തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞുള്ള കാത്തിരിപ്പിന് നാളെ അന്ത്യമാവും.. ഇനി മണിക്കൂറുകൾ. രാജ്യം മുഴുവൻ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. അടുത്ത അഞ്ച് കൊല്ലം രാജ്യം ആര് ഭരിക്കുമെന്ന ജനവിധി.
വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് തുടങ്ങും. രാവിലെ ഒൻപത് മണിമുതൽ ആദ്യ സൂചനകൾ ലഭിച്ചുതുടങ്ങും. ഉച്ചയ്ക്ക് ഒരു മണിയോടെ ഏതാണ്ട്. ഫലം അറിയാം. ഒാരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണും. അതിനാൽ ഒൗദ്യോഗിക പ്രഖ്യാപനം രാത്രി പത്തു മണിവരെ നീളാൻ സാദ്ധ്യതയുണ്ട്. എന്നാൽ, അതിന് മുമ്പുതന്നെ രാജ്യം ആര് ഭരിക്കുമെന്ന ചിത്രം വ്യക്തമാവും. ഫലം അപ്പപ്പോൾ അറിയാനുള്ള സംവിധാനം ഇലക്ഷൻ കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.
വിവി പാറ്ര് സ്ലിപ്പുകൾ എണ്ണുന്നതിന് അഞ്ചു മണിക്കൂറോളം വേണം. എണ്ണാനുള്ള വിവിപാറ്റുകൾ റിട്ടേണിംഗ് ഓഫീസർ നറുക്കിട്ടെടുക്കും. അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകളും ഒരേസമയം എണ്ണില്ല, ഒന്നിനു പിറകെ ഒന്നായാവും എണ്ണുക. നോട്ട് എണ്ണുന്നതിൽ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ ഇതിന് നിയോഗിക്കും. കനം കുറഞ്ഞ കടലാസായതിനാൽ എണ്ണം തെറ്റാനിടയുണ്ട്. അതിനാൽ ഓരോ മെഷീനിലെ രസീതുകളും മൂന്ന് തവണ എണ്ണും. വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റ് രസീതുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റുകൾ എണ്ണിയ ഫലമാകും പരിഗണിക്കുക. നാളെ രാവിലെ എട്ടു വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണും. തപാൽ വോട്ടിനെക്കാൾ കുറവാണ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷമെങ്കിൽ തപാൽ വോട്ടുകൾ വീണ്ടും എണ്ണും.
ഫലമറിയാൻ ഡിജിറ്റൽ സംവിധാനം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ, എൻ.ഐ.സിയുടെ ട്രെൻഡ് എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലം അപ്പപ്പോൾ അറിയാം. ഒാരോ റൗണ്ട് എണ്ണിത്തീരുമ്പോഴും സുവിധയിലും ട്രെൻഡിലും അത് അപ്ലോഡ് ചെയ്യും. തുടർന്നാണ് രണ്ടാം റൗണ്ട് എണ്ണുക. ഒരു മണ്ഡലത്തിൽ പതിനാല് റൗണ്ടുകൾ വരെയുണ്ടാകും.
സുരക്ഷ പഴുതടച്ച്
വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മതിലിന് പുറത്തുള്ള 100 മീറ്റർ പരിധിയിൽ ലോക്കൽ പൊലീസും മതിലിനുള്ളിലും വോട്ടെണ്ണുന്ന ഹാളിലും പൊലീസിന്റെ സായുധ സേനയും സുരക്ഷ ഒരുക്കും. ഗേറ്റിലെ സുരക്ഷ സി.ആർ.പി.എഫിനാണ്. സ്ഥാനാർത്ഥി, കൗണ്ടിംഗ് ഏജന്റുമാർ, ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുള്ളൂ.
140 കേന്ദ്രങ്ങൾ
29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ഒാരോ കേന്ദ്രത്തിലും 14 ടേബിളുകളു
ണ്ടാകും. തപാൽ വോട്ടിന് മാത്രമായി ഒരു ടേബിൾ ഉണ്ടാവും. ഒരു റൗണ്ട് എണ്ണിത്തീരാൻ 45 മിനിട്ട് ആണ് എടുക്കുക. അതുകൊണ്ട് തന്നെ ആദ്യ ട്രെൻഡ് രാവിലെ 9 മണിയോടെ അറിയാൻ കഴിയും. യന്ത്രത്തിലെ എണ്ണലിന് ശേഷമാണ് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുക.