ചിറയിൻകീഴ്: രാജീവ്ഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 28--ാം രക്തസാക്ഷിത്വദിനം ആചരിച്ചു. അഴൂർ വൃദ്ധസദനത്തിൽ നടന്ന അനുസ്മരണ പരിപാടി ഫോറം പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഇന്ത്യയുടെ ശില്പിയായ രാജീവ് ഗാന്ധിയോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ അഴൂർ ഗവ. എച്ച്.എസിൽ നിന്നും ഉന്നത വിജയം നേടിയ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥിനി അനഘാ രാജിനെ അനുമോദിച്ചു. ഡി.സി.സി അംഗം വി.കെ.ശശിധരൻ, അഴൂർ വിജയൻ, ജി.സുരേന്ദ്രൻ, എ.ആർ.നിസാർ, കെ. ഓമന, മാടൻവിള നൗഷാദ്, പനയത്തറ ലൈല, അഖിൽ അഴൂർ, അഴൂർ രാജു, സോനു തുടങ്ങിയവർ പങ്കെടുത്തു. വൃദ്ധസദനത്തിലെ അമ്മമാർക്ക് അന്നദാനം നടത്തി.