red-45

ഒരു ചെറിയ കോൺഫറൻസ് ഹാൾ പോലെയായിരുന്നു ആ റൂം.

അത്യാവശ്യം ഫർണിച്ചറുകളും മറ്റുമുണ്ട്.

മേശയ്ക്കു പിന്നിലെ കസേരയിൽ എസ്.പി ഷാജഹാൻ ഇരുന്നു. തൊപ്പി മേശപ്പുറത്തുവച്ചു.

''സിറ്റ് ഡൗൺ."

എല്ലാവരോടും കൂടിയായിരുന്നു നിർദ്ദേശം.

എസ്.പി മുന്നറിയിപ്പു നൽകി.

''ഇവിടെ നടന്നതിനെക്കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്. ഇതിൽ പങ്കുള്ളവരും ഇല്ലാത്തവരും.. ആർക്കും ഒഴിഞ്ഞു മാറുവാൻ കഴിയില്ല. അതിനാൽ നടപടിക്ക് വിധേയരാകാതിരിക്കണമെങ്കിൽ ഓരോരുത്തരും തങ്ങളുടെ ഭാഗം വ്യക്തമാക്കണം. ശേഷം റിട്ടേൺ സ്റ്റേറ്റ്‌മെന്റും എനിക്കു തരണം."

എസ്.പി ഷാജഹാൻ, ഡിവൈ.എസ്.പി ആദിൽനാഥിനു നേരെ തിരിഞ്ഞു:

':താൻ തന്നെ തുടങ്ങിക്കോളൂ."

''സാർ..." ആദിൽനാഥ് എഴുന്നേറ്റു.

മറച്ചുവയ്ക്കേണ്ടതെല്ലാം മറച്ചുകൊണ്ട് അയാൾ സംസാരിച്ചു.

അടുത്തതായി അലിയാർ എഴുന്നേറ്റപ്പോൾ എസ്.പി വിലക്കി.

''നീ അവസാനം സംസാരിച്ചാൽ മതി. മറ്റുള്ളവർ പറയുന്നതു കേട്ടിട്ട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രം !"

വിളറിപ്പോയി അലിയാർ.

തളർച്ചയോടെ അയാൾ ഇരുന്നു.

അടുത്ത ഊഴം എസ്.ഐ ധനപാലന് ആയിരുന്നു. അയാൾ അലിയാർക്കു മേൽ കുറ്റം ചാർത്തിത്തന്നെ സംസാരിച്ചു.

എസ്.പി എല്ലാം തലകുലുക്കി കേട്ടുകൊണ്ടിരുന്നു.

സിവിൽ പോലീസ് ഓഫീസർ ഗംഗാധരന്റെ മൊഴി ഒഴികെ എല്ലാവരുടേതും അലിയാർക്ക് എതിരായിരുന്നു.

അല്പനേരത്തെ മൗനം.

ഷാജഹാൻ, ആദിൽനാഥിനു നേർക്കു തിരിഞ്ഞു.

''അലിയാരെ നിങ്ങൾ ഓഫീസിലേക്കു വിളിപ്പിച്ചിരുന്നോ?"

''സാർ... വിളിപ്പിച്ചു."

''എന്നിട്ട് ആ സമയത്തിനുള്ളിൽ താൻ എന്തിനാ ഇവിടെ വന്നത്?"

''സാർ... സത്യമറിയാൻ. അലിയാർക്ക് എന്നോട് എനിക്കറിയാൻ പാടില്ലാത്ത എന്തോ പകയുണ്ട്. അതിനാൽ തന്നെ അയാളിവിടെയുള്ളപ്പോൾ എനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ എൻക്വയറിക്കു വന്നാൽ ഇവിടെയൊരു ഇഷ്യൂ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അയാൾ ഇവിടെ ഇല്ലാഞ്ഞിട്ടുപോലും എനിക്ക് ലോക്കപ്പ് തുറക്കാൻ പറ്റിയില്ല. ഒരുപക്ഷേ ആ സമയത്ത് അതിനു സാധിച്ചിരുന്നെങ്കിൽ പ്രതിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു..."

എസ്.പി ആ സംഭവത്തെക്കുറിച്ച് ധനപാലനോട് വീണ്ടും തിരക്കി.

''അലിയാർ സാറിന്റെ നിർദ്ദേശം ഉണ്ടായിരുന്നതിനാലാണ് സെല്ല് തുറക്കാൻ ഞാൻ തയ്യാറാകാത്തത് സാർ..."

ധനപാലൻ തന്റെ സ്റ്റാന്റിൽ ഉറച്ചുനിന്നു.

കുറ്റം മുഴുവൻ അലിയാരിൽ ചാർത്തപ്പെട്ടുകഴിഞ്ഞു!

ഇനി എസ്.പിയുടെ തീരുമാനം മാത്രം മതി. ആദിൽനാഥ് ഉള്ളിൽ ചിരിച്ചു.

അപ്പോൾ എസ്.പി ഷാജഹാൻ, സി.ഐ അലിയാർക്കു നേരെ തിരിഞ്ഞു.''

''എല്ലാവരും പറഞ്ഞതു കേട്ടല്ലോ... ഇനി തനിക്ക് പറയാനുള്ളതു പറയാം."

''സാർ..." അലിയാർ എഴുന്നേറ്റു.

''ഇവർ ഈ പറഞ്ഞതു മുഴുവൻ ഞാൻ നിഷേധിക്കുന്നു...."

എസ്.പിയുടെ മുഖം മുറുകി.

''നിഷേധിക്കാൻ ഇത് പാർട്ടി യോഗമൊന്നുമല്ല. ഇവർ പറഞ്ഞത് ശരിയോ തെറ്റോ.. യേസ് ഓർ നോ. അത്രയും പറഞ്ഞാൽ മതി താൻ."

''നോ." അലിയാർ പതറിയില്ല.

''വൈ?" എസ്.പി നിവർന്നിരുന്ന് അലിയാരുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.

''ആദിൽസാർ ഇവിടെ വന്നതിനുശേഷം പെട്ടെന്ന് സി.സിടിവി ഓഫായി. കുറേ നേരത്തേക്ക്. ആ സമയത്തിനുള്ളിൽ എന്തു നടന്നുവെന്ന് അന്വേഷിക്കണം സാർ..."

''നേരാണോ?" എസ്.പി ചോദ്യം എസ്.ഐ ധനപാലനോട് ആയിരുന്നു.

''എന്റെ ശ്രദ്ധയിൽ പെട്ടില്ല സാർ..."

''ഉം." ഷാജഹാൻ വീണ്ടും അലിയാർക്കു നേരെ തിരിഞ്ഞു. ''ദെൻ..."

അലിയാരുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നി.

''വാസുക്കുട്ടി എന്ന പ്രതിയുടെ മരണത്തിന് ഉത്തരവാദികൾ ഡിവൈ.എസ്.പി ആദിൽനാഥും ആ സമയത്ത് ഇവിടെയുണ്ടായിരുന്ന എസ്.ഐ അടക്കമുള്ള പോലീസുകാരും ആണു സാർ."

''വെറുതെ അങ്ങനെ പറഞ്ഞാൽ പോരാ.. നിഗമനങ്ങളും സംശയങ്ങളും പോരാ.. ഐ വാണ്ട് ട്രൂത്ത് ആന്റ് എവിഡൻസ്.."

''ഞാൻ അത് നൽകാം സാർ..."

അലിയാർ പെട്ടെന്ന് തന്റെ പോക്കറ്റിൽ നിന്ന് ഒരു സ്പൈ ക്യാമറ എടുത്തു. ഒരു ചെറിയ വണ്ടിന്റെ ആകൃതിയിലുള്ള ക്യാമറ...

''ഒപ്പം നിൽക്കുന്നവരിൽ പലരും ചതിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു സാർ... എന്റെ അനുഭവം അതാണ്. ആയതിനാൽ ഒരു മുൻകരുതൽ എടുത്തിരുന്നു എന്നേയുള്ളൂ."

പറഞ്ഞുകൊണ്ട് അലിയാർ ആ സ്പൈ ക്യാമറയിൽ ഒരു ചെറിയ കോഡ് വയർ കുത്തി ലാപ്ടോപ്പുമായി കണക്ടു ചെയ്തു. പിന്നെ പ്രൊജക്ടറിന്റെ സഹായത്തോടെ അതിലെ ദൃശ്യങ്ങൾ എതിരെയിരുന്ന സ്ക്രീനിലേക്കു പതിപ്പിച്ചു...

എല്ലാവരും തിരിഞ്ഞ് അതിലേക്ക് നോക്കി.

നടുങ്ങിപ്പോയി ആദിൽനാഥ്.

താൻ സെല്ലിൽ കയറുന്ന രംഗം..

ഗ്ളൗസുകൾ എടുത്ത് അണിഞ്ഞുകൊണ്ട് വാസുക്കുട്ടിയെ സമീപിക്കുന്നു...

അയാളെ മർദ്ദിക്കുന്നു...

ശിരസ്സുപിടിച്ച് ഭിത്തിയിലിടിക്കുന്നു.

സ്തബ്ധനായി എസ്.പി ഷാജഹാൻ.

ക്ഷണനേരത്തിനുള്ളിൽ ആദിൽനാഥ് ചാടിയെഴുന്നേറ്റ് പുറത്തേക്കു പാഞ്ഞു.

പക്ഷേ മുന്നോട്ടാഞ്ഞ അലിയാർ വാതിലിൽ ഒരു തടസ്സമായി...

''എസ്.പി സാർ പറഞ്ഞിട്ട് സാറ് പോയാൽ മതി..."

ആദിൽനാഥ് പതറിപ്പോയി..!

(തുടരും)