ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി യു.പിയിലെ അമേതിയിൽ വീഴുമോ? ചില എക്സിറ്ര് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത് അമേതിയിൽ രാഹുലിന്റെ സ്ഥാനം സുരക്ഷിതമല്ലെന്നാണ്. അതേസമയം രാഹുലിന്റെ രണ്ടാമത്തെ സീറ്റായ കേരളത്തിലെ വയനാട്ടിൽ രാഹുലിന്റെ വിജയം പ്രവചിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേതിയിലെ ബി.ജെ.പി സ്ഥാനാർത്ഥി. ഇന്ത്യാ ടുഡേ - ആക്സിസ് നടത്തിയ എക്സിറ്ര് പോളിലാണ് അമേതിയിൽ കടുത്ത പോരാട്ടമാണെന്നാണ് വ്യക്തമാക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള വ്യത്യാസം ആകെ പോൾ ചെയ്ത വോട്ടിന്റെ മൂന്നു ശതമാനത്തിൽ താഴെയാണെങ്കിൽ അവിടെ പ്രവചനാതീത മത്സരമെന്നാണ് കാണിക്കുക. അതായത് രാഹുൽ ജയിച്ചാൽ 3000 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടാവൂ. തോൽക്കാനും സാദ്ധ്യതയുണ്ട് എന്നാണ് എക്സിറ്റ് പോൾ പ്രവചനം.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണം ശക്തമാക്കിയതിനെ തുടർന്ന് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെ വയനാട്ടിലേക്ക് രാഹുൽ വന്നതെന്നായിരുന്നു എതിരാളികളുടെ പ്രചരിപ്പിച്ചിരുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ പ്രധാന എതിരാളി. അന്ന് 1.07ലക്ഷം വോട്ടിനാണ് രാഹുൽ ജയിച്ചത്. 2009ലാകട്ടെ 3.7 ലക്ഷം വോട്ടിനും. അമേതി മണ്ഡലം രൂപീകരിച്ചതു മുതൽ ഒരു തവണയൊഴികെ കോൺഗ്രസാണ് ഇവിടെ ജയിക്കുന്നത്. ബി.ജെ.പി അമേതിയിൽ നിന്ന് ജയിച്ചത് 1998-99ൽ മാത്രം.
രാജകുടുംബാംഗവും മുൻ കോൺഗ്രസ് നേതാവുമായ സഞ്ജയ് സിംഗാണ് അന്ന് ബി.ജെ.പി ടിക്കറ്രിൽ ജയിച്ചത്. രാഹുൽ അമേതിയിൽ കടുത്ത പോരാട്ടം നേരിടുമ്പോൾ റായ്ബറേലിയിൽ സോണിയാ ഗാന്ധിക്ക് എളുപ്പം ജയിച്ചുകയറാമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. യുപിയിൽ ആകെ രണ്ട് സീറ്രാണ് കോൺഗ്രസിന് പ്രവചിക്കുന്നത്.
ഇന്ത്യാ ടുഡേ - ആക്സിസ് എക്സിറ്റ് പോൾ പ്രകാരം കേരളത്തിൽ രണ്ടിടത്താണ് ഇഞ്ചോടിച്ച് പോരാട്ടമുള്ളത്. വടകരയിലും ആറ്രിങ്ങലിലും . ഇതിൽ ആറ്രിങ്ങലിൽ കോൺഗ്രസിലെ അടൂർപ്രകാശിന് അല്പം മുൻതൂക്കമുള്ളപ്പോൾ വടകരയിൽ സി.പി.എമ്മിലെ പി.ജയരാജനാണ് നേരിയ സാദ്ധ്യത പ്രവചിക്കുന്നത്. ആറ്രിങ്ങൽ, പാലക്കാട്, ആലപ്പുഴ മണ്ഡലങ്ങളിലും എൽ.ഡി.എഫിനാണ് മുൻതൂക്കം. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പിക്ക് സാദ്ധ്യതകളില്ലെന്നും പ്രവചിക്കുന്നു. ഇവിടെയുൾപ്പെടെ മറ്രെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് സാദ്ധ്യത. സമീപ സംസ്ഥാനമായ തമിഴ്നാട്ടിൽ മധുരയിലും കോയമ്പത്തൂരിലും സി.പി.എമ്മിനും നാഗപട്ടണത്തിൽ സി.പി.ഐക്കും കന്യാകുമാരിയിൽ ബി.ജെ.പിക്കും സാദ്ധ്യത കല്പിക്കുന്നു.