ വനിതകൾക്ക് സ്വയംപര്യാപ്‌തത കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വനിതകൾക്കായി ആറ്റിങ്ങലിൽ ആരംഭിച്ച വ്യവസായ കേന്ദ്രം അവഗണനയിൽ. രണ്ടുനില കെട്ടിടം നിർമ്മിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയായിരുന്നു അന്ന് നിർമ്മാണം പൂർത്തിയാക്കിയത്. തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടന്നെങ്കിലും പിന്നീട് അധികൃതർ ശ്രദ്ധിക്കാതെ വന്നതോടെ എല്ലാ യൂണിറ്റുകളും നഷ്ടം കാരണം പൂട്ടുകയായിരുന്നു. ആറ്റിങ്ങലിൽ വനിതാ വ്യവസായ കേന്ദ്രം ആരംഭിച്ചത് കേരളത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഒഡിഷ, ആഡ്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം ജനകീയ വികസന പദ്ധതികളെക്കുറിച്ച് പഠിക്കാനായി കേരളത്തിലെത്തിയവരുടെ ആകർഷണ കേന്ദ്രമായിരുന്നു ഇത്. അടുത്തിടെ ഒരു മുറിയിൽ വനിതകൾ ടെക്സ്റ്റൈൽസ് ഉപയോഗത്തിനുള്ള നോൺ വേവൻ കവറുകൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം നടക്കുന്നതിനുമുമ്പ് കുറേ ഓർഡർ ലഭിച്ചതിനാൽ അതിന്റെ വർക്കുമാത്രം നടന്നു. ഇപ്പോൾ അതും പൂട്ടി. കുടുംബശ്രീ യൂണിറ്റുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായകേന്ദ്രം ആരംഭിച്ചത്. എന്നാൽ പരിസരം മുഴുവൻ കാടുകയറി നശിക്കുകയാണ്.

വ്യവസായ കേന്ദ്രം ആരംഭിച്ചത് - 2002ൽ
പദ്ധതി തുക - 20 ലക്ഷം

നശിക്കുന്നു

ലക്ഷങ്ങൾ വിലപിടിപ്പുള്ള 13 കമ്പ്യൂട്ടറുകൾ പൊടിപിടിച്ച് നശിക്കുന്നു
കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ബീം പോലും ക്രാക്ക് വീണ് ബലക്ഷയം സംഭവിച്ചു
പരിസരം കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രം

പ്രവർത്തിച്ചിരുന്ന യൂണിറ്റുകൾ
-------------------------------------------------

പ്ളാസ്റ്റിക് ഫ്ളവർ നിർമ്മാണം, തയ്യൽ കേന്ദ്രം, എംബ്റോയിഡറി വർക്ക്, നാടൻ പലഹാര നിർമ്മാണ യൂണിറ്റ്, ഡി.ടി.പി സെന്റർ, ബുക്ക് ബയൻഡിംഗ് സെന്റർ, കറിപൗഡർ നിർമ്മാണ യൂണിറ്റ്, പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ്


പ്രതികരണം
-----------------------------

കഴിഞ്ഞ ബഡ്‌ജറ്റിൽ ഇതിന്റെ പുനരുദ്ധാരണത്തിനുവേണ്ട തുക അനുവദിച്ചിട്ടുണ്ട്. വാർഷിക പദ്ധതിയിലും വനിതാ വികസന കേന്ദ്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അവശ്യമുള്ള സ്ഥലം ഒഴിഞ്ഞുകിടക്കുകയാണ്. വനിതകൾക്ക് സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അതു സംബന്ധിച്ച രേഖകൾ സഹിതം നഗരസഭയിൽ അപേക്ഷ നൽകിയാൽ വേണ്ട സൗകര്യം ഒരുക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

എം. പ്രദീപ്,​ ചെയർമാൻ,​ ആറ്റിങ്ങൽ നഗരസഭ