ന്യൂഡൽഹി: ഉദ്വേഗഭരിതമായ അന്തരീക്ഷത്തിലായിരിക്കും നാളെ രാജ്യം. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ അന്തിമ ഫലത്തിനായി കാതോർക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. എക്സിറ്ര് പോൾ ഫലങ്ങൾ നരേന്ദ്രമോദിയുടെ തുടർഭരണം പ്രവചിച്ചതോടെ ആഹ്ളാദത്തിലാണ് ബി.ജെ.പി ക്യാമ്പ്. നാളെ ഫലം പുറത്തുവരുന്നതോടെ ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. ബി.ജെ.പി ആസ്ഥാനത്തെ മുറ്റത്ത് പന്തൽ ഒരുങ്ങിക്കഴിഞ്ഞു.
എന്നാൽ, പ്രതിപക്ഷ കക്ഷികളാവട്ടെ എക്സിറ്ര് പോൾ പ്രവചനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നില്ല. യഥാർത്ഥ ഫലം പുറത്തുവരട്ടെ എന്ന നിലപാടിലാണ് അവർ. എങ്കിലും ആശങ്കയും ആശയക്കുഴപ്പവും പ്രതിപക്ഷ ക്യാമ്പിലുണ്ട്.
ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ എൻ.ഡി.എ ഇതര കക്ഷികളെയെല്ലാം ഒരുമിച്ചു കൂട്ടി മന്ത്രിസഭയുണ്ടാക്കാം എന്നാണ് പ്രതിപക്ഷ കക്ഷികളുടെ കണക്കുകൂട്ടൽ.
അതേസമയം, നാളെ ഫലം പുറത്തുവരുമ്പോൾ വലിയ ഭരണ വിരുദ്ധ വികാരം ഉണ്ടാവില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാരുണ്ടാക്കാമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു. 300ലധികം സീറ്ര് ബി.ജെ.പി ക്ക് മാത്രം ലഭിക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വിലയിരുത്തിയിട്ടുണ്ട്. മോദിയുടെ വ്യക്തിപ്രഭാവം, ഭീകരതയ്ക്കെതിരായ നടപടികൾ, ബാലാകോട്ട് സൈനികാക്രമണം എന്നിവയൊക്കെ മുന്നിൽ നിറുത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷ കക്ഷികളുടെ അനൈക്യവും ബി.ജെ.പി മുതലാക്കി. മോദി-രാഹുൽ ഏറ്റുമുട്ടലിൽ വിജയം തങ്ങൾക്ക് ഒപ്പമാകുമെന്ന് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ പ്രതീക്ഷിക്കുന്നു. അതേസമയം, പ്രതിപക്ഷ കക്ഷികൾ പലതും ഐക്യശ്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ വന്നാൽ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യം പ്രതിപക്ഷ കക്ഷികൾ ചർച്ച ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എക്സിറ്ര് പോൾ ഫലം വന്നതോടെ ഇതിന് ഉലച്ചിൽ തട്ടിയിട്ടുണ്ട്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും വൻതിരിച്ചടി എന്ന എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അങ്ങനെ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രധാനമന്ത്രി പദത്തിൽ വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് കോൺഗ്രസ് ഒരുവേള പറഞ്ഞിരുന്നു. പിന്നിടത് പാർട്ടി തിരുത്തുകയും ചെയ്തു. നാളെ ഫലം പുറത്തുവരുമ്പോൾ തൂക്കുസഭയാണ് നിലവിൽ വരുന്നതെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മറ്റ് രാഷ്ട്രീയ കക്ഷികളുടെ സഖ്യത്തിന് ശ്രമമുണ്ടായേക്കാം. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ കർണാടകത്തിലെ കോൺഗ്രസ് -ജെ.ഡി.എസ് മന്ത്രിസഭയുടെയും മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെയും ഭാവി അവതാളത്തിലാകും. എക്സിറ്റ് പോൾ പ്രവചനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ഭരണം പിടിക്കാനുള്ള ശ്രമം ബി.ജെ.പി തുടങ്ങിയത് ചർച്ചയായിരുന്നു.
കേന്ദ്രത്തിൽ ബി.ജെ.പിക്ക് അധികാരം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ കക്ഷികൾക്ക് ഐക്യത്തോടെ എത്രകാലം പ്രവർത്തിക്കാമെന്ന ചോദ്യവും ഉയരും. വിജയിച്ചാൽ നോട്ട് നിരോധനം, ജി.എസ്. ടി, പാവപ്പെട്ടവർക്കുള്ള നിരവധി ക്ഷേമ പരിപാടികൾ എന്നിവയുടെ വിജയമായി ബി.ജെ.പി വിലയിരുത്തും. സാമ്പത്തിക പരിഷ്കരണ പരിപാടികൾ തുടരും. സർക്കാർ രൂപീകരിക്കാനുള്ള അവസരം കിട്ടിയാൽ, പ്രതിപക്ഷത്തിനാണെങ്കിൽ യുപി.എ ഒരു ഭാഗത്തും പ്രാദേശിക കക്ഷികൾ വേറെയായും മത്സരിച്ചതിനാൽ പൊതുവായി ഒരു മിനിമം പരിപാടി ഉണ്ടാക്കേണ്ടി വരും.