തിരുവനന്തപുരം : രോഗശയ്യയിൽ പരാശ്രയമില്ലാതെ ദുരിതം പേറികഴിഞ്ഞ സഹോദരങ്ങളിൽ ഒരാൾ യാത്രയായി.
വാഴമുട്ടം കല്ലുവിള എസ്.എൻ ഭവനിൽ എ. സുധാകരനാണ് (78) സഹോദരി സുമതിയെ വിട്ടു പിരിഞ്ഞത്. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾക്കാരണം മൂന്നുമാസം മുമ്പാണ് സുധാകരൻ കിടപ്പിലായത്. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് എട്ട് മാസം മുമ്പ് സുമതിയും രോശയ്യയിലായിരുന്നു. അവിവാഹതിരായ ഇരുവർക്കും രോഗം വന്നതോടെ സംസാരശേഷിയും നഷ്ടമായി. ഇവരുടെ സഹോദരി പരേതയായ ഹൈമവതിയുടെ മകൾ തങ്കമണിയും ഭർത്താവ് രവികുമാറുമാണ് ഇവരുവരെയും പരിചരിച്ചിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രമണി ഹൃദയാഘാതം മൂലം മരിച്ചതോടെ ഇവരെ സംരക്ഷിക്കാനും ആളില്ലാതായി. മറ്റൊരു സഹോദരിയായ മഹേശ്വരിയും അവിവാഹിതയായ പലവിധ രോഗങ്ങളാൽ ഇവരും മറ്റൊരു വീട്ടിൽ ഒറ്റക്കാണ് താമസം. മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ മരിച്ചതോടെ സഹോരങ്ങളുടെ ഏക ആശ്രയമായിരുന്നു സുധാകരൻ. കുന്നും പാറ ക്ഷേത്രത്തിലെ പുറംജോലിക്കാരനായിരുന്നു സുധാകരൻ.
സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.