തിരുവനന്തപുരം: രാജീവ് ഗാന്ധിയെ തേജോവധം ചെയ്യുന്ന നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കെ.പി.സി.സിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപിതാവിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് രാജീവ് ഗാന്ധിയെ ഇകഴ്‌ത്താൻ ശ്രമിക്കുന്നതും. ആധുനിക ഇന്ത്യയെ നയിക്കാൻ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന നേതാവായിരുന്നു രാജീവെന്നും ചെന്നിത്തല പറഞ്ഞു.
ഹിന്ദി ഹൃദയഭൂമികയിൽ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ കപടനാടകമാണ് മോദിയുടെ കേദാർനാഥ് യാത്രയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വോട്ടെടുപ്പ് പൂർത്തിയാകും മുമ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രിക്ക് കേദാർനാഥിൽ പോകാൻ അനുമതി നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അംഗീകരിക്കാനാവില്ല. കമ്മിഷന്റെ വിശ്വാസ്യതയാണവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ രാജ്യത്തിന്റെ അഭിമാനത്തെ മോദി വെല്ലുവിളിക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. റാഫേൽ ഇടപാടിൽ കോടികളുടെ അഴിമതി നടത്തിയ പെരുങ്കള്ളനായ മോദിക്ക് രാജീവ് ഗാന്ധിയുടെ പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്ണൻ, എം.എൽ.എമാരായ കെ.സി. ജോസഫ്, വി.ഡി. സതീശൻ, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, തെന്നല ബാലകൃഷ്ണപിള്ള, എൻ. ശക്തൻ, എൻ. പീതാംബരക്കുറുപ്പ്, പാലോട് രവി, പന്തളം സുധാകരൻ, വർക്കല കഹാർ, മണക്കാട് സുരേഷ്, ആർ. വത്സലൻ, കെ. വിദ്യാധരൻ, കൊറ്റാമം വിമൽകുമാർ, എം.എ. സലാം തുടങ്ങിയവരും പങ്കെടുത്തു.