murder-case

പോത്തൻകോട്: വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ പങ്കിനെപ്പറ്റി പൊലീസിന് വ്യക്തതയില്ല. വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിക്കുന്ന ജോസഫ് -ശോശാമ്മ ദമ്പതികളുടെ മകൻ വിനോദ്കുമാറിന്റെ (35) കൊലപാതകത്തിലാണ് ഭാര്യയും ബ്യൂട്ടിഷ്യനുമായ രാഖിയുടെ ബന്ധം അന്വേഷണ സംഘത്തിന് ഇനിയും സ്ഥിരീകരിക്കാനാകാത്തത്. കൊലപാതകവുമായി രാഖിയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടെന്നുള്ളതിനാവശ്യമായ തെളിവുകൾ ലഭിക്കാത്തതാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

വിനോദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ കുടുംബ സുഹൃത്തായ പേരൂർക്കട തൊഴുവൻകോട് കെ.ആർ.ഡബ്ളിയു 134 ഡിയിൽ ശ്രീവിനായക ഹൗസിൽ മനോജിനെ (30) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തരുന്നെങ്കിലും കൊലപാതകത്തിന് ഇയാൾക്ക് രാഖിയുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ക്രിമിനൽ പശ്ചാത്തലമുളള മനോജ് സംഭവശേഷം തന്നെ ഭീഷണിപ്പെടുത്തിയിട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നുമാണ് രാഖി വെളിപ്പെടുത്തുന്നത്. അക്രമവാസനയുള്ള മനോജ് തന്നെ വിരട്ടിയാണ് വശീകരിച്ചതെന്ന് രാഖി പൊലീസിനോട് പറഞ്ഞു. എന്നാൽ രാഖിയുടെ മൊഴി പൂർണമായും വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കൊലയുമായി രാഖിയെ ബന്ധിപ്പിക്കാൻ എന്തെങ്കിലും വിധത്തിലുള്ള തെളിവുകൾ ലഭ്യമാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

സംഭവത്തിൽ രാഖിയ്ക്ക് പങ്കില്ലെന്ന് കരുതാനാവില്ലെന്നും മതിയായ തെളിവുകൾ ലഭ്യമായാൽ രണ്ടുദിവസത്തിനകം അവരെ അറസ്റ്റ് ചെയ്യുമെന്നും റൂറൽ എസ്.പി അശോക് കുമാർ വെളിപ്പെടുത്തി. രാഖിയുമായി മനോജിനുള്ള വഴിവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 19നായിരുന്നു കൊലപാതകമുണ്ടായത്. ഞായറാഴ്ച ദിവസം മനോജ് വീട്ടിലെത്തിയതിനെ ചൊല്ലി രാഖിയും വിനോദും തമ്മിലുണ്ടായ വഴക്കിനിടെ മനോജ് വിനോദിനെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വെളിപ്പെട്ടത്. സംഭവത്തിൽ ഇന്നലെ റിമാൻഡിലായ മനോജിനെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.