2

വിഴിഞ്ഞം: മാതാപിതാക്കളുടെ മരണത്തോടെ ഒറ്റയ്ക്കായ പ്ലസ് ടു വിദ്യാർത്ഥി തുടർപഠനത്തിനായി സഹായം തേടുന്നു. ആഴാകുളം വടക്കുംകര വീട്ടിൽ എം. ആര്യയാണ് സന്മനസുകളുടെ സഹായം തേടുന്നത്. കമലേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ആര്യ. ഏഴ് വർഷം മുൻപ് പിതാവ് അശോകനും മൂന്ന് മാസം മുൻപ് മാതാവ് മഞ്ജുവും മരിച്ചതോടെ അമ്മൂമ്മ ശാരദയുടെ സംരക്ഷണത്തിലാണ് ആര്യ കഴിയുന്നത്. കൂലിപ്പണിക്കാരനായിരുന്ന അശോകൻ ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിച്ചതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. അതോടെ അമ്മ മഞ്ജു തോഴിലുറപ്പ് ജോലികൾക്കും മറ്റും പോയാണ് കുടുംബം പുലർത്തിയത്. എന്നാൽ ന്യൂറോ സംബന്ധമായ അസുഖത്തിൽ ഒന്നരവർഷത്തെ കിടപ്പിന് ശേഷം കഴിഞ്ഞ മാർച്ചിൽ മഞ്ജുവും മരിച്ചു. പിതാവിന് പുറമെ മാതാവിന്റെയും മരണം ആര്യയ്ക്ക് മറ്റൊരാഘാതമായി. മഞ്ജുവിന്റെ മരണശേഷം തൊഴിലുറപ്പിലൂടെ ലഭിച്ചിരുന്ന ചെറിയൊരു വരുമാനവും നിലച്ചു. അമ്മൂമ്മ ശാരദയ്ക്ക് ലഭിക്കുന്ന വാർദ്ധക്യ പെൻഷനും ഓട്ടോ ഡ്രൈവറായ മറ്റൊരു ചെറുമകൻ ദിവസവും നൽകുന്ന 100 രൂപയുമാണ് ഇപ്പോഴുള്ള ഏകവരുമാനം. ഇവരുടെ ബുദ്ധിമുട്ടു നേരിൽ കണ്ട നാട്ടുകാരും ചെറിയ സഹായങ്ങൾ നൽകാറുണ്ട്.
ഇപ്പോൾ അമ്മൂമ്മയോടൊപ്പം കഴിയുന്ന ആര്യയ്ക്ക് തുടർപഠനം നടത്താൻ താല്പര്യമുണ്ടെന്നും ആരോഗ്യ സ്ഥിതി മോശമായ 75 വയസായ അമ്മൂമ്മയുടെ സംരക്ഷണത്തിനും തന്റെ തുടർ പഠനത്തിനുമായി സഹായമഭ്യർത്ഥിച്ചുകൊണ്ട് ആര്യ ജില്ലാ കളക്ടർക്കു അപേക്ഷ നൽകി കാത്തിരിക്കുകയാണ്. കരുണയുള്ളവരുടെ സഹായം പ്രതീഷിച്ചുകൊണ്ട് കാനറാ ബാങ്കിന്റെ മണക്കാട് ശാഖയിൽ 2906108005532 ifsc : CNRB 0002906 എന്ന നമ്പറിൽ ഒരു അക്കൗണ്ട് തുറന്നിരിക്കുകയാണ് ആര്യ.ഫോൺ: 9400987640