world-cup-pakistan-team
world cup pakistan team

ലാഹോർ : ലോകകപ്പിനുള്ള പാകിസ്ഥാൻ 15 അംഗ ക്രിക്കറ്റ് ടീമിൽ പേസർമാരായ മുഹമ്മദ് ആമിറിനെയും വഹാബ് റിയാസിനെയും ഉൾപ്പെടുത്തി. 18 മാസം പ്രായമുള്ള മകളുടെ മരണത്തെത്തുടർന്ന് ഇംഗ്ളണ്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ബാറ്റ്സ്‌മാൻ ആസിഫ് അലിയും 15 അംഗ ടീമിലുണ്ട്.

ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാല് മത്സരങ്ങളിലും പാകിസ്ഥാൻ 350 റൺസിലേറെ വഴങ്ങിയതോടെയാണ് ആമിറിനെയും വഹാബിനെയും തിരിച്ചുവിളിച്ച് ബൗളിംഗ് ശക്തിപ്പെടുത്താൻ മുൻ നായകൻ ഇൻസമാം ഉൽഹഖിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. ആമിർ ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നുവെങ്കിലും ചിക്കൻ പോക്സ് കാരണം കളിക്കാൻ ഇറങ്ങിയിരുന്നില്ല.

33കാരനായ വഹാബ് റിയാസ് രണ്ട് വർഷമായി ടീമിൽ നിന്ന് പുറത്താണ്. 2017ൽ ഇംഗ്ളണ്ടിൽ ഇന്ത്യയ്ക്കെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിലാണ് അവസാനമായി കളിച്ചത്. 2011, 2015 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. ലോകകപ്പിനായി പാകിസ്ഥാൻ പ്രഖ്യാപിച്ച പ്രാഥമിക സംഘത്തിൽ ഇല്ലാതിരുന്നവരാണ് അമിറും വഹാബും. എന്നാൽ, പ്രാഥമിക ലിസ്റ്റിലുണ്ടായിരുന്ന പേസർ ജുനൈദ്ഖാനും ആൾ റൗണ്ടർ ഫഹീം അഷറഫും ഓപ്പണർ ആബിദ് അലിയും 15 അംഗ ടീമിൽ നിന്ന് പുറത്തായി.

പാകിസ്ഥാൻ സ്ക്വാഡ് : സർഫ്രാസ് അഹമ്മദ് (ക്യാപ്ടൻ), ഫഖർ സമാൻ, ഇമാം ഉൽഹഖ്, ബാബർ അസം, ഹാരിസ് സൊഹൈൽ, മുഹമ്മദ് ഹാഫിസ്, ഷൊയ്ബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വാസിം, ഷദാബ് ഖാൻ, മുഹമ്മദ് ആമിർ, മുഹമ്മദ് ഹസ്‌നൈൻ, ഹസൻ അലി, വഹാബ് റിയാസ്, ഷഹീൻ ഷാ അഫ്രീദി.

സങ്കടക്കടലിൽ ആസിഫ് അലി

18 മാസം പ്രായമുള്ള തന്റെ മകൾ സൂർ ഫാത്തിമ മരണപ്പെട്ടതിന്റെ സങ്കടത്തിലാണ് പാകിക് ക്രിക്കറ്റ് താരം ആസിഫ് അലി. അർബുദ രോഗബാധിതയായിരുന്ന സൂർ ഫാത്തിമ അമേരിക്കയിൽ ചികിത്സയിലായിരുന്നു. മകളുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം ആസിഫ് അലി വേദന മറന്ന് ലോകകപ്പിൽ കളിക്കാൻ ഇംഗ്ളണ്ടിലേക്ക് പോകും.

ഇംഗ്ളണ്ടിന് പരമ്പര

ലീഡ്സ് : പാകിസ്ഥാനെതിരായ അവസാന ഏകദിനത്തിൽ 54 റൺസിന് വിജയിച്ച് അഞ്ച് മത്സര പരമ്പര ഇംഗ്ളണ്ട് 4-0ത്തിന് സ്വന്തമാക്കി. പരമ്പരയിലെ ഒരു മത്സരം മഴയെടുത്തിരുന്നു.

ലീഡ്സിലെ അവസാന ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് നിശ്ചിത 50 ഓവറിൽ 351/9 എന്ന സ്കോർ ഉയർത്തി. പാകിസ്ഥാൻ 46.5 ഓവറിൽ 297ന് ആൾ ഔട്ടായി.

ജോ റൂട്ട് (84), ഇയോൻ മോർഗൻ (76), ബട്‌ലർ (34), വിൻസ് (33), ബെയർസ്റ്റോ (32) എന്നിവരുടെ മികച്ച ബാറ്റിംഗാണ് പരമ്പരയിൽ നാലാം തവണയും 350 മറികടക്കാൻ ഇംഗ്ളണ്ടിനെ തുണച്ചത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന് വേണ്ടി നായകൻ സർഫ്രാസ് അഹമ്മദും (97), ബാബർ അസമും (80) ചേർന്ന് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 6/3 എന്ന നിലയിൽ നിന്ന് 193/6 എന്ന നിലയിലെത്തിച്ചാണ് സർഫ്രാസ് മടങ്ങിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സ് മാൻ ഒഫ് ദ മാച്ചായി. ജാസൺ റോയ്‌യാണ് മാൻ ഒഫ് ദ സീരീസ്.