മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് 8/5/2019 ലെ 8/2019 നമ്പർ ഉത്തരവുപ്രകാരം സർക്കാർ സ്പഷ്ടീകരണം നൽകിയിട്ടുണ്ട്. മിശ്രവിവാഹിതരിൽ ഒരാൾ മുന്നോക്ക വിഭാഗമാണെങ്കിൽ അവരുടെ മക്കൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അത് പരിഹരിക്കാനാണ് സ്പഷ്ടീകരണം നൽകുന്നതെന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നതെന്ന് സ്പഷ്ടീകരണ ഉത്തരവിൽ വ്യക്തമാണ്. മാതാപിതാക്കളിൽ ഒരാൾ മുന്നോക്ക വിഭാഗമായതുകൊണ്ടാണ്, മുന്നോക്ക വിഭാഗമാണെങ്കിലും സംവരണം അനുവദിക്കണമെന്നാണ് സ്പഷ്ടീകരണത്തിലൂടെ സർക്കാർ ഉത്തരവാകുന്നത്. മുന്നോക്ക വിഭാഗമാണെങ്കിൽ സംവരണം പാടില്ലെന്നാണ് സുപ്രീംകോടതിയും ഭരണഘടനയും വ്യക്തമാക്കുന്നത്.
പട്ടികജാതി - പട്ടികവർഗ പിന്നാക്ക സമുദായങ്ങൾക്കു മാത്രമാണ് സംവരണത്തിന് അർഹതയുള്ളത്. 1992 ലെ മണ്ഡൽ കേസിലെ വിധിയെ തുടർന്നാണ് സംവരണാവകാശത്തിൽ നിന്നും ക്രീമിലെയർ വിഭാഗത്തെയും മുന്നോക്ക വിഭാഗങ്ങളെയും ഒഴിവാക്കിയത്.
സാമൂഹ്യ പിന്നാക്കാവസ്ഥയില്ലാത്തതിനാൽ മുന്നാക്ക സമുദായങ്ങൾക്ക് സംവരണത്തിന് അർഹതയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. മുന്നോക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണം അനുവദിച്ച് നരസിംഹറാവു സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. പിന്നാക്ക സമുദായങ്ങളിൽ ഒരു വിഭാഗം സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉയരുകയും ഉയർന്ന സാമ്പത്തിക സാഹചര്യങ്ങൾ ആർജ്ജിക്കുകയും ചെയ്തിട്ടുണ്ടെന്നും അത്തരക്കാർ തങ്ങളുടെ സമുദായത്തിന്റെ പിന്നാക്കാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്നും കോടതി വിധിച്ചു. (യാതൊരു തെളിവും ഇല്ലാതെയാണെങ്കിൽപോലും) അത്തരക്കാരെ ക്രീമിലെയർ എന്ന് വേർതിരിച്ച് അവരുടെ മക്കൾക്ക് സംവരണാവകാശവും നിഷേധിച്ചു. പട്ടികജാതിപട്ടികവർഗ വിഭാഗങ്ങളിൽ ക്രീമിലെയർ വിഭാഗം ഇല്ലെന്നും കോടതി വിധിയിലുണ്ട്.
ഈ വസ്തുതകളൊന്നും മിശ്രവിവാഹിതരിൽ ഒരാൾ മുന്നോക്ക ജാതിയിൽപ്പെട്ടതാണെങ്കിൽ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ സ്പഷ്ടീകരണ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.
മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക സമുദായംഗമാണെങ്കിൽ അവരുടെ മക്കൾക്ക് പിന്നാക്ക സമുദായ അംഗങ്ങൾക്ക് നൽകിവരുന്ന എല്ലാവിധ ആനുകൂല്യവും അനുവദിക്കാവുന്നതാണെന്ന് 1979 ലെ സർക്കാർ ഉത്തരവ് പരാമർശിച്ചാണ് പുതിയ സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
മിശ്രവിവാഹിതർക്കും അവരുടെ മക്കൾക്കും ഏതുതരത്തിലുള്ള സഹായങ്ങളും സർക്കാർ അനുവദിക്കുന്നത് സ്വാഗതാർഹമാണ്. നിയമാനുസൃതമായ സംവരണം അനുവദിക്കണമെങ്കിൽ അതും അനുവദിക്കാം. പക്ഷേ പിന്നാക്ക സമുദായങ്ങൾക്കില്ലാത്ത മുന്തിയ പരിഗണന മുന്നോക്ക സമുദായങ്ങൾക്ക് അനുവദിക്കുന്നതെന്തിനാണ്? അഥവാ ഇത് അനുവദിക്കുന്നെങ്കിൽ അത് പിന്നാക്ക സമുദായക്കാരുടെ ചെലവിൽ വേണമെന്ന് എന്താണ് നിർബന്ധം? സ്പോർട്സ് ക്വോട്ട, ജവാൻ/ വിമുക്തഭടൻ തുടങ്ങിയവരുടെ ആശ്രിതർ എന്ന രീതിയിൽ പ്രത്യേക ക്വാട്ട ഉണ്ടല്ലോ അതുപോലെ പ്രത്യേക ക്വാട്ട അനുവദിച്ചാൽ മതിയല്ലോ.
പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്നും നീതിപൂർവമെന്നും നിരുപദ്രവമെന്നും ധ്വനിപ്പിക്കുന്ന രീതിയിൽ ഭരണകൂടങ്ങളും നീതിപീഠങ്ങളും കഴിഞ്ഞ കുറെക്കാലമായി പലവിധ ഭരണനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. മുന്നാക്ക സമുദായങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇക്കൂട്ടർക്ക് മത്സരബുദ്ധിയാണ്. അതിന്റെ മറവിൽ ദ്റോഹിക്കപ്പെടുന്നത് പിന്നാക്ക സമുദായ അംഗങ്ങളാണ്. ഇപ്പോഴത്തെ ഉത്തരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രം തത്കാലം വ്യക്തമാക്കാം.
1. സുപ്രീംകോടതിവിധിക്ക് വിരുദ്ധമായി മുന്നാക്ക ജാതിയിലും സാമൂഹ്യ പിന്നാക്കാവസ്ഥയുണ്ടെന്ന് സർക്കാർ ഉത്തരവിലൂടെ പ്രഖ്യാപിക്കുന്നു. എന്തെന്നാൽ ക്രീമിലെയർ മാനദണ്ഡം അവരിലും ബാധകമാക്കാനാണ് നിർദ്ദേശം.
2. മാതാപിതാക്കളിൽ മുന്നാക്ക ജാതിയിൽപ്പെട്ടയാളെ പരിഗണിക്കുന്നില്ലെങ്കിൽ അത് പിന്നാക്ക ജാതിയിൽപ്പെട്ട മാതാപിതാക്കൾക്ക് ലഭിക്കാത്ത ഒരു പ്രത്യേക പരിരക്ഷയാണ്. പിന്നാക്ക ജാതിയിലെ മാതാപിതാക്കൾ രണ്ടുപേർക്കും ക്രീമിലെയർ മാനദണ്ഡങ്ങൾ വിധേയമാക്കും.
3. മിശ്രവിവാഹിതരിൽ ഒരാൾ മുന്നാക്ക ജാതിയിൽപ്പെട്ടയാളാണെങ്കിൽ മറ്റ് യാതൊരു നിയന്ത്രണവും ഫലപ്രദമായി അവർക്കുമേൽ ഏർപ്പെടുത്താതെ പിന്നാക്ക ജാതി സംവരണം അവർക്ക് അനുവദിക്കാൻ നിർബന്ധിതമാകും.
സാമുദായിക സംവരണത്തെ ദുർബലമാക്കാനും കോടതിവിധികളെ ദുർവ്യാഖ്യാനിച്ച് അസ്ഥിരപ്പെടുത്താനും ഈ പുതിയ ഉത്തരവ് നിമിത്തമാകും. തത്പരകക്ഷികളുടെ സ്വാധീനത്തിന് വഴങ്ങി പല ഉത്തരവുകളും പുറപ്പെടുവിക്കും. വേണ്ടത്ര പരിശോധന നടത്താതെ ഇറക്കുന്ന ഉത്തരവുകൾ പിന്നീട് തിരുത്തപ്പെടും. മിശ്രവിവാഹിതരുടെ മക്കൾക്ക് അച്ഛന്റെ ജാതി മാത്രം നിശ്ചയിച്ച ഉത്തരവ് പിന്നീട് തിരുത്തിയത് ഉദാഹരണം മാത്രം.
വിമർശിക്കുന്നവരെ ജാതിവാദികളായും മിശ്രവിവാഹ ദ്റോഹികളായും ചിത്രീകരിച്ച് നിശബ്ദമാക്കാം. ധനശേഷിയും ഒത്തൊരുമയും ഇല്ലാത്തതുകൊണ്ട് പിന്നാക്ക സമുദായ നേതാക്കളും സംഘടനകളും കോടതിയിലേക്ക് പോകുല്ല. ഈ ദൗർബല്യവും നിസഹായതയും ഭരണകൂടങ്ങൾ ചൂഷണം ചെയ്യുന്നു. ആടും കോഴിയും മാത്രമാണ് ബലികഴിപ്പിക്കപ്പെടുന്നത്. സിംഹവും കടുവയും അതിന് വിധേയരാകാറില്ലല്ലോ.
(ലേഖകൻ പിന്നാക്ക വിഭാഗ വികസനവകുപ്പ് മുൻ ഡയറക്ടറാണ് . ഫോൺ 9447276809 )