സഖാവ് കെ.അനിരുദ്ധനുമായി ഏറ്റവും കൂടുതൽ സമയം ഒന്നിച്ചുണ്ടായത് രണ്ടാഴ്ചക്കാലം ഞങ്ങൾ ഒരിടത്ത് ജീവിച്ചപ്പോഴായിരുന്നു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര സബ് ജയിലായിരുന്നു അന്ന് ഞങ്ങളുടെ താമസസ്ഥലം. 44 വർഷങ്ങൾക്കു മുമ്പായിരുന്നു അത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെത്തന്നെ ഒരു വലിയ ജയിലു പോലെയാക്കി ഇന്ദിരാഗാന്ധി ഏകശാസനാധികാരം സ്ഥാപിച്ച ഇരുണ്ട നാളുകൾ. അതിനെതിരെ എങ്ങനെ പ്രതിഷേധിക്കുമെന്ന് അമ്പരന്നും ശങ്കിച്ചും പലരും പതറിയപ്പോൾ ഇ.എം.എസും, എ.കെ.ജിയും ശക്തമായ ഭാഷയിൽ അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു. 1975 ജൂലായ് ഒന്നാം തീയതി തിരുവനന്തപുരം നഗരിയിൽ ആദ്യമായി പകൽ സമയത്ത് അടിയന്തരാവസ്ഥയ്ക്കെതിരായ പ്രകടനം നടന്നു. സ്വാഭാവികമായും അറസ്റ്റും മർദ്ദനവുമുണ്ടായി. ഡി.ഐ. ആർ (ഡിഫൻസ് ഒഫ് ഇന്ത്യാ റൂൾ) പ്രകാരം ഞങ്ങൾ സബ് ജയിലിൽ അടയ്ക്കപ്പെട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് പാർട്ടി നേതാക്കളുടെ ഒരു സംഘം അനിരുദ്ധന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് ജയിലിലെത്തിയത്.
അങ്ങനെ സാങ്കേതികമായി ബന്ധനസ്ഥനായ അനിരുദ്ധനെയാണ് ഒത്തുജീവിച്ച ആ നാളുകളിൽ ഞങ്ങൾ അടുത്തുനിന്ന് മനസിലാക്കിയത്. എങ്കിലും, മനുഷ്യസമൂഹത്തെ സമ്പൂർണ സ്വതന്ത്രമാക്കുന്നതിന് പൊരുതുന്ന കരുത്തനായ നേതാവിനെയാണ് ആ ദിനങ്ങൾ കാട്ടിത്തന്നത്.
സി.പി.എം അംഗങ്ങളോ അനുഭാവികളോ ആയിരുന്നു അന്ന് ഞങ്ങൾക്കൊപ്പം ജയിലിലുണ്ടായിരുന്ന വിദ്യാർത്ഥികൾ സർവരും. മുതിർന്ന പാർട്ടി നേതാക്കൾ കൂടി ജയിലിൽ എത്തിയതോടെ അവരുടെ ജയിലനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രത്യേക പഠനക്ളാസുകളും ഞങ്ങൾ ജയിലിനുള്ളിലെ പഠന പദ്ധതിയിൽ ഉൾപ്പെടുത്തി. അനിരുദ്ധൻ 'ജയിൽ ശുചിത്വ"ത്തെക്കുറിച്ച് നടത്തിയ പഠനക്ളാസ് ഓർമ്മയിൽ പതിഞ്ഞു കിടപ്പുണ്ട്. ജയിൽ ജീവിതത്തിൽ ഒഴിവാക്കാൻ ഏറ്റവും പ്രയാസം 'ത്വക്ക് രോഗ"ങ്ങളാണ് എന്നും, സൂക്ഷ്മവും കൃത്യവുമായ ശുചിത്വപാലനം ഒന്നുകൊണ്ടു മാത്രമാണ് ആ 'വൃത്തികെട്ട" അസുഖത്തിൽനിന്നും രക്ഷപ്പെടാനാവൂ എന്നും അദ്ദേഹം വിശദീകരിച്ചു. ഏതു രോഗവും പിടിപെട്ട് കഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് പിടിപെടാതെ നോക്കുന്നതാണ് എന്ന് അദ്ദേഹവും ഓർമ്മിപ്പിക്കും." എന്നാൽ ഇക്കൂട്ടത്തിൽ ത്വക്ക് രോഗത്തിന്റെ കാര്യം വളരെ വളരെ ശരിയാണ്; കാരണം ത്വക്ക് രോഗം വന്നാൽ അതുണ്ടായ ശരീരഭാഗത്തെ തൊലി വളരെ വൃത്തി കേടായിപ്പോവും. സ്വന്തം ഭാര്യ പോലും അവിടം അറപ്പോടെയേ നോക്കൂ." ഇതായിരുന്നു സ. അനിരുദ്ധന്റെ പച്ചയായ വിശദീകരണം.
ഏതു കാര്യവും കേൾവിക്കാരുടെ മനസിൽ പതിഞ്ഞു കിടക്കുന്ന ഭാഷയിലും ശൈലിയിലുമാണ് സഖാവ് അവതരിപ്പിക്കുക. കൊച്ചുവാചകങ്ങളിൽ ഏറ്റവും ലളിതമായ ഭാഷയിലാണ് പ്രസംഗങ്ങൾ.
വിദ്യാർത്ഥി നേതാവെന്ന നിലയിൽ സർവകലാശാല യൂണിയൻ സാരഥിയും പിന്നീട് നഗരസഭാ കൗൺസിലറും എം.എൽ.എയും എം.പിയും ജില്ലാ കൗൺസിൽ ആദ്യമായി രൂപീകരിക്കപ്പെട്ടപ്പോൾ, തിരുവനന്തപുരം ജില്ലയിൽ അതിന്റെ തലവനുമായി പ്രവർത്തിച്ചിട്ടുള്ള സഖാവ് അതുപോലെയോ അതിൽ കൂടുതലോ തിളങ്ങിയിട്ടുള്ളത് തൊഴിലാളി സംഘടനാ രംഗത്താണ്.
അടിച്ചമർത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുന്ന ശ്രമകരമായ പ്രവൃത്തി അദ്ദേഹം നിരന്തരം ഏറ്റെടുത്തു. അവരുടെ അവകാശങ്ങൾക്കുവേണ്ടി രാപ്പകൽ ഇല്ലാതെ അദ്ധ്വാനിച്ചു. സഖാവ് നേരിട്ട ഒരു പ്രശ്നം അസംഖ്യം മേഖലകളിലെ തൊഴിലാളികൾ സഖാവിന്റെ സമയം മാത്രമല്ല യൂണിയൻ നേതാവെന്ന നിലയിൽ ഭാരവാഹിത്വം ഏറ്റെടുക്കാനും നിർബന്ധംപിടിച്ചതാണ്. ന്യായമായ കാരണങ്ങളാൽ ഒരേ നേതാവു തന്നെ ഒട്ടേറെ യൂണിയനുകളുടെ പ്രധാന ഭാരവാഹിത്വം ഏറ്റെടുക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന സമീപനം തൊഴിലാളി പ്രസ്ഥാനം നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അനിരുദ്ധനെപ്പോലെ ചിലർക്ക് ഇക്കാര്യത്തിൽ ഇളവു കൊടുക്കണമെന്ന മുറവിളി ഉയർന്നത് ഈ രംഗത്ത് സഖാവിനുണ്ടായിരുന്ന അവിതർക്കിതമായ നെടുനായകത്വം കൊണ്ടുകൂടിയായിരുന്നു.
സംഘർഷ സന്ദർഭങ്ങളിലും സ്ഥലങ്ങളിലുമാണ് സഖാവിന്റെ നേതൃത്വപാടവം ഏറ്റവും പ്രകടിതമാകുന്നത്. തൊഴിലാളി - വിദ്യാർത്ഥി - യുവജന - മഹിളാ - എൻ. ജി. ഒ - അദ്ധ്യാപക കേന്ദ്ര ജീവനക്കാർ - എന്നു തുടങ്ങി ഏതു വിഭാഗവും പ്രക്ഷോഭ രംഗത്തിറങ്ങിയാൽ സഖാവ് രംഗത്തുണ്ടാവും. സമരം നീണ്ടുപോവുകയും, സമര സഹായ സമിതി രൂപവത്കരിക്കപ്പെടുകയും ചെയ്താൽ അതിന്റെ ആദ്യാവസാനക്കാരനായി ഉണ്ടാവുന്നവരിൽ പ്രധാനി സഖാവ് അനിരുദ്ധനാണ്. സമരത്തിനിടയിൽ വല്ല സംഘർഷമോ സംഘട്ടനമോ ഉണ്ടായാൽ അത് നിയന്ത്രണ വിധേയമാക്കാൻ സഖാവ് രംഗത്ത് ഓടിയെത്തും. ചീറിപ്പായുന്ന കല്ലുകളെ അവഗണിച്ച്, അഴിഞ്ഞാടുന്ന കാക്കിപ്പടയെ സ്തബ്ധമാക്കിക്കൊണ്ട് സമരഭടന്മാരെ സംരക്ഷിച്ച് പൊലീസ് തലവന്മാരെ വരുതിയിലാക്കി അന്തരീക്ഷം മാറ്റുന്നതിൽ ഐന്ദ്രജാലികമായ ഫലമാണ് സഖാവിന്റെ സാന്നിദ്ധ്യവും ഇടപെടലും സൃഷ്ടിക്കുന്നത്.
ജനപ്രതിനിധിയെന്ന നിലയിൽ ലഭ്യമായ വേദികളിലും, പണിയിടങ്ങളിലും, പണിമുടക്ക് സമരങ്ങളിലും തൊഴിലാളിയുടെയും സമൂഹത്തിലെ ചൂഷിതരുടെയും മർദ്ദിതരുടെയും പക്ഷത്ത് നിന്നു പൊരുതി അനിരുദ്ധൻ. വർഗീയതയ്ക്കും ജാതീയതയ്ക്കും അധീശത്വത്തിനും മൂലധനാധിപത്യത്തിനും എതിരേ എന്നും അദ്ദേഹം പൊരുതി. ഈ സമരങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കേണ്ട നാളുകളാണ് നമ്മുടെ മുന്നിൽ. അനിരുദ്ധന്റെ നല്ല മാതൃകകൾ അതിന് കരുത്തുപകരും.
( ലേഖകൻ സി.പി.എം പി.ബി അംഗമാണ് )