''ഓക്കെ." ആദിൽനാഥ് സമ്മതിച്ചു. ''പക്ഷേ..."
''പക്ഷേ?" കിടാവിന്റെ പുരികം ചുളിഞ്ഞു.
''എനിക്ക് ഒരാഗ്രഹമുണ്ട്. അതല്ലെങ്കിൽ റിക്വസ്റ്റ് ആയിട്ട് സാറ് കൂട്ടിയാലും മതി. പണവുമായി സാറ് അവിടെ വരുമ്പോൾ അവളെക്കൂട്ടി കൂട്ടണം. ആ സീരിയൽ നടിയെ... സൂസനെ! ഒരുപാട് കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു കാര്യമാണ്."
പെട്ടെന്ന് ഒരുത്തരം നൽകാൻ കഴിഞ്ഞില്ല കിടാവിന്. അയാൾ സൂസനെ ഒന്നു നോക്കി.
ആദിൽനാഥിന്റെ ശബ്ദം വീട്ടും കേട്ടു:
''സാറിന്റെ ഒരു പ്രൈവറ്റ് പ്രോപ്പർട്ടിയാണെന്ന് എനിക്കറിയാം. എന്നാലും..."
ബാക്കിപറയാതെ ആദിൽനാഥ് കാൾ മുറിച്ചു.
കിടാവിന്റെ കടപ്പല്ലമർന്നു.
അവൻ ഇൻഡയറക്ടായി, എന്നോട് വിലപേശിത്തുടങ്ങി. എങ്ങനെയാ... അവന്റെ കക്ഷത്തിൽ കൊണ്ട് തല വച്ചുകൊടുത്തു പോയില്ലേ?"
മറ്റുള്ളവർക്ക് ഒന്നും മനസ്സിലായില്ല.
''കാര്യമെന്താ സാറേ?" ചോദിച്ചത് സൂസനാണ്.
''അവന് പണം മാത്രം പോരെന്ന്. നിന്നെക്കൂടി വേണമെന്ന്. ഞാൻ കൂട്ടിക്കൊടുക്കണമെന്ന്...."
കവിളടക്കം അടിയേറ്റതു പോലെ വിളറിപ്പോയി സൂസൻ.
**** *** ******
4 മണി.
നിലമ്പൂർ പോലീസ് സ്റ്റേഷനു മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്. ഇലക്‌ഷൻ സമയമായതിനാൽ ഈർക്കിൽ പാർട്ടിക്കാർ വരെ കൊടിയും ഉയർത്തിപ്പിടിച്ച് എത്തിയിരിക്കുകയാണ്.
''കൊലയാളി അലിയാരെ അറസ്റ്റു ചെയ്യുക...."
''അലിയാരെ സസ്പെൻഡു ചെയ്യുക..."
അതിൽ തുടങ്ങി പിന്നീട് സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ഭേദിച്ച മുദ്രാവാക്യങ്ങൾ...
എസ്.പിയുടെ നിർദ്ദേശാനുസരണം കൂടുതൽ പോലീസ് എത്തിയിട്ടുണ്ട്.
ജനം അകത്തേക്കു തള്ളിക്കയറാതിരിക്കുവാൻ ഗേറ്റ് അടച്ചിട്ട് അതിനു മുന്നിൽ ലാത്തിയും ഷീൽഡുമായി നിൽക്കുകയാണ് അവർ.
കേരളത്തിലെ മിക്കവാറും എല്ലാ ചാനൽ - പത്ര റിപ്പോർട്ടറന്മാരും റോഡിലുണ്ട്.
ക്യാമറക്കണ്ണുകൾ തുറന്നിരിക്കുകയാണ്.
പോലീസ് സ്റ്റേഷനുള്ളിൽ യാതൊരു കുലുക്കവുമില്ലാതെ സി.ഐ അലിയാർ ഉണ്ടായിരുന്നു.
വാസുക്കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിട്ട് എസ്.ഐ ധനപാലനും പോലീസുകാരും എത്തിക്കഴിഞ്ഞു.
അലിയാർ ഇടയ്ക്കിടെ ജനാലയിലൂടെ പുറത്തേക്കു നോക്കും.
അതു കാണുമ്പോൾ ജനം കൂകിവിളിക്കുകയും തെറി പറയുകയും ചെയ്യും.
''സാറ് ഇടയ്ക്കിടെ അങ്ങോട്ടു പോയി നോക്കാതിരിക്കുന്നതാ നല്ലത്." അവസാനം ധനപാലൻ പറഞ്ഞു.
കത്തുന്ന ഒരു നോട്ടമായിരുന്നു അലിയാരുടെ മറുപടി.
അതോടെ ധനപാലന്റെ തല കുനിഞ്ഞു.
അലിയാർ എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് സിവിൽ പോലീസ് ഓഫീസറായ ഗംഗാധരന് ഉറപ്പാണ്.
നേരത്തെ കണ്ട സാറല്ല ഇപ്പോൾ..!
പോലീസ് വാഹനങ്ങളുടെ സൈറൺ.
ഗേറ്റിനു മുന്നിൽ നിന്നിരുന്ന പോലീസുകാർ പെട്ടെന്ന് മുന്നോട്ടുനീങ്ങി. ജനത്തെ ഇരുവശത്തേക്കും തള്ളിയൊതുക്കി.
''മാറ്... അങ്ങോട്ട് മാറിനിൽക്കാൻ."
ജനങ്ങൾക്കിടയിലൂടെ എസ്.പിയുടെ ഔദ്യോഗിക വാഹനമായ തൂവെള്ള ഇന്നോവയും അതിനു പിന്നാലെ ഡിവൈ.എസ്.പി ആദിൽനാഥിന്റെ ബൊലേറോയും ഗേറ്റു കടക്കുന്നു. സ്റ്റേഷനു മുന്നിൽ അവ ബ്രേക്കിട്ടു.
ബൊലേറോയിൽ നിന്ന് ആദിൽനാഥ് തിടുക്കത്തിൽ ഇറങ്ങി. പിന്നെ ചെന്ന് ഇന്നോവയുടെ പിന്നിലെ ഡോർ തുറന്നു പിടിച്ചു.
''സാർ..."
തല അല്പം ഒന്നു കുനിഞ്ഞു നിവർന്ന് മലപ്പുറം എസ്.പി ഷാജഹാൻ ഇറങ്ങി.
ആറടി ഉയരവും അതിനു പറ്റിയ ആകാരവും.
തൊപ്പിയൊന്നു നേരെ വച്ചു എസ്.പി ഷാജഹാൻ. പിന്നെ പാന്റ് അല്പം വലിച്ചുകയറ്റിക്കൊണ്ട് ഗേറ്റിനു നേർക്കു തിരിഞ്ഞു.
പോലീസുകാർ വീണ്ടും അത് അടച്ചു കഴിഞ്ഞിരുന്നു.
എസ്.പിയെ കണ്ടതോടെ ജനത്തിന്റെ മുദ്രാവാക്യങ്ങൾക്ക് ഒച്ചയും ശക്തിയും കൂടി.
ഷാജഹാൻ മീശത്തുമ്പുകളിൽ ഒന്നു വിരലോടിച്ചു. ശേഷം തിരിഞ്ഞു.
ഭവ്യതയോടെ ആദിൽനാഥ് അയാൾക്കു പിന്നാലെ നീങ്ങി.
അകത്ത് സി.ഐയും എസ്.ഐയും അടക്കമുള്ള സകലരും അറ്റൻഷനായി.
''സാർ...."
ഷാജഹാൻ കടുപ്പിച്ച് ഒന്നു മൂളി. ശേഷം അലിയാർക്കു നേരെ തിരിഞ്ഞു.
''കയ്യിൽ കിട്ടുന്നവനെ ഇടിക്കാതെ അടങ്ങില്ല എന്ന നിന്റെ സ്വഭാവം ഇതുവരെ മാറിയില്ലേ?"
''സാർ... ഞാൻ...."
''വേണ്ടാ." ഷാജഹാൻ കൈ ഉയർത്തി. ''നിന്നെ എനിക്ക് ശരിക്കറിയാം."
അലിയാർ പിന്നെ മിണ്ടിയില്ല.
എസ്.പിക്കു പിന്നിൽ നിന്ന് ആദിൽനാഥ് വിജയ ഭാവത്തിൽ ചിരിക്കുന്നത് അലിയാർ കണ്ടു.
''സംഭവം നടക്കുമ്പോൾ ഈ സ്റ്റേഷനിൽ ഉണ്ടായിരുന്നവർ മുഴുവൻ വരണം. എനിക്ക് വിവരങ്ങൾ കൃത്യമായി അറിയണം."
എസ്.പി തൊട്ടടുത്ത വലിയ റൂമിലേക്കു കയറി.
പിന്നാലെ മറ്റുള്ളവരും.
(തുടരും)