1

നേമം: കരമന- കളിയിക്കാവിള ദേശീയപാതയിലൂടെ യാത്രചെയ്താൽ മാലിന്യത്തിന്റെ ദുർഗന്ധം മാത്രമാണ്. റോഡിന് വശങ്ങളിൽ മാലിന്യങ്ങൾ മുന്നുകൂടുന്നു. ദിനം പ്രതികഴിയുമ്പോഴും മാലിന്യം നിറച്ച കവറുകളുടെയും ചാക്കുകളുടെയും എണ്ണം കൂടിവരികയാണ്. നഗരസഭ പ്രദേശങ്ങളായ കരമന, കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, വെള്ളായണി തുടങ്ങി ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ ജനത്തിന് മൂക്ക്പൊത്തി നടക്കേണ്ട അവസ്ഥയാണ്. പള്ളിച്ചൽ പഞ്ചായത്ത് പ്രദേശങ്ങളായ അയണിമൂട്, പാരൂർക്കുഴി, പള്ളിച്ചൽ സ്ഥലങ്ങളിലെയും അവസ്ഥയിൽ മാറ്റമില്ല. പ്രാവച്ചമ്പലം ചന്തയ്ക്ക് സമീപവും നേമം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വശങ്ങളിലും മാത്സ്യ- മാംസങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങളുടെ കൂമ്പാരമാണ്.

പുതിയ കാരയ്ക്കാമണ്ഡപത്തിൽ ദേശീയപാതയ്ക്ക് മധ്യഭാഗത്തുളള ഡിവൈഡറുകൾക്കിടയിൽ ചെടികൾ വളർന്നു നിൽക്കുന്ന ഭാഗം മറയാക്കിയാണ് മാലിന്യ നിക്ഷേപം നടത്തുന്നത്. കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ട്രാഫിക് സിഗ്നൽ പോയിന്റുകൾക്ക് സമീപത്തായി 12 ഒാളം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യ നിക്ഷേപത്തിന് കുറവില്ല. ഈ ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി നടപടി സ്വീകരിക്കുവാൻ കഴിയുമെങ്കിലും അധികൃതർ അതിന് മിനക്കെടാറില്ലെന്നും ആക്ഷേപമുണ്ട്. സമീപത്തുളള ഇറച്ചി-പച്ചക്കറി വില്പന കേന്ദ്രങ്ങളിൽ നിന്നുളള മാലിന്യങ്ങളാണ് വ്യാപകമായി ഇവിടെ നിക്ഷേപിക്കുന്നത്. കൂടാതെ ഹോട്ടലുകളിലും വിവിധ സ്ഥലങ്ങളിൽ നിന്നുളള അനധികൃത അറവുശാലകളിൽ നിന്നുളള മാലിന്യങ്ങളും ഇരുട്ടിന്റെ മറവിൽ ഇരുചക്രവാഹനങ്ങളിലും ഒാട്ടോകളിലും എത്തി നിക്ഷേപിക്കുന്നുണ്ട്.