ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ടീമാണ് ദക്ഷിണാഫ്രിക്ക. വർണ വിവേചനത്തിന്റെ പേരിലെ വിലക്കിന് ശേഷം 1992ൽ മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്ക ഇതുവരെ പങ്കെടുത്ത ഏഴ് ലോകകപ്പുകളിൽ നാലിലും സെമിയിലെത്തി. എന്നാൽ, ഒരു തവണപോലും ഫൈനലിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പിൽ മാത്രമല്ല ഐ.സി.സി ടൂർണമെന്റുകളിലൊക്കെ നിർഭാഗ്യമായിരുന്നു ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത്. ലോകോത്തര താരങ്ങളുണ്ടായിട്ടും മികച്ച ടീം വർക്ക് നടത്തിയിട്ടും നിർണായക ഘട്ടങ്ങളിൽ നിർഭാഗ്യദേവതയുടെ കൈപിടിച്ച് അവർ കണ്ണീരൊഴുക്കി.
ഇംഗ്ളണ്ടിലേക്ക് ഫാഫ്ഡുപ്ളെസിയും കൂട്ടരും വിമാനം കയറുന്നത് ഈ നിർഭാഗ്യവാന്മാരുടെ കുപ്പായം ഇത്തവണയെങ്കിലും അഴിച്ചുവയ്ക്കാനാകണേ എന്ന പ്രാർത്ഥനയിലാണ്. ഐ.സി.സി ഏകദിന റാങ്കിംഗിൽ ആതിഥേയരായ ഇംഗ്ളണ്ടിനും ഇന്ത്യയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. 2018ന് ശേഷം നടന്ന അഞ്ച് ഏകദിന പരമ്പരകളും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഡുപ്ളെസിയുടെയും കൂട്ടരുടെയും വരവ്. എന്നാൽ, ഇതിൽ രണ്ടെണ്ണം താരതമ്യേന പരിതാപ നിലയിലുള്ള ശ്രീലങ്കയ്ക്കെതിരെയായിരുന്നു. പാകിസ്ഥാനും സിംബാബ്‌വെയ്ക്കുമെതിരെ ഓരോ പരമ്പര നേടി. ആസ്ട്രേലിയയെ കീഴടക്കിയതാണ് അഭിമാനകരമായ നേട്ടം.
ഇക്കുറി ബൗളർമാരാണ് ദക്ഷിണാഫ്രിക്കയുടെ ശക്തികേന്ദ്രം, ഇംഗ്ളണ്ടിലെ പിച്ചുകളിൽ മികവ് കാട്ടാൻ കഴിയുന്ന ഒരു കൂട്ടം പേസർമാർ ഡുപ്ളെസിയുടെ സംഘത്തിലുണ്ട്. യുവതാരം കാഗിസോ റബാദ, വെറ്ററൻ താരം ഡേൽ സ്റ്റെയ്ൻ, ലുംഗി എൻഗിഡി, പെഹ്‌ലുക്ക്‌വായോ, ക്രിസ്‌മോറിസ്, പ്രിട്ടോറിയസ് എന്നിങ്ങനെ ഓരോ മത്സരത്തിലും മാറി മാറി ഉപയോഗിക്കാൻ ആവശ്യത്തിന് പേസർമാർ. സ്പിന്നർമാരായി ഇമ്രാൻ താഹിറും തബാരേസ് ഷംസിയും.
ബാറ്റ്സ്‌മാൻമാരുടെ പട്ടികയിലും ദക്ഷിണാഫ്രിക്ക മോശമല്ല. പരിചയ സമ്പന്നരായ ഹാഷിം അംല, നായകൻ ഡുപ്ളെസി, ഡികോക്ക്, മില്ലർ, എയ്ഡൻ മാർക്രം എന്നിങ്ങനെ മികച്ച നിരയുണ്ട്. ആൾ റൗണ്ടറായി ജീൻപോർ ഡുമിനിയും പെഹ്‌ലുക്ക് വായോയുമുണ്ട്.
എന്നാൽ, ടീമിൽ എ.ബ ഡിവില്ലിയേഴ്സ് എന്ന അതികായന്റെ അസാന്നിദ്ധ്യമാണ് ശ്രദ്ധേയം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡിവില്ലിയേഴ്സില്ലാതെയിരുന്ന ദക്ഷിണാഫ്രിക്ക പരിചയസമ്പന്നരായ താരങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഈ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ആതിഥേയരെ നേരിടുന്നതിനുള്ള പരിശീലനത്തിലാണ് ദക്ഷിണാഫ്രിക്കക്കാർ.
പ്രതീക്ഷയുണർത്തുന്ന 5 പേർ
1. ഹാഷിം അംല
36 കാരനായ അംലയെ പരിചയസമ്പത്തിന്റെ പേരിലാണ് ടീമിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അത്ര മികച്ച ഫോമിലല്ല. ഏകദിനത്തിൽ 27 സെഞ്ച്വറികൾ നേടിയിട്ടുള്ള താരമാണ് അംല. 174 ഏകദിനങ്ങളുടെ പരിചയസമ്പത്ത്. ഓപ്പണിംഗിൽ ദുഷ്കരമായ സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാനും ദീർഘമായ ഇന്നിംഗ്സുകൾ കളിക്കാനുമുള്ള കഴിവ് അംലയെ വേറിട്ട് നിറുത്തുന്നു.
2. ക്വിന്റൺ ഡികോക്ക്
കഴിഞ്ഞ ലോകകപ്പിന് ശേഷം അംലയ്ക്കൊപ്പം ഓപ്പണിംഗിൽ ദക്ഷിണാഫ്രിക്കയുടെ ശക്തി കേന്ദ്രമാണ് ക്വിന്റൺ ഡി കോക്ക്. 49 മത്സരങ്ങളിൽ ഓപ്പണിംഗിനിറങ്ങിയ ഇവർ നാല് സെഞ്ച്വറി കൂട്ടുകെട്ടുകളടക്കം 51.96 ശരാശരിയിൽ 2442 റൺസ് നേടിയിട്ടുണ്ട്. 27കാരനായ ഡികോക്ക് 106 ഏകദിനങ്ങളിൽ നിന്ന് ഇതിനകം 4602 റൺസ് നേടി. ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിനായി മികച്ച പ്രകടനം, വിശ്വസ്തനായ വിക്കറ്റ് കീപ്പർ.
3. ജീൻ പോൾ ഡുമിനി
ദക്ഷിണാഫ്രിക്കൻ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ ആൾ റൗണ്ടറാണ് ഡുമിനി. 194 ഏകദിനങ്ങളിൽ നിന്ന് 5047 റൺസും 68 വിക്കറ്റുകളും സ്വന്തമാക്കി. ഡുമിനിയുടെ മൂന്നാം ലോകകപ്പാണിത്. എന്നാൽ, മാച്ച് വിന്നറെന്ന നിലയിലേക്ക് ഉയരാൻ ഡുമിനിക്ക് പലപ്പോഴും കഴിയാറില്ല എന്നത് ടീം മാനേജ്മെന്റിന് തലവേദനയാണ്.
4. കാഗിസോ റബാദ
ദക്ഷിണാഫ്രിക്കൻ പേസ് ബൗളിംഗിന്റെ കുന്തമുനയാണ് റബാദ. 24കാരനായ ഈ വലംകയ്യൻ പേസർ 66 ഏകദിനങ്ങളിൽ നിന്ന് ഇതിനകം സ്വന്തമാക്കിയിരിക്കുന്നത് 106 വിക്കറ്റുകളാണ്. 2019 ഐ.പി.എല്ലിൽ ഫൈനലിന് തൊട്ടുമുമ്പുവരെ ലീഡിംഗ് വിക്കറ്റ് ടേക്കറായിരുന്നു റബാദ. ഡൽഹി ക്യാപ്പിറ്റൽസിനു വേണ്ടിയാണ് കളിച്ചത്. മികച്ച ഫോമിലുള്ള റബാദ തന്നെയാകും ഈ ലോകകപ്പിലും പ്രധാന ബൗളിംഗ് ആകർഷണമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
5. ഇമ്രാൻ താഹിർ
ഈ ഐ.പി.എല്ലിൽ ഏവരെയും വിസ്മയിപ്പിച്ച പ്രകടനമായിരുന്നു 40 കാരനായ ഇമ്രാൻ താഹിറിന്റേത്. ചെന്നൈ സൂപ്പർകിംഗ്സിനു വേണ്ടി 26 വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ്പിന് ഉടമയായത് താഹിറാണ്. താഹിറിന്റെ ലെഗ് ബ്രേക്കുകൾ ഇംഗ്ളണ്ടിലും ഫലം കാണുമെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഫ്ഫ് ഡുപ്ളെസിക്ക് ഉറച്ച വിശ്വാസമുണ്ട്.
3. ഡുപ്ളെസി, അംല, ഡുമിനി, താഹിർ, സ്റ്റെയ്ൻ എന്നിവരുടെ മൂന്നാം ലോക കപ്പാണിത്. ഡി കോക്കിന്റെയും മില്ലറുടെയും രണ്ടാം ലോകകപ്പും.
2777
റൺസാണ് കഴിഞ്ഞ ലോകകപ്പിന് ശേഷമുള്ള മത്സരങ്ങളിൽ നിന്ന് ഡുപ്ളെസി നേടിയത്. 11/13 കഴിഞ്ഞ 13 പരമ്പരകളിൽ 11 എണ്ണവും നേടാൻ കഴിഞ്ഞ ടീമാണ് ദക്ഷിണാഫ്രിക്ക.
ക്വാട്ട ബർത്ത് ഇല്ല
പ്ളേയിംഗ് ഇലവനിൽ 55 ശതമാനം ബർത്ത് കറുത്ത വർഗക്കാർക്ക് മാറ്റിവയ്ക്കണമെന്ന നിയമം ഇക്കുറി ലോകകപ്പിൽ പ്രാവർത്തികമാക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ക്വാട്ട ബർത്തിന് വേണ്ടി വിന്നിംഗ് ടീമിൽ മാറ്റം വരുത്തിയത് വിവാദമായിരുന്നു.
ദക്ഷിണാഫ്രിക്ക സ്ക്വാഡ്
ഫാഫ് ഡുപ്ളെസി (ക്യാപ്ടൻ), ഹാഷിം അംല, ക്ളിന്റൺ ഡികോക്ക്, ജീൻ പോൾ ഡുമിനി, ഇമ്രാൻ താഹിർ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, ലുൻഗി എൻഗിഡി, പെഹ്‌ലുക്ക്‌വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാദ, തബാരേസ്, ഷംസി, ഡേൽ സ്റ്റെയ്‌ൻ, വാൻഡർ ഡുസെൻ.
15 അംഗ ടീമിലുണ്ടായിരുന്ന പേസ് ബൗളർ ആൻറിച്ച് നോർത്തേയ്ക്ക് പരിക്ക് മൂലം ലോകകപ്പിൽ കളിക്കാനാവില്ല. പകരമാണ് പ്രിട്ടോറിയസ് എത്തിയത്.
മത്സരങ്ങൾ
മേയ് 30
Vs ഇംഗ്ളണ്ട്
ജൂൺ 2
Vs ബംഗ്ളാദേശ്
ജൂൺ 5
Vs ഇന്ത്യ
ജൂൺ 10
Vs വെസ്റ്റ് ഇൻഡീസ്
ജൂൺ 15
അഫ്ഗാനിസ്ഥാൻ
ജൂൺ 19
Vs ന്യൂസിലാൻഡ്
ജൂൺ 23
Vs പാകിസ്ഥാൻ
ജൂൺ 28
Vs ശ്രീലങ്ക
ജൂലായ് 6
Vs ആസ്ട്രേലിയ