റോം : ആവേശ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ കീഴടക്കി രണ്ടാം റാങ്കുകാരൻ റാഫേൽ നദാൽ ഇറ്റാലിയൻ ഓപ്പൺ കിരീടം നേടി. 6-0, 4-6, 6-1 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. ഇതോടെ അടുത്തയാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ കിരീട സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ് ക്ളേകോർട്ടിലെ രാജാവായ നദാൽ.
9- ഒൻപതാം തവണയാണ് നദാൽ ഇറ്റാലിയൻ ഓപ്പൺ ചാമ്പ്യനാകുന്നത്.
1-ഈ സീസണിൽ നേടുന്ന ആദ്യ കിരീടവും.
34- നദാലിന്റെ 34-ാം മാസ്റ്റേഴ്സ് കിരീടമാണിത്. നൊവാക്കിനെ നദാൽ ഇക്കാര്യത്തിൽ മറികടന്നു.
26-നൊവാക്കിനെതിരെ നദാൽ നേടുന്ന 26-ാം വിജയം. നദാലിനെ 28 തവണ നൊവാക്ക് കീഴടക്കിയിട്ടുണ്ട്.
വനിത കിരീടം പ്ളിസ് കോവയ്ക്ക്
റോം : ഇറ്റാലിയൻ ഓപ്പൺ ടെന്നിസിലെ വനിതാ കിരീടം സ്വന്തമാക്കിയ ചെക്ക് താരം കരോളിന പ്ളിസ്കോവ ഡബ്ളിയു.ടി.എ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഫൈനലിൽ ബ്രിട്ടന്റെ യോഹന്ന കോണ്ടയെയാണ് പ്ളിസ്കോവ കീഴടക്കിയത്. നവോമി ഒസാക്കയാണ് ഒന്നാം റാങ്കിൽ. സെറീന വില്യംസ് റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിലേക്ക് തിരിച്ചെത്തി.