തിരുവനന്തപുരം: വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റുപയോഗിച്ച‌് പ്രാക്ടീസ‌് ചെയ‌്ത കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടു. നെയ്യാറ്റിൻകര, നെടുമങ്ങാട‌്, ആറ്റിങ്ങൽ, വഞ്ചിയൂർ കോടതികളിൽ പ്രാക്ടീസ‌് ചെയ്ത‌് തട്ടിപ്പ‌് നടത്തിയ ഒറ്റശേഖരമംഗലം ഊരൂട്ടമ്പലം സ്വദേശി എം.ജെ. വിനോദിനെയാണ‌് നെയ്യാറ്റിൻകര കോടതി റൂറൽ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ഡി. അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കസ‌്റ്റഡിയിൽ വിട്ടത‌്.
പത്താം ക്ലാസ‌് യോഗ്യത മാത്രമുള്ള എം.ജെ. വിനോദ‌് ബീഹാർ ചപ്ര ജയപ്രകാശ‌് നാരായണൻ യൂണിവേഴ്സിറ്റിയുടെ വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ‌് ഉപയോഗിച്ചായിരുന്നു പ്രാക‌്ടീസ‌് ചെയ‌്തത‌്. പത്താം ക്ലാസിൽ ട്യൂഷനെടുത്ത ഒരു അധ്യാപികയെ ഇയാൾ വഞ്ചിച്ചതോടെയാണ‌് സംഭവം പുറത്തായത്. ഇവർ നെയ്യാറ്റിൻകര പൊലീസിലും പിന്നീട‌് റൂറൽ എസ‌്.പിക്കും പരാതി നൽകി. തുടർന്ന‌് ഡി.വൈ.എസ്.പി ഡി. അശോകന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ‌് വ്യക്തമായത്.
ഇതോടെ കേസെടുത്ത‌് അറസ‌്റ്റ‌് ചെയ്യുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ‌് ഉപയോഗിച്ച‌് രജിസ‌്റ്റർ ചെയ‌്തതിന‌് ബാർ കൗൺസിൽ സെക്രട്ടറി എറണാകുളം സെൻട്രൽ പൊലീസ‌് സ‌്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട‌്. ഡോക‌്ടറായ ഇയാളുടെ ഭാര്യ ഗാർഹികപീഡനത്തിന‌് കോടതിയിലും പരാതി നൽകി. ഇയാളെ കസ‌്റ്റഡിയിൽ വാങ്ങിയ പൊലീസ‌് വീട്ടിലെത്തിച്ച‌് തെളിവെടുത്തു. വക്കീൽ ബോർഡും മറ്റു ചില രേഖകളും കോട്ടും കണ്ടെടുത്തു. ഇയാൾ വക്കാലത്ത‌് നൽകിയ കേസുകളുടെ വിവരങ്ങളും പൊലീസ‌് ശേഖരിക്കും. ഇതിനായി മജിസ‌്ട്രേട്ടുമാർക്ക‌് കത്തു നൽകും. ഡി.വൈ.എസ‌്.പിയെ കൂടാതെ എസ‌്.ഐ ഗോപൻ, എ.എസ‌്.ഐ ആർ. ജയൻ, അജിത‌് കുമാർ, സി.പി.ഒമാരായ വിനോദ‌്, പ്രതീഷ‌്, ജോയി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.