red-43

ശരിക്കും ഡിവൈ.എസ്.പി ആദിൽനാഥിന് ശ്വാസം നേരെ വീണത് അപ്പോഴാണ്.

സി.ഐ അലിയാരുടെ ഉഗ്രഭാവത്തിനു മുന്നിൽ അയാൾ പതറിപ്പോയിരുന്നു....

ഒരു കീഴുദ്യോഗസ്ഥൻ തന്നെ...

മറ്റുള്ളവർകൂടി അത് കാണുവാൻ ഇടയായതിൽ ആയിരുന്നു ഡിവൈ.എസ്.പിക്ക് ഏറെ നാണക്കേട്.

''ഇവിടെയിരിക്ക് സാറേ.... എന്താ ഇങ്ങനെ...."

സിവിൽ പോലീസ് ഓഫീസർ ഗംഗാധരൻ വല്ലവിധേനയും അലിയാരെ കസേരയിൽ ഇരുത്തി.

അയാൾ വല്ലാതെ കിതച്ചു.

ഹാഹ്‌ഡോർ തുറന്ന് പുറത്തേക്കു കാൽ വച്ചിട്ട് ആദിൽനാഥ് തിരിഞ്ഞുനിന്നു.

''അലിയാരേ.. നീ കാതിൽ നുള്ളിക്കോ. ഇതിന് ഞാൻ പകരം ചോദിക്കും. നിന്റെ ജീവിതത്തിലെ അവസാന ഡ്യൂട്ടിയാ ഇന്ന്."

കൈവിരൽ ചൂണ്ടി വെല്ലുവിളിക്കുംപോലെ പറഞ്ഞിട്ട് ആദിൽനാഥ് പോയി.

അലിയാർ എഴുന്നേറ്റു.

പുറത്ത് ബൊലേറോ സ്റ്റാർട്ടാവുന്നതും ചീറിപ്പോകുന്നതും കേട്ടു.

അലിയാർ ക്യാബിനിൽ നിന്നിറങ്ങി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

ആദിൽനാഥ് സെല്ല് തുറക്കാൻ പറയുന്നതും പിന്നീട് മടങ്ങുന്നതും വരെയേ അതിൽ ഉള്ളൂ. ശേഷം കുറച്ചു കഴിഞ്ഞുള്ള ദൃശ്യങ്ങൾ മാത്രം...

അലിയാർക്ക് സംശയത്തിന്റെ ചൂരടിച്ചു.

ആ സമയം അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരനെ വിളിച്ച് അയാൾ മുന്നിൽ നിർത്തി.

''വർഗീസേ.... സത്യം മാത്രമേ പറയാവൂ. സത്യം മാത്രം. എങ്ങനെയാ കുറേ നേരത്തേക്ക് ക്യാമറകൾ നിശ്ചലമായത്?"

വർഗീസ് പതറി.

''എനിക്കറിയത്തില്ല സാർ... ഞാൻ ഇത് ശ്രദ്ധിച്ചില്ല."

''ഓക്കെ. പിന്നീട് ശ്രദ്ധിച്ചെന്നും തെറ്റുപറ്റിയതാണെന്നും മാപ്പുതരണമെന്നും ഒന്നും എന്നോടു പറഞ്ഞേക്കരുത്."

അലിയാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല വർഗീസിന്.

അലിയാർ അവിടെ നിന്ന് വിവേകിനെ ഇട്ടിരിക്കുന്ന സെല്ലിനടുത്തേക്കു ചെന്നു.

അവന്റെ മന്ദത അല്പം കുറഞ്ഞിട്ടുണ്ട് എന്നു തോന്നി.

ശരിക്കും അവൻ പഴയ രീതിയിലേക്കു തിരിച്ചുവന്നാൽ കുറേ വിവരങ്ങൾ എന്തെങ്കിലും ലഭിക്കും എന്ന് അലിയാർക്ക് ഉറപ്പുണ്ടായിരുന്നു....

** **** ** *** **

വടക്കേ കോവിലകം.

ചന്ദ്രകലയ്ക്കും പ്രജീഷിനും ഒപ്പം എം.എൽ.എ ശ്രീനിവാസ കിടാവും സൂസനും ഉണ്ടായിരുന്നു.

'നിലമ്പൂർ സ്റ്റേഷനിൽ കൊലപാതകം" എന്ന് ഫ്ളാഷ് ന്യൂസ് ടിവിയിൽ തെളിഞ്ഞുകൊണ്ടിരുന്നു.

''രണ്ടുകോടി ഡിവൈ.എസ്.പിക്ക് കൊടുക്കേണ്ടിവന്നാലും സാരമില്ല. ആ അലിയാർ ഇനി നമുക്കെതിരെ വരത്തില്ലല്ലോ."

ചന്ദ്രകലയ്ക്ക് അതായിരുന്നു ആശ്വാസം.

''അതേയതെ." പ്രജീഷും പിൻതാങ്ങി. 'സംഭവത്തിന്റെ ഐ വിറ്റ്‌നസ്സും കുറ്റം ഏറ്റുപറഞ്ഞവനുമല്ലേ ലോക്കപ്പിൽ മരിച്ചത്? ഇനി നമ്മളെ ഇതിലേക്കു ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു തെളിവുമില്ലല്ലോ...."

ശ്രീനിവാസ കിടാവ് ഒന്നു തലയാട്ടി.

''തെളിവുണ്ടാക്കണമെങ്കിൽ പോലീസിന് അതിൽ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. പക്ഷേ ആദിൽനാഥ്. വാങ്ങുന്ന പണത്തോട് നൂറുശതമാനം കൂറുകാണിക്കുന്നവനാ അയാള്."

കിടാവ് പറഞ്ഞു.

ആ സെക്കന്റിൽ അയാളുടെ സെൽഫോൺ ഇരമ്പി.

കിടാവ് അതെടുത്തു നോക്കി.

''മുടിഞ്ഞ ആയുസ്സാ ആ ഡിവൈ.എസ്.പിക്ക്. നമ്മളിപ്പോൾ പറഞ്ഞുകൊണ്ടിരുന്നതല്ലേയുള്ളൂ? ദാ വിളിക്കുന്നു."

മറ്റുള്ളവരെ നോക്കിയിട്ട് കിടാവ് ഫോൺ കാതോടു ചേർത്തു.

''പറ സാറേ...."

''കാര്യങ്ങൾ ലൈവായി ടിവിയിൽ വരുന്നുണ്ടല്ലോ... പിന്നെ എസ്.പി സാർ നിലമ്പൂരിനു പുറപ്പെട്ടിട്ടുണ്ട്. ഏറിയാൽ ഒരു മണിക്കൂർ. അതിനുള്ളിൽ അലിയാർക്ക് തൊപ്പിയൂരേണ്ടിവരും."

''സബാഷ്." അല്പം ഉറക്കെ ചിരിച്ചു കിടാവ്. ''സാറ് വലിയൊരു പ്രസ്ഥാനം തന്നെ."

''അതെന്തുമായിക്കോട്ടെ...."

ആദിൽനാഥിന്റെ ശബ്ദം കേട്ടു.

''പറഞ്ഞ പണം. അത് ഇന്നുതന്നെ കിട്ടണം. ആ നേരത്ത് അവിടെയുണ്ടായിരുന്ന എസ്.ഐയ്ക്കും പോലീസുകാർക്കും കൂടി കൊടുക്കാനുള്ളതാ."

കിടാവ് ഒരു നിമിഷം മൗനം.

പിന്നെ അറിയിച്ചു:

'സ്ഥലവും സമയവും. അത് ഞാൻ രണ്ടുമിനുട്ടിനുള്ളിൽ വിളിച്ചുപറയാം."

''ഓക്കെ."

അപ്പുറത്ത് കാൾ മുറിഞ്ഞപ്പോൾ കിടാവ് മറ്റുള്ളവർക്കു മുന്നിൽ കാര്യം അവതരിപ്പിച്ചു.

''ഇന്നിനി രണ്ടുകോടി എടുക്കുക എന്നുവച്ചാൽ അത് നടക്കുന്ന കാര്യമല്ല."

ചന്ദ്രകല ചിന്തിച്ചിരുന്നു.

''കൊടുത്തില്ലെങ്കിൽ ആദിൽനാഥ് തനിനിറം കാണിക്കും." അക്കാര്യത്തിൽ കിടാവിനു സംശയമില്ല.

''ഒരു കാര്യം ചെയ്യ്." പ്രജീഷ് പോംവഴി നിർദ്ദേശിച്ചു. ''കിടാവ് സാറിന്റെ കയ്യിൽ 'ബ്ളാക്ക് മണി' കാണുമല്ലോ. തൽക്കാലം അതുകൊണ്ട് ഒന്ന് അഡ്ജസ്റ്റു ചെയ്യണം. ഉടനെ ഞങ്ങൾ പണം തരാം."

സമ്മതിക്കുകയേ തരമുള്ളായിരുന്നു കിടാവിന്.

അയാൾ, ആദിൽനാഥിനെ ഫോണിൽ വിളിച്ചു.

''വൈകിട്ട് ഏഴുമണി. എന്റെ ഫാം ഹൗസ്. " ഉറപ്പുനൽകി.

(തുടരും)