അവസാന ലീഗ് മത്സരത്തിൽ ബാഴ്സലോണയ്ക്ക് സമനില
ബാഴ്സലോണ 2 - എയ്ബർ 2
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ ഈ സീസണിലെ കിരീട ജേതാക്കൾക്ക് അവസാന മത്സരത്തിൽ സമനില. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എയ്ബറാണ് 2-2ന് ബാഴ്സയെ തളച്ചത്.
എയ്ബറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 20-ാം മിനിട്ടിൽ മാർക്ക് ക്യുക്കറേല ആതിഥേയരെ മുന്നിലെത്തിച്ചു. 31, 32 മിനിട്ടുകളിലായി സൂപ്പർതാരം ലയണൽ മെസി നേടിയ ഗോളുകൾ ബാഴ്സയെ മുന്നിലെത്തിച്ചെങ്കിലും 45-ാം മിനിട്ടിലെ ഡി ബ്ളാസിസിന്റെ ഗോൾ കളി സമനിലയിലെത്തിച്ചു.
ഈ സീസണിലെ 38 മത്സരങ്ങളിൽ നിന്ന് 87 പോയിന്റ് നേടിയാണ് ബാഴ്സലോണ ഒന്നാമതെത്തിയത്. കഴിഞ്ഞ സീസണിലും ലാലിഗ കിരീടമണിഞ്ഞത് മെസിയും സംഘവുമായിരുന്നു. ഇക്കുറി 26 മത്സരങ്ങൾ വിജയിച്ച ബാഴ്സലോണ ഒൻപത് സമനിലകളും മൂന്ന് തോൽവികളും വഴങ്ങി. 76 പോയിന്റ് നേടിയ അത്‌ലറ്റിക്കോ മാഡ്രിഡിനാണ് രണ്ടാം സ്ഥാനം. റയൽ മാഡ്രിഡിന് 68 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഒതുക്കേണ്ടി വന്നു.
ആറാം തവണയും മെസി
ഈ സീസണിൽ 36 ഗോളുകളുമായി ലാലിഗയിലെ ടോപ് സ്കോറർക്കുള്ള
പിചിച്ചി
പുരസ്കാരം നേടിയത് ലയണൽ മെസിയാണ്.
1988ൽ ഹ്യൂഗോ സാഞ്ചസിന് ശേഷം തുടർച്ചയായ മൂന്ന് സീസണുകളിൽ ലാലിഗ ടോപ്സ്കോററാകുന്ന ആദ്യ താരമാണ് മെസി.
ആറാം തവണയാണ് മെസി ലാലിഗ ടോപ് സ്കോറർക്കുള്ള
പിചിച്ചി
പുരസ്കാരം നേടുന്നത്.
2009-10, 2011-12, 2012-13, 2016-17, 2017-18 സീസണുകളിലാണ് മുമ്പ് മെസി ലാലിഗ ടോപ്‌സ്കോറായത്.
ഇതോടെ ആറുതവണ പിചിച്ചി പുരസ്കാരം നേടിയ ടെൽമോസാറയുടെ റെക്കാഡിനൊപ്പം മെസിയുമെത്തി.
50 ഗോളുകളാണ് ഈ സീസണിലെ മത്സരങ്ങളിൽ നിന്നുമായി മെസി നേടിയത്. യൂറോപ്യൻ ടോപ് 5 ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും മെസിയാണ്.
ഗോൾ നോട്ടത്തിൽ മാത്രമല്ല, അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഷോട്ടുകൾ ഉതിർത്തതിലും ഈ സീസൺ ലാലിഗയിൽ മുന്നിൽ മെസിയാണ്.
യുവന്റസിനും സമനില
റോം : ഇറ്റാലിയൻ സെരിഎയിൽ തുടർച്ചയായ എട്ടാം തവണയും ചാമ്പ്യൻമാരായ യുവന്റസ് അവസാന മത്സരത്തിൽ അറ്റലാന്റയോട് സമനിലയിൽ പിരിഞ്ഞു. 90 പോയിന്റാണ് ലീഗിൽ യുവന്റസ് സ്വന്തമാക്കിയത്. ഈ സമനിലയോടെ അറ്റ്ലാന്റ ചാമ്പ്യൻസ് ലീഗ് പ്രവേശന സാദ്ധ്യത നിലനിറുത്തി മൂന്നാം സ്ഥാനത്തായി. നാപ്പോളിയാണ് (79 പോയിന്റ്) രണ്ടാം സ്ഥാനത്ത്.