തിരുവനന്തപുരം: പാരമ്പര്യത്തിന്റെ ശക്തി സൗന്ദര്യം കവിതയിലാവാഹിച്ച കവിശ്രേഷ്ഠൻ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഓർമ്മകൾ മറവിയിലാണ്ട് തുടങ്ങിയിട്ട് മൂന്നാണ്ടോളമായി. അന്നുമതൽ പൊതുപരിപാടികൾക്ക് പോയിട്ടില്ല. ശരീരത്തിന്റെ വല്ലായ്‌കകൾ സാഹിത്യ ഇടങ്ങളും അന്യമാക്കി. ഇടവേളയെ മറികടന്ന് ആ ജന്മപുണ്യം എൺപതാണ്ട് പിന്നിട്ട ഇടവമാസത്തിലെ തൃക്കേട്ടനാളിൽതന്നെ കാത്തിരുന്നവർക്കിടയിലേക്ക് പ്രസാദാത്മകമായ മുഖവും ചിരിയുമായി അദ്ദേഹമെത്തി
ഇന്നലെ അശീതി ആഘോഷിച്ച വിഷ്ണു നാരായണൻ നമ്പൂതിരിക്ക് തിരുവനന്തപുരം ഭാരത് ഭവനിലൊരുക്കിയ ആശംസാ സമ്മേളനത്തിലാണ് വായനക്കാർക്കും ശിഷ്യർക്കും സന്തോഷമേകി കവിയെത്തിയത്. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കാവ്യലോകത്തെ അധികരിച്ച് രാവിലെ മുതൽ വിവിധ സെഷനുകളിലായി നടന്ന സമ്മേളനത്തിൽ വൈകിട്ട് ആറിനാണ് കവിയെത്തിയത്.
സമ്മേളനം നടക്കുന്ന തൈക്കാട് ഭാരത് ഭവനിൽ നിന്ന് കവിയുടെ ഭവനമായ ശ്രീവല്ലിയിലേക്ക് 200 മീറ്റർ അകലമേയുള്ളൂ. കാറിൽ ഭാരത് ഭവനു മുന്നിലെത്തിയ ശേഷം വീൽചെയറിലാണ് കവി വേദിയിലെത്തിയത്. അതോടെ സദസ് ഒന്നടങ്കം എഴുന്നേറ്റ് കൈകൂപ്പി; കവി തിരിച്ചും. കവിയുടെ വയസിനെ സൂചിപ്പിച്ച് മലയാളം പള്ളിക്കൂടം 80 മൺചെരാതുകളിൽ വിളക്ക് തെളിച്ച് സ്വാഗതമോതി.
തുടർന്ന് വിളക്കുകൾക്ക് അഭിമുഖമായി കവി ഇരുന്നു. അരികിലായി പ്രിയ കവയിത്രി സുഗതകുമാരിയും.
സുഗതകുമാരി പൊന്നാടയണിയിച്ച് കവിയെ പിറന്നാളാശംസ അറിയിച്ചു. പിന്നാലെ വി. മധുസൂദനൻ നായർ നെൽക്കതിർ കൊടുത്ത് കവിയെ ആശംസിച്ചു. കവികളായ വിജയലക്ഷ്മിയും ആത്മാരാമനും ആശംസയായി കൊടുത്തുവിട്ട കവിതകൾ വേദിയിൽ ആലപിച്ചു. കെ.വി. രാമകൃഷ്ണൻ, ശ്രീദേവി കക്കാട്, പ്രഭാവർമ്മ, ഐ.ജി ബി. സന്ധ്യ, ബി. ശ്രീറാം തുടങ്ങി ഓരോരുത്തരായി കവിക്ക് ആശംസയും ആയുരാരോഗ്യവും നേർന്നു.
ശിഷ്യരും വായനക്കാരുമായി നിരവധി പേരാണ് കവിയെ കാണാനെത്തിയത്. താൻ രചിച്ച 'ചിത്രകേതുവിജയം ആട്ടക്കഥ"യ്‌ക്ക് നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും സംഘവും കഥകളി രൂപം നൽകി അവതരിപ്പിച്ചതിനും സാക്ഷിയായിട്ടാണ് കവി മടങ്ങിയത്.