നേമം: പൈപ്പ് പൊട്ടി കുടിവെളളം നഷ്ടമായികൊണ്ടിരുന്ന കൈമനം നരിപ്പിൽ ലെയിനിലെയും അമൃതനഗറിലെയും കുടിവെളള പ്രശ്നം പരിഹരിച്ചു. വാട്ടർ അതോറിട്ടി കരമന എ.ഇയുടെ നേതൃത്വത്തിൽ പൈപ്പ് പൊട്ടിയ സ്ഥലങ്ങളിലെ റിപ്പയറിംഗ് കഴിഞ്ഞദിവസം വൈകിട്ടോടെ പരിഹരിക്കുകയായിരുന്നു. നരിപ്പിൽ ലെയിനിൽ 2 സ്ഥലങ്ങളിലും അമൃതനഗറിൽ ഒരിടത്തും പാപ്പനംകോട് വിശ്വംഭരൻ റോഡിൽ ഒരിടത്തുമാണ് പൈപ്പ് പൊട്ടി കുടിവെളളം നഷ്ടമായികൊണ്ടിരുന്നത്. പൈപ്പിലെ ചോർച്ച മൂലം ഈ ഭാഗങ്ങളിൽ കുടിവെളള ലഭ്യത കുറഞ്ഞിരുന്നു. നരിപ്പിൽ ലെയിനിൽ സെന്റ്മേരീസ് സ്കൂളിന് സമീപത്തെ ഹൗസ് കണക്ഷനുകളാണ് പൊട്ടിയതെന്നും ഇത് പൂർണമായും പരിഹരിച്ചതായും അധികൃതർ അറിയിച്ചു.