red-42

കൗതുകം ഭാവിച്ച് അകത്തേക്കു നോക്കി അയാൾ നിന്നിരുന്നു അവിടെ.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി ആദിൽനാഥ്.

''ഞാൻ വന്നിരുന്നു ഇവിടെ. നീ ഒരു പ്രതിയെ മർദ്ദിച്ച് അവശനാക്കി ഇട്ടിരിക്കുന്നു എന്ന് അറിഞ്ഞിട്ടു തന്നെ."

ആദിൽനാഥ് മുന്നോട്ടു വന്നു.

''പക്ഷേ നിന്റെ സബോഡിനേറ്റ്‌സ് ലോക്കപ്പ് തുറന്നു തന്നില്ല. തുറക്കരുതെന്ന് നിന്റെ ഉഗ്രശാസനം ഉണ്ടെന്ന്."

നേരാണോ എന്ന ഭാവത്തിൽ സി.ഐ അലിയാർ, എസ്.ഐ ധനപാലനെ നോക്കി.

ശരിയാണ് എന്ന ഭാവത്തിൽ ധനപാലൻ തലയാട്ടി.

''എങ്കിൽ പിന്നെ ആരാണ് സെല്ലിൽ കയറിയത്?"

അലിയാരുടെ കയ്യിലിരുന്ന പിസ്റ്റൾ ധനപാലന്റെ നെറ്റിയിൽ ഒന്നുകൂടി അമർന്നു.

''എങ്ങനെയാണ് പ്രതിയെ സെല്ലിനുള്ളിലേക്ക് വിട്ടതെന്ന് എനിക്ക് നന്നായി അറിയാം. വാസുക്കുട്ടിയുടെ മരണത്തിന് നിന്നെക്കൊണ്ട് ഞാൻ മറുപടി പറയിക്കും."

ഡിവൈ.എസ്.പി മുന്നിൽ നിൽക്കുന്നതിനാൽ ധനപാലന്റെ പതർച്ച മാറി.

''അങ്ങനെയൊന്നും സാറ് എന്നെ പേടിപ്പിക്കണ്ടാ. സ്റ്റേഷൻ ചാർജ്ജ് സാറിനാണ്. വാസുക്കുട്ടിയെ കസ്റ്റഡിയിൽ എടുത്തതും സാറ് തന്നെ."

അലിയാരുടെ കണ്ണുകുൾ കുറുകി.

''ധനപാലാ..."

''അതെ. ധനപാലൻ തന്നെ. ഒരു റാങ്കിന്റെ കുറവേയുള്ളൂ. സാറ് ധരിച്ചിരിക്കുന്ന അതേ കാക്കി തന്നെയാ എന്റെ ശരീരത്തിലും." എസ്.ഐ വീറോടെ പറഞ്ഞു.

ഇവിടെ തനിക്കൊരു ട്രാപ്പ് ഒരുങ്ങിക്കഴിഞ്ഞെന്നു മനസ്സിലായി അലിയാർക്ക്.

അപ്പോഴേക്കും ആദിൽനാഥ് ഇടപെട്ടു.

''അലിയാരേ... ധനപാലനെ വിട്. തോക്ക് മാറ്റ്."

അലിയാർ അനങ്ങിയില്ല.

ആദിൽനാഥ് ബലമായി അലിയാരുടെ കയ്യിൽ നിന്ന് ധനപാലനെ മോചിപ്പിച്ചു.

''ഐ വാണ്ട് എക്സപ്ളനേഷൻ. എന്തിന്റെ പേരിലായാലും പ്രതി മരണപ്പെട്ടതിന് താൻ ഉത്തരം പറഞ്ഞേ പറ്റൂ."

ആദിൽനാഥ് ഒരു കസേരയിൽ ഇരുന്നു.

സി.പി.ഒ ഗംഗാധരൻ പകച്ച മട്ടിൽ നിൽക്കുകയാണ്. നടന്നത് ചതിയാണെന്ന് അയാൾക്കറിയാം. പക്ഷേ താൻ ഇവിടെ നിസ്സഹായനാണ്.

ഡിവൈ.എസ്.പി ശബ്ദമുയർത്തി:

''ധനപാലാ... അകത്ത് കിടക്കുന്നവനെ ഹോസ്പിറ്റലിൽ എത്തിക്ക്. മരിച്ചോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടറല്ലേ?"

അയാൾ ധനപാലനെ നോക്കി ഒന്നു കണ്ണിറുക്കി.

ധനപാലൻ രണ്ട് പോലീസുകാരുടെ സഹായത്തോടെ വാസുക്കുട്ടിയെ ജീപ്പിൽ കയറ്റി.

ഹെഡ്‌ലൈറ്റ് തെളിച്ച് ബീക്കൺ ലൈറ്റിന്റെ അലർച്ചയോടെ ജീപ്പ് പാഞ്ഞുപോയി.

എല്ലാം തകർന്നവനെപ്പോലെ അലിയാർ തന്റെ ക്യാബിനിൽ കയറി. വീഴുംപോലെ കസേരയിലേക്കിരുന്ന് മേശയിലേക്കു നെറ്റിമുട്ടിച്ചു.

ഹാഫ് ഡോർ തുറക്കുന്ന ശബ്ദം. അലിയാർ മെല്ലെ മുഖമുയർത്തി.

ഡിവൈ.എസ്.പി ആദിൽനാഥ്.

''എസ്.പി സാറിന് ഞാൻ മെസേജ് നൽകിയിട്ടുണ്ട്. ഇനി എന്തു വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ."

ഒന്നും മിണ്ടിയില്ല ആലിയാർ. പക്ഷേ അയാളുടെയും ആദിൽനാഥിന്റെയും കണ്ണുകൾ കോർത്തുവലിച്ചു.

''സാറേ... എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് എനിക്ക് നല്ല സംശയമുണ്ട്. ഞാൻ കാരണം ഒരിക്കലും വാസുക്കുട്ടി മരിക്കില്ല. ഇതിനു പിന്നിൽ സാറ് തന്നെയാണെന്ന് എനിക്കറിയാം.,"

''അതെ." ആദിൽനാഥ് ചിരിച്ചു. ''എങ്കിൽ നീ അത് പ്രൂവ് ചെയ്യ്."

''ചെയ്യും. ചെയ്തിരിക്കും. ഇനി അഥവാ തൊപ്പി പോയാലും ലോക്കപ്പിൽ കിടക്കേണ്ടിവന്നാലും പരാജയപ്പെടില്ല സാർ ഞാൻ. തങ്ങളങ്ങാടി അബ്ദുൾ ഹാജിയുടെ മകനാണ് ഞാൻ. ഞരമ്പിൽ ചോരയ്ക്കു പകരം വെടിമരുന്നു നിറച്ചിരുന്ന പഴയ പട്ടാളക്കാരന്റെ രക്തം."

അതുകേട്ട് ആദിൽനാഥ് പുച്ഛിച്ചു.

''അതുകൊണ്ടാണല്ലോ കാശ്മീർ താഴ്‌വരയിൽ ബുള്ളറ്റുകൾകൊണ്ട് അയാളുടെ ശരീരം അരിപ്പ പോലെയായതും? വിരമിച്ചു കഴിഞ്ഞിട്ടും വീരസ്യം കാണിക്കാൻ അയാള് പോയതല്ലായിരുന്നോ കാശ്മീരിൽ?"

അലിയാരുടെ ചോര തിളച്ചു. മിന്നൽ വേഗത്തിൽ അയാൾ മേശയെ വലം വച്ച് ഡിവൈ.എസ്.പിക്കു മുന്നിലെത്തി.

''ഒപ്പം നിൽക്കുന്നവരെ വഞ്ചിച്ചു കൂടപ്പിറപ്പുകളെ കൂട്ടിക്കൊടുത്തും നീ നേടിയതു പോലെയുള്ള കാക്കിയല്ലെടാ ഇത്. എന്റെ പിതൃത്വത്തിൽ നിന്നെപ്പോലെ എനിക്ക് സംശയവുമില്ല."

അലിയാർ, ഡിവൈ.എസ്.പിയുടെ യൂണിഫോമിൽ കുത്തിപ്പിടിച്ചു.

''തോൽക്കേണ്ടി വന്നാൽ ഒരു ബുള്ളറ്റ്. ഒരേയൊരു ബുള്ളറ്റ്! അതുകൊണ്ട് നിന്റെയീ വൃത്തികെട്ട ഹൃദയത്തിൽ ഞാനൊരു തുളയിടും. ഈ നാടിനെ രക്ഷിക്കാൻ."

അലിയാർ അയാളെ ശക്തമായൊന്നു കുലുക്കി. കാറ്റുപിടിച്ച മരം പോലെ ആദിൽനാഥ് ഭയന്ന് ഉലഞ്ഞു.

അലിയാർ വെല്ലുവിളിച്ചു.

''ചുണയുണ്ടെങ്കിൽ നിന്റെയീ പുഴുത്തളിഞ്ഞ നാക്കുകൊണ്ട് എന്റെ ബാപ്പയെക്കുറിച്ച് എന്തെങ്കിലും ഒന്നു പറഞ്ഞേടാ. നല്ല തന്തയ്ക്കു പിറന്നവനാണ് നീ എന്ന് ഞാൻ സമ്മതിക്കാം."

അകത്തെ ഗർജ്ജനം കേട്ട് ഗംഗാധരനും രണ്ട് പോലീസുകാരും ഓടിയെത്തി. അവർ അലിയാരെ പിടിച്ചുമാറ്റി. പുലിയെപ്പോലെ അപ്പോഴും അയാൾ മുരണ്ടുകൊണ്ടിരുന്നു...

(തുടരും)