തിരുവനന്തപുരം: പഴവങ്ങാടി ജംഗ്‌ഷനിലെ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചത് തലസ്ഥാന നഗരത്തെ മണിക്കൂറുകൾ ആശങ്കയിലാഴ്ത്തി. എം.ജി റോഡിലെ ചെല്ലം അംബ്രല്ല മാർട്ടിനും ഗോഡൗണിനുമാണ് ഇന്നലെ രാവിലെ 9.30 ഓടെ തീപിടിച്ചത്. ഇതിനോട് ചേർന്നുള്ള സുപ്രീം ലെതർ വർക്‌സ് ഗോഡൗണിന്റെ താഴത്തെ നിലയും കത്തിയമർന്നു.
കടയിൽ നിന്ന് പുക ഉയരുന്നതുകണ്ട സമീപത്തെ കടകളിലുള്ളവരാണ് ഫയർഫോഴ്സിനെയും കടയുടമ പേട്ട സ്വദേശി രവികുമാറിനെയും പൊലീസിനെയും വിവരമറിയിച്ചത്. ഉടമയെത്തി കട തുറന്നപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. കുടകൾ, ബാഗുകൾ എന്നിവയടക്കം സ്കൂൾ കുട്ടികൾക്ക് വേണ്ട സാധനങ്ങളും റെയിൻകോട്ടുകളും മെത്തകളുമാണ് കടയിലുണ്ടായിരുന്നത്. സാധാരണ ഒരു കോടി രൂപയുടെ സാധനങ്ങൾ കടയിൽ ഉണ്ടാവും. സ്കൂൾ സീസണായതിനാൽ അതിൽ കൂടുതൽ സ്റ്റോക്ക് ചെയ്തിരുന്നു. ഇവയെല്ലാം കത്തിച്ചാമ്പലായി. രണ്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സുപ്രീമിന് 40 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
പൊലീസും ചെങ്കൽച്ചൂളയിൽ നിന്നുള്ള ഫയർഫോഴ്സും എത്തുമ്പോൾ കടയിൽ പ്രവേശിക്കാനാവാത്ത വിധം തീ ആളിപ്പടർന്നിരുന്നു. കടയ്ക്കു മുന്നിൽ നിറുത്തിയിട്ട വാഹനത്തിന് മുകളിൽ നിന്ന് വെള്ളം ചീറ്റി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ചാക്ക, വിഴിഞ്ഞം, വർക്കല, പാറശാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. കടയുടെ പിൻഭാഗത്ത് കടന്നുചെല്ലാൻ വഴിയില്ലാത്തതും പ്രതിസന്ധിയായി. നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം പാർത്ഥാസ് വസ്ത്രശാലയ്ക്ക് സമീപത്തുള്ള ഇടവഴിയിലൂടെ എത്തി കടയുടെ പിൻവശത്തെ തീ അണയ്ക്കാനും ശ്രമിച്ചു. എന്നിട്ടും തീ ശമിക്കാതെ വന്നതിനാൽ 10.40ഓടെ വിമാനത്താവളത്തിലെ അഗ്നിശമന സേനയുടെ പാന്തറെത്തി അതിവേഗത്തിൽ വെള്ളം ചീറ്റിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പാർത്ഥാസിൽ നിന്നുള്ള വെള്ളവും തീ കെടുത്താനായി ഉപയോഗിച്ചു. ഉച്ചയ്ക്ക് 12.45 ഓടെ അഗ്നിശമന സേനാംഗങ്ങൾ കടയ്ക്കുള്ളിൽ പ്രവേശിച്ചു. തീപിടിത്തമുണ്ടായ കടയുടെ ഇരുവശത്തുമായി നിരവധി വ്യാപാരസ്ഥാപനങ്ങളാണ് ഞെങ്ങിഞെരുങ്ങി പ്രവർത്തിക്കുന്നത്. തീ പടരാതെ തടഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടസാദ്ധ്യത കണക്കിലെടുത്ത് സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ നെടുമങ്ങാട് യൂണിറ്റിലെ എട്ടും തിരുവനന്തപുരം യൂണിറ്റിലെ രണ്ടും ഫയർമാന്മാർക്ക് പരിക്കേറ്റു.
തീ പിടിച്ചത്?
തിങ്കളാഴ്ച രാത്രി ജീവനക്കാർ കടയുടെ പിറകുവശത്ത് വേസ്റ്റുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇത് പൂർണമായും കെടുത്താതിരുന്നതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. എല്ലാ ദിവസവും രാത്രി 9.30ന് കട അടച്ചശേഷം വേസ്റ്റുകൾ കൂട്ടിയിട്ട് കത്തിക്കാറുണ്ടെന്നും ഇന്നലെയും അങ്ങനെ ചെയ്തിരുന്നതായും കട ഉടമ രവികുമാറും പറഞ്ഞു.
''തീയണയ്ക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനം കടയിൽ ഉണ്ടായിരുന്നില്ല. കടയ്ക്കുള്ളിൽ സാധനങ്ങൾ കൂട്ടിയിട്ടിരുന്നതിനാൽ വെള്ളം ചീറ്റാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. തീയണയ്ക്കാൻ ഇത് കൂടുതൽ പ്രയാസമുണ്ടാക്കി.
-ആർ. പ്രസാദ്, ഫയർഫോഴ്‌സ് ടെക്‌നിക്കൽ ഡയറക്ടർ
തലവേദനയായി മൊബൈൽ കാമറക്കാർ
തീപിടിത്തത്തെ തുടർന്ന് എം.ജി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമനസേനാംഗങ്ങളും പൊലീസും എരിപൊരികൊള്ളവേ സംഭവം പകർത്താൻ മൊബൈലുകളുമായി ആളുകൾ റോഡിനിരുവശത്തും തിങ്ങിക്കൂടി. ഇവരുടെ വകതിരിവില്ലാത്ത ശല്യം പൊലീസിന് വലിയ തലവേദനയായി. ഗതാഗതത്തിനും ഇവർ തടസമായി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ സി. ദിവാകരൻ, വി.എസ്. ശിവകുമാർ, ജില്ലാ കളക്ടർ കെ. വാസുകി, മേയർ വി.കെ. പ്രശാന്ത്, ഡി.സി.പി ആർ. ആദിത്യ തുടങ്ങിയവർ സ്ഥലത്തെത്തി.